International
ഗസ്സയിലെ ഇന്തൊനേഷ്യന്‍ ആശുപത്രി വളഞ്ഞ് ഇസ്‌റാഈല്‍; 12 പേര്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ട 12 പേരില്‍ ഡോക്ടര്‍മാരും രോഗികളും ഉള്‍പ്പെടുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സ സിറ്റി| അല്‍ശിഫ ആശുപത്രിയില്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഗസ്സയിലെ പ്രധാന ആരോഗ്യകേന്ദ്രമായ ഇന്തൊനേഷ്യന്‍ ആശുപത്രി വളഞ്ഞ് ഇസ്‌റാഈല്‍ സൈന്യം. ആശുപത്രി ഇസ്‌റാഈല്‍ ടാങ്കുകള്‍ വളഞ്ഞിരിക്കുകയാണ്. പുറത്തിറങ്ങുന്ന ആരെയും വെടിവെക്കുന്ന സാഹചര്യമാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ട 12 പേരില്‍ ഡോക്ടര്‍മാരും രോഗികളും ഉള്‍പ്പെടുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍, ആശുപത്രിയില്‍ അഭയംതേടിയ സാധാരണക്കാര്‍ ഉള്‍പ്പെടെ 6000ത്തിലേറെ പേര്‍ ഇന്തൊനേഷ്യന്‍ ആശുപത്രിയിലുണ്ട്. അല്‍ശിഫ ആശുപത്രിയിലേതുപോലെ ഇവിടെ നിന്നും ആളുകളെ പുറത്താക്കുക എന്നതാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ ലക്ഷ്യം. അതീവ ഗുരുതരാവസ്ഥയിലുള്ള നൂറുകണക്കിന് രോഗികള്‍ ഈ ആശുപത്രിയിലുണ്ട്.
രോഗികള്‍ ആശുപത്രിയിലുള്ളിടത്തോളം തങ്ങള്‍ സേവനത്തിലുണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഉറച്ച തീരുമാനമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ കുദ്ര പറഞ്ഞു. ഇന്നലെ അല്‍ശിഫ ആശുപത്രിയിലെ മുഴുവനാളുകളെയും ഇസ്‌റാഈല്‍ സൈന്യം ഒഴിപ്പിച്ചിരുന്നു. മരണമേഖലയെന്നാണ് അല്‍ശിഫ സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടനയുടെ പ്രത്യേക ദൗത്യസംഘം ആശുപത്രിയെ വിശേഷിപ്പിച്ചത്.