International
ലബനാനിലും ജനവാസമില്ലാത്ത ബഫര്‍ സോണ്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍; അതിര്‍ത്തിയിലെ 11 ഗ്രാമങ്ങള്‍ ബോംബിട്ട് തകര്‍ത്തു
ശക്തമായ വ്യോമ കരയാക്രമണങ്ങളുടെ ഫലമായി ലബനാന്റെ ഭൂപടത്തില്‍ നിന്നും പൂര്‍ണമായി ഇല്ലാതായിരിക്കുകയാണ് റംയാഹ് എന്ന കൊച്ചുഗ്രാമം.
ബെയ്റൂത്ത് | ലബനാന്‍ പൗരന്മാര്‍ തലമുറകളായി കഴിഞ്ഞിരുന്ന തെക്കന്‍ ലബനാനിലെ ഗ്രാമങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയാണ് കഴിഞ്ഞ ഒരുമാസമായി ഇസ്‌റാഈല്‍ സൈന്യം.ഗസ അതിര്‍ത്തിയില്‍ നേരത്തെനിര്‍മിച്ച ബഫര്‍ സോണിന് സമാനമായി ജനവാസമില്ലാത്ത ഒരു ബഫര്‍ സോണ്‍ ഇവിടെയും സൃഷ്ടിക്കുക എന്നതാണ് ഇസ്‌റാഈല്‍ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്‌റാഈലുമായി അതിര്‍ത്തി പങ്കിടുന്ന ലബാനാന്റെ 6.5 കിലോമീറ്ററിലുള്ള
11 ഗ്രാമങ്ങളാണ് തകര്‍ത്തത്. ഓരോ ഗ്രാമത്തിലെയും 100 മുതല്‍ 500 വരെ കെട്ടിടങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ ബോംബിട്ടോ ആണ് തകര്‍ത്തതെന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന വിദഗ്ധര്‍ വ്യക്തമാക്കി.
ശക്തമായ വ്യോമ കരയാക്രമണങ്ങളുടെ ഫലമായി ലബനാന്റെ ഭൂപടത്തില്‍ നിന്നും പൂര്‍ണമായി ഇല്ലാതായിരിക്കുകയാണ് റംയാഹ് എന്ന കൊച്ചുഗ്രാമം. നിരവധി വീടുകളുണ്ടായ ഈ കുന്ന് ഒരു ചാരനിറത്തിലുള്ള അവശിഷ്ടം മാത്രമായി മാറിയിരിക്കുകയാണ്. സ്‌ഫോടക വസ്തുക്കളും മറ്റും ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും തകര്‍ത്ത് ലബനാന്റെ ഭൂപ്രദേശത്ത് പതാക ഉയര്‍ത്തുന്ന ദൃശ്യം ഇസ്‌റാഈല്‍ സൈന്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
ഗസയിലെ ഇസ്‌റാഈല്‍ ആക്രമണില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ കുറഞ്ഞത് 43,314 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 102,019 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.