Connect with us

From the print

ഗസ്സാമുനമ്പിനെ കീറിമുറിച്ച് ഇസ്‌റാഈൽ; റഫ പൂർണമായും സൈനിക വലയത്തിൽ

ഫയെ പൂർണമായും മറ്റു നഗരങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തി ‘സുരക്ഷാ മേഖല’യായി സൈന്യം പ്രഖ്യാപിച്ചു

Published

|

Last Updated

ജറൂസലം | ഗസ്സാ നഗരത്തിലും അയൽ പ്രദേശങ്ങളിലും പലായന ഉത്തരവ് പുറപ്പെടുവിച്ച് ഫലസ്തീനികളെ കുടിയിറക്കിയതിനു പിന്നാലെ തെക്കൻ ഗസ്സാ നഗരമായ റഫ പൂർണമായും വളഞ്ഞ് ഇസ്‌റാഈൽ സൈന്യം. റഫയെ പൂർണമായും മറ്റു നഗരങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തി ‘സുരക്ഷാ മേഖല’യായി സൈന്യം പ്രഖ്യാപിച്ചു.

റഫയിലെ ലക്ഷക്കണക്കിന് ഫലസ്തീനികളെ ആട്ടിയിറക്കിയാണ് സൈനിക നടപടി. സമുദ്രത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് ഞെങ്ങിഞെരുങ്ങി ഇനിയെന്തെന്നറിയാതെ നിൽക്കുകയാണ് ഫലസ്തീനികൾ. റഫക്കും ഖാൻയൂനുസിനും ഇടക്ക് സ്ഥിതി ചെയ്യുന്ന മുൻ ഇസ്‌റാഈൽ സെറ്റിൽമെന്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊറാഗ് ആക്‌സിസ് ആണ് സൈന്യം ആദ്യം പിടിച്ചെടുത്തത്. ഈ മാസം രണ്ടിനായിരുന്നു ഇത്. പിന്നീട് പതിയെ റഫാ നഗരം പൂർണമായും വളയുകയായിരുന്നു.
ഈജിപ്തിന്റെ തെക്കൻ അതിർത്തിയായ റഫയുടെ വിസ്തൃതി 60 ചതുരശ്ര കിലോമീറ്ററാണ്. ഈ പ്രദേശം പൂർണമായും പിടിച്ചടക്കിയതോടെ റഫയും ഖാൻയൂനുസും തീർത്തും ഒറ്റപ്പെട്ടു. അതിർത്തി നഗരമായ റഫ പിടിച്ചെടുത്തതോടെ പുറത്തുനിന്നുള്ള ഒരു സഹായവും ഫലസ്തീൻ പ്രദേശത്തേക്ക് എത്തില്ല. നേരത്തേ, റഫാ അതിർത്തി അടച്ചതിലൂടെ ഭക്ഷ്യ, മെഡിക്കൽ സഹായങ്ങളുമായി എത്തിയ ട്രക്കുകൾ ഗസ്സയിലേക്ക് കടക്കാനാകാതെ കാത്തുകെട്ടിക്കിടക്കുന്നത് വലിയ ചർച്ചയായിരുന്നു.

ആറ് മരണം
ഗസ്സയിൽ ഇസ്‌റാഈൽ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിൽ മാനുഷിക മേഖലയെന്ന് ഇസ്‌റാഈൽ വിശേഷിപ്പിക്കുന്ന അൽ മവാസിയിലെ ടെന്റുകൾക്ക് നേർക്കാണ് ആക്രമണമുണ്ടായത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും സൈന്യം ആക്രമണം നടത്തി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ വടക്കൻ നഗരമായ നബ്‌ലുസിലെ സെബാസ്റ്റിയ, വെസ്റ്റ്ബാങ്കിലെ ബുർഖിൻ, പടിഞ്ഞാറൻ ജനിൻ, ബുർഖ ഗ്രാമം, വടക്കുപടിഞ്ഞാറൻ നബ്‌ലുസ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.

കിഴക്കൻ ജറൂസലമിന് വടക്കായി ഖലന്ദിയ അഭയാർഥി ക്യാമ്പിലേക്ക് സൈന്യം അതിക്രമിച്ചുകയറി.
അതിനിടെ, ഗസ്സാ മുനമ്പിൽ നിന്ന് മൂന്ന് റോക്കറ്റുകൾ ഉപയോഗിച്ച് ഇസ്‌റാഈൽ സൈന്യത്തിനെതിരെ ഹമാസ് തിരിച്ചടിച്ചു. മൂന്ന് റോക്കറ്റുകൾ തടഞ്ഞുവെന്നും ആർക്കും പരുക്കില്ലെന്നും ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടു.

Latest