International
ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് 20,000 താമസക്കാരെ ഒഴിപ്പിക്കും:ഇസ്‌റാഈല്‍
അതിര്‍ത്തിയിലെ ചില പ്രദേശങ്ങള്‍ അടച്ചിട്ട സൈനിക മേഖലകളായി ഇസ്‌റാഈല്‍ ഇതിനകം പ്രഖ്യാപിച്ചിരുന്നു.
ജറുസലേം| കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ലെബനന്‍ അതിര്‍ത്തിയില്‍ നടത്തിയ ഷെല്ലാക്രമണത്തിനുശേഷം വടക്കന്‍ അതിര്‍ത്തിയിലെ വലിയ പട്ടണങ്ങളിലൊന്നായ കിര്യത് ഷ്‌മോനയില്‍ നിന്ന് 20,000ത്തിലധികം താമസക്കാരെ ഒഴിപ്പിക്കുമെന്ന് ഇസ്‌റാഈല്‍. ഇസ്‌റാഈല്‍, ലെബനന്‍ അതിര്‍ത്തിയില്‍ സ്ഥിരമായല്ലെങ്കിലും ഇടക്കിടെ ഏറ്റുമുട്ടലുകള്‍ നടത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തിയിലെ ചില പ്രദേശങ്ങള്‍ അടച്ചിട്ട സൈനിക മേഖലകളായി ഇസ്‌റാഈല്‍ ഇതിനകം പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ചയായി തുടരുന്ന ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷത്തിനിടെയാണ് ഇസ്‌റാഈല്‍, ലെബനന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ആറ് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന്റെ വീഡിയോഗ്രാഫറായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്.
അബ്ദുള്ളയേയും പരിക്കേറ്റ മറ്റ് ആറുപേരേയും ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ കാറുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ലെബനനില്‍ റോയിറ്റേഴ്‌സിന് വേണ്ടി ലൈവ് വീഡിയോ സിഗ്‌നല്‍ നല്‍കുന്ന സംഘത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട അബ്ദുള്ള. മരണത്തില്‍ റോയിറ്റേഴ്‌സ് അനുശോചനം രേഖപ്പെടുത്തി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.