Connect with us

International

ലബനാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്‌റാഈല്‍; വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ആക്രമണം പൂര്‍ണമായി നിര്‍ത്തണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.

Published

|

Last Updated

ബെയ്‌റൂത്ത്| ലബനാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം. ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ലബനാനിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ബുധനാഴ്ച നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിച്ചാണ് ഇസ്‌റാഈല്‍ വ്യോമാക്രമണവും വെടിവെപ്പും നടത്തുന്നത്.

ലബനാനില്‍ ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ യുദ്ധാറുതിയല്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ലയുടെ ചെറിയ നീക്കത്തിന് പോലും ശക്തമായ തിരിച്ചടി നല്‍കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇരുവരും ആക്രമണം പൂര്‍ണമായി നിര്‍ത്തണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.

അതേസമയം ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ഗസ്സയിലുടനീളം ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 96 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പുതിയ പലായന ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ബൈത്ത് ലഹിയയിലാണ് ഏറ്റവും കൂടുതല്‍ പേരെ കൊന്നൊടുക്കിയത്. ബൈത്ത് ലഹിയ, ജബലിയ, സൈത്തൂനിലെ അല്‍ ഫലാഹ് സ്‌കൂള്‍, റഫ തുടങ്ങിയിടങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്.

ബൈത്ത് ലഹിയയില്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ 12 പേരും ജബലിയയില്‍ രണ്ട് പേരും സൈത്തൂനില്‍ ആറ് പേരുമാണ് കൊല്ലപ്പെട്ടത്. റഫയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഗസ്സയുടെ തെക്കന്‍ ഭാഗമായ ഖാന്‍ യൂനുസിലാണ് നിര്‍ബന്ധിത കുടിയിറക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സ്വയം സുരക്ഷക്കായി മാനുഷിക മേഖലയിലേക്ക് മാറണമെന്നാണ് സൈന്യത്തിന്റെ ഉത്തരവില്‍ പറയുന്നത്.

 

 

 

Latest