Connect with us

International

കരാർ ലംഘിച്ച് ഇസ്റാഈൽ; ഗസ്സയിൽ വീണ്ടും ആക്രമണം

അഭയാർഥി ക്യാന്പിൽ ഫലസ്തീൻ കർഷകനെ വെടിവെച്ച് കൊന്നു; നാല് കമാൻഡർമാർ കൊല്ലപ്പെട്ടെന്ന് ഹമാസ്

Published

|

Last Updated

ഗസ്സാ സിറ്റി | വെടിനിർത്തൽ കരാറിന്റെ മൂന്നാം ദിവസമായ ഇന്നലെ ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ഇസ്റാഈൽ സൈന്യത്തിന്റെ വെടിവെപ്പ്. ബന്ദികളെ കൈമാറ്റം ചെയ്യുന്നതിനും ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കുന്നതിനുമായി പ്രഖ്യാപിച്ച നാല് ദിവസത്തെ വെടിനിർത്തൽ കരാറിനെ ദുർബലപ്പെടുത്തുന്ന നടപടിയാണ് ഇസ്റാഈലിന്റെ ഭാഗത്ത് നിന്നുണ്ടായത്. മഗാസീ അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഫലസ്തീൻ കർഷകൻ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് വക്താവ് അറിയിച്ചു.

വടക്കൻ ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഇസ്‌റാഈൽ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബന്ദികളെ വിട്ടയക്കുന്നത് ഹമാസ് വൈകിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇസ്‌റാഈൽ ആക്രമണമെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ, ആക്രമണത്തെ കുറിച്ച് പ്രതികരിക്കാൻ ഇസ്‌റാഈൽ സന്നദ്ധമായിട്ടില്ല.

അഭയാർഥി ക്യാമ്പിലെ ആക്രമണം ഇനിയുള്ള ബന്ദികളുടെ മോചനത്തെ ബാധിക്കുമെന്ന സൂചനയുമുണ്ട്. വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ട് ഫലസ്തീനികളെ വെള്ളിയാഴ്ച ഇസ്‌റാഈൽ സേന വെടിവെച്ച് കൊന്നിരുന്നു.

അതിനിടെ, ഇസ്‌റാഈൽ ആക്രമണത്തിൽ വടക്കൻ ഗസ്സയിലെ കമാൻഡർ അഹ്‌മദ് അൽ ഗൻദൂരടക്കം തങ്ങളുടെ നാല് കമാൻഡർമാർ കൊല്ലപ്പെട്ടെന്ന് ഹമാസ് വ്യക്തമാക്കി. എന്നാൽ, ആക്രമണം എപ്പോൾ നടന്നുവെന്നതിനെ കുറിച്ച് അവർ വ്യക്തമാക്കിയിട്ടില്ല.

Latest