Connect with us

International

ലബനനിൽ ഇസ്റാഈൽ വ്യോമാക്രമണം; പ്രത്യാക്രമണം നടത്തി ഹിസ്ബുല്ല; സംഘർഷം രൂക്ഷം

ലബാനാനിലെ അതിർത്തിപ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്ന് ലെബനനിലെ അൽ മയാദീൻ ടിവി റിപ്പോർട്ട് ചെയ്യുന്നു

Published

|

Last Updated

തെക്കൻ ലെബനൻ ഗ്രാമമായ ഖിയാമിൽ ഇസ്റാഈൽ ബോംബാക്രമണത്തിനിടെ പുക ഉയരുന്നു

ബെയ്റൂത്ത് | സംഘർഷം തുടരുന്നതിനിടെ ലബനാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്റാഈൽ. തെക്കൻ ലബാനാനിലെ അതിർത്തിപ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്ന് ലെബനനിലെ അൽ മയാദീൻ ടിവി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം 20 മിനുട്ടിലധികം നീണ്ടുനിന്നു. കൂനിൻ, ബെയ്ത് യാഹൂൻ, ഹദ്ദാത്ത, റഷാഫ്, തിരി പട്ടണങ്ങളിലെ വനപ്രദേശങ്ങൾ ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ലബാനാൻ ആക്രമണം നടത്താനുള്ള സാധ്യത മുന്നിൽ കണ്ട് ഇസ്റാഈൽ മുൻകൂർ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.

ഇസ്റാഈൽ ആക്രമണത്തിന് പിന്നാലെ, ലെബനനിൽ നിന്ന് ഇസ്റാഈൽ പ്രദേശത്തേക്ക് 150 ലധികം പ്രൊജക്‌ടൈലുകൾ ഹിസ്ബുല്ല പ്രയോഗിച്ചു. തങ്ങളുടെ സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം ആരംഭിച്ചതെന്ന് ഹിസ്ബുല്ല പറഞ്ഞു. പ്രത്യേക സൈനിക കേന്ദ്രങ്ങളും ഇസ്റാഈലിന്റെ അയൺ ഡോം പ്ലാറ്റ്‌ഫോമുകളും മറ്റ് സൈറ്റുകളും ആക്രമിച്ചതായി ഹിസ്ബുല്ല നേതാവ് അറിയിച്ചു.

വടക്കൻ ഇസ്റാഈലിലെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റിട്ടുണ്ട്. യുവതിയെ ചികിത്സയ്ക്കായി ഹൈഫയിലെ ബിനൈ സിയോൺ ആശുപത്രിയിലേക്ക് മാറ്റി. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഇസ്റാഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെൻ ഗുറിയോൺ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതായും ഇസ്റാഈൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

അതിനിടെ, ഹിസ്ബുല്ല ആക്രമണം തുടങ്ങിയ സാഹചര്യത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇസ്റാഈലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് അറിയിച്ചു. ഇസ്റാഈൽ പൗരന്മാർക്കെതിരായ ഭീഷണി തടയാൻ ലെബനനിൽ കൃത്യമായ സ്‌ട്രൈക്കുകൾ നടത്തിയതായി ഗാലന്റ് പറഞ്ഞു. ബെയ്‌റൂട്ടിലെ സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പൗരന്മാരെ രക്ഷിക്കാൻ തങ്ങളുടെ പക്കലുള്ള എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഹിസ്ബുല്ല ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു അജ്ഞാത സ്ഥലത്ത് ഉന്നതതല യോഗത്തിന് നേതൃത്വം നൽകുന്നതായി പ്രാദേശിക ഇസ്റാഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Latest