Connect with us

From the print

അത്താഴം തയ്യാറാക്കുന്നതിനിടെ ഇസ്‌റാഈൽ വ്യോമാക്രമണം ; ഗസ്സയിൽ രക്തരൂഷിത രാത്രി

നുസൈറാത്ത് അഭയാർഥി ക്യാമ്പിന് സമീപം 36 പേർ കൊല്ലപ്പെട്ടു . കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി സ്ത്രീകളും കുട്ടികളും

Published

|

Last Updated

ഗസ്സ | വിശുദ്ധ റമസാനിൽ നോമ്പെടുക്കാനുള്ള അത്താഴം തയ്യാറാക്കുന്നതിനിടെ ഫലസ്തീനികൾക്കു നേരെ ഇസ്‌റാഈലിന്റെ കൊടും ക്രൂരത. അൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിന് സമീപം ഫലസ്തീനികൾ താത്കാലിക ഷെൽട്ടറായി ഉപയോഗിക്കുന്ന കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. കുട്ടികളും ഗർഭിണികളും സ്ത്രീകളുമായിരുന്നു കെട്ടിടത്തിൽ കൂടുതലായി ഉണ്ടായിരുന്നത്. രാത്രിയിൽ സ്ത്രീകൾ നോമ്പ് അനുഷ്ഠിക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് വ്യോമാക്രമണമുണ്ടായത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയതായും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൃതദേഹങ്ങൾ പൊതിയാൻ ആവശ്യത്തിന് തുണിയില്ലാത്തതിനാൽ കൊല്ലപ്പെട്ട രണ്ട് കുട്ടികളെ ഒരു തുണിയിൽ പൊതിഞ്ഞ് ഖബറടക്കത്തിന് കൊണ്ടുപോയതും നൊമ്പരക്കാഴ്ചയായി. അൽ തബാത്തിബി കുടുംബത്തിലെ 19കാരനായ മുഹമ്മദ് അൽ തബാതിബിക്ക് ഉമ്മയെയും ഉപ്പയേയും അമ്മായിയെയും സഹോദരങ്ങളെയുമാണ് ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ടത്.

അൽ അഖ്‌സ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജറൂസലമിൽ ഏറെക്കുറെ വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയാഴ്ച ശാന്തമായിരുന്നെങ്കിൽ വടക്ക് ഗസ്സാ സിറ്റി മുതൽ തെക്ക് റഫാ നഗരം വരെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുകയെന്ന വാദമുയർത്തി സാധാരണക്കാർക്കു നേരെ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ് ഇസ്‌റാഈൽ സൈന്യം നടത്തുന്നത്.
ഗസ്സാ മുനമ്പിന്റെ തെക്കേ അറ്റത്തുള്ള നഗരമായ റഫയിൽ ആക്രമണം നടത്താനുള്ള പദ്ധതിക്ക് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഈ മേഖലയിൽ ഇസ്‌റാഈൽ വ്യോമാക്രമണം കടുപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന ഏകപക്ഷീയ ആക്രമണത്തിൽ പലായനം ചെയ്ത 15 ലക്ഷത്തോളം പേരാണ് റഫയിൽ അഭയം പ്രാപിച്ചിരിക്കുന്നത്.

ലബനാനിലും

തെക്കൻ ലബനാനിലെ ജിബായിൻ മേഖലയിലും ഇസ്‌റാഈൽ ആക്രമണം. ഷെൽ ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ലബനാനിലെ എൻ എൻ എ ന്യൂസ് ഏജൻസി റിപോർട്ട് ചെയ്തു. മർകബ, വസാനി നഗരങ്ങൾക്കു നേരെയും ഷെൽ ആക്രമണമുണ്ടായി. മേയിസ് അൽ ജബൽ നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് രണ്ട് മിസൈലുകൾ പതിച്ചെങ്കിലും ഇവ പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തമൊഴിവായി.
ആശങ്ക അറിയിച്ച് ജർമനി

റഫ ആക്രമിക്കാനുള്ള ഇസ്‌റാഈൽ സൈനിക നടപടിയിൽ ആശങ്ക രേഖപ്പെടുത്തി ജർമനി. ഗസ്സക്ക് വലിയ മാനുഷിക സഹായമാണ് ഇപ്പോൾ ആവശ്യമെന്നും അത് അനുവദിക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇസ്‌റാഈലിനോട് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഒലാഫ് കൂടിക്കാഴ്ച നടത്തും. ചെങ്കടൽ തുറമുഖ നഗരമായ അഖാബയിൽ നടക്കുന്ന കൂടിക്കാഴ്ചക്കുശേഷം ഷോൾസ് ഇസ്‌റാഈലിലേക്ക് തിരിക്കും. റഫയിലെ ആസൂത്രിത ആക്രമണത്തിൽ സാധാരണക്കാരാണ് വലിയ തോതിൽ കൊല്ലപ്പെടുന്നതെന്നും ഇതവസാനിപ്പിക്കുന്നതിനുള്ള കാര്യങ്ങൾ ഇസ്‌റാഈലുമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ നാല് ടൺ ദുരിതാശ്വാസ സാമഗ്രികൾ ഗസ്സയിലെത്തിച്ചതായി ജർമൻ വ്യോമസേന അറിയിച്ചു.