International
ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ സൈന്യം; 24 മണിക്കൂറിനിടെ 200 പേര്‍ കൊല്ലപെട്ടു
മധ്യ ഗസ്സയിലെ നുസെറാത്ത് ക്യാമ്പിൽ വിമാനങ്ങള്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തി
ഗസ്സ സിറ്റി | വെള്ളിയാഴ്ച്ച ഗസ്സ മുനമ്പിലെ ഖാൻ യൂനിസിൽ ഇസ്‌റാഈല്‍ നടത്തിയ ബോബാക്രമണത്തിലും വ്യോമാക്രമണത്തിലുമായി 24 മണിക്കൂറിനിടെ 200ഓളം പേര്‍ കൊല്ലപെട്ടു. മധ്യ ഗസ്സയിലെ നുസെറാത്ത് ക്യാമ്പില്‍ വിമാനങ്ങള്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഡിസംബറിന്റെ തുടക്കത്തില്‍ പിടിച്ചെടുത്ത പ്രധാന തെക്കന്‍ നഗരമായ ഖാൻ യൂനിസ് പൂര്‍ണമായി കൈയടക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍ സൈന്യം.
ഹമാസ് കമാന്‍ഡ് സെന്ററുകളിലും ആയുധ ഡിപ്പോകളിലും ഇസ്‌റാഈല്‍ സൈന്യം എത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഗാസ സിറ്റിയിലെ ഹമാസ് നേതാവ് യഹ്‍യ സിന്‍വാറിന്റെ വീടിന്റെ ബേസ്മെന്റിലെ ഒരു തുരങ്ക സമുച്ചയം തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
യുദ്ധം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ ഗാസയിലെ ഏകദേശം 2.3 ദശലക്ഷം ആളുകളും അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. പലപ്പോഴും പ്രായഭേതമന്യേ ആളുകള്‍ താല്‍ക്കാലിക ടെന്റുകളില്‍ അഭയം പ്രാപിക്കുകയോ തുറന്ന നിലത്ത് ടാര്‍പോളിനും പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കും കീഴില്‍ ഒതുങ്ങുകയോ ചെയ്യുന്നതാണ് കാഴ്ച്ച. 40 കിലോമീറ്റര്‍ ഇടുങ്ങിയ തീരപ്രദേശത്ത് ആളുകള്‍ തിങ്ങിപാര്‍ക്കുന്നതിനെ തുടര്‍ന്ന് ഇത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായി മാറികൊണ്ടിരിക്കുകയാണ്.
ഗസ്സയിൽ മൊത്തം മരണപെട്ടവരുടെ എണ്ണം 21,507 ആയി ഉയര്‍ന്നു. ഗസ്സയിലെ ജനസംഖ്യയുടെ ഏകദേശം 1% ആണ് ഇത്. ജീവിച്ചിരിക്കുന്നവരെ ബാധിക്കുമെന്ന കാരണത്താല്‍ ആയിരത്തോളം മൃതദേഹങ്ങളാണ് സംസ്‌കരിക്കാതെ ഇവിടങ്ങളിൽ കിടക്കുന്നത്.
അല്‍-ഖുദ്സ് ടിവിയില്‍ ജോലി ചെയ്യുന്ന ഒരു പലസ്തീനിയന്‍ പത്രപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സെന്‍ട്രല്‍ ഗസ്സ മുനമ്പിലെ നുസെറാത്ത് ക്യാമ്പിലെ വീടിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ 106 പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഗസ്സ സര്‍ക്കാര്‍ മാധ്യമ ഓഫീസ് അറിയിച്ചു.