Connect with us

International

ഇസ്‌റാഈല്‍ സൈന്യം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നു; ഗസ്സ ആരോഗ്യമന്ത്രാലയം

ആരോഗ്യപ്രവര്‍ത്തകരെയും ആരോഗ്യസംവിധാനങ്ങളെയും കരുതിക്കൂട്ടി ആക്രമിക്കുന്നത് അന്താരാഷ്ട്ര ധാരണകള്‍ പ്രകാരം യുദ്ധക്കുറ്റമാണ്.

Published

|

Last Updated

ഗസ്സ| ഇസ്‌റാഈല്‍ സൈന്യം ഗസ്സയിലെ ആരോഗ്യപ്രവര്‍ത്തകരെ മനപൂര്‍വ്വം ആക്രമിക്കുന്നതായി ആരോപണം. ആംബുലന്‍സിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും രണ്ട് പേര്‍ക്ക് പരിക്കേറ്റുവെന്നും ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അപകടകരമായ സാഹചര്യങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ സേവനം ചെയ്യുന്നത്. അവരെ സുരക്ഷിതരാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നുവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് പ്രതികരിച്ചു.

ആരോഗ്യപ്രവര്‍ത്തകരെയും ആരോഗ്യസംവിധാനങ്ങളെയും കരുതിക്കൂട്ടി ആക്രമിക്കുന്നത് അന്താരാഷ്ട്ര ധാരണകള്‍ പ്രകാരം യുദ്ധക്കുറ്റമാണ്. ഇസ്രാഈല്‍ യുദ്ധക്കുറ്റമാണ് ഗസ്സയില്‍ ചെയ്യുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, അഭയാര്‍ഥി ക്യാമ്പുകള്‍ തുടങ്ങിയവയെല്ലാം ഇസ്‌റാഈല്‍ ആക്രമിക്കുന്നു. എന്നാല്‍ ഈ നടപടിയെ ഇസ്‌റാഈല്‍ ന്യായീകരിക്കുന്നുമുണ്ട്. മേല്‍ പറഞ്ഞ ഇടങ്ങളില്‍ ഹമാസ് താവളമാക്കുന്നുവെന്നാണ് ഇസ്‌റാഈലിന്റെ വാദം.

ഇസ്‌റാഈല്‍ സൈന്യം യുദ്ധത്തിന്റെ അഞ്ചാം ദിനവും ഗസ്സയില്‍ വ്യോമാക്രമണം തുടരുകയാണ്. ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 പിന്നിട്ടു. 5000ത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇസ്‌റാഈലില്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നു. 2800ഓളം പേര്‍ക്ക് പരിക്കേറ്റു. സമ്പൂര്‍ണ ഉപരോധത്തിനുപിന്നാലെ ഗസ്സയില്‍ വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്.