Connect with us

From the print

ബൈത്ത് ലഹിയയിൽ സാധാരണക്കാരുടെ താമസ കേന്ദ്രത്തിൽ ഇസ്റാഈൽ ആക്രമണം; കൂട്ടക്കൊലയിൽ മരണം 109

നിരവധി ആളുകൾ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

Published

|

Last Updated

ഗസ്സ | വടക്കൻ ഗസ്സാ നഗരമായ ബൈത്ത് ലഹിയയിൽ താമസ കെട്ടിടം ആക്രമിച്ച ഇസ്‌റാഈൽ സൈന്യം 109 ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തു. ഡസൻ കണക്കിനാളുകൾക്ക് പരുക്കേൽക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 20 കുട്ടികളെങ്കിലും ഉണ്ടാകുമെന്നാണ് ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ. ആംബുലൻസുകൾക്കും പാരാ മെഡിക്കൽ സ്റ്റാഫിനും ഇവിടേക്ക് പെട്ടെന്ന് എത്താൻ സാധിച്ചിട്ടില്ല. നിരവധി ആളുകൾ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

അഞ്ചുനില കെട്ടിടം ബോംബിട്ട് തകർക്കുകയായിരുന്നു. ബൈത്ത് ലഹിയ, ജബലിയ, ബൈത്ത് ഹനൂൻ എന്നിവിടങ്ങളൽ ഒരു ലക്ഷത്തോളം ആളുകൾ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ കടുത്ത പട്ടിണിയിൽ കഴിയുകയാണെന്ന് ഫലസ്തീൻ സിവിൽ എമർജൻസി സർവീസ് ടീം അറിയിച്ച് മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് ഇസ്‌റാഈലിന്റെ കൊടും ക്രൂരത. ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ കമാൽ അദ്‌വാൻ ആശുപത്രി ആക്രമിച്ച് ഐ സി യു, ഓക്‌സിജൻ പ്ലാന്റ് തുടങ്ങിയവ ഇസ്‌റാഈൽ സൈന്യം തകർത്തതോടെ പരുക്കേറ്റവർക്ക് ചികിത്സ നൽകാനാകാതെ തകർന്ന ശരീരങ്ങളുമായി ആളുകൾ ഓടുന്ന കാഴ്ച ഹൃദയഭേദകമായി.
അതിനിടെ, മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിൽ ഇസ്‌റാഈൽ ആക്രമണത്തിൽ മാതാവും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു.

അറസ്റ്റ് തുടരുന്നു
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ബത്‌ലഹേം, ഖൽക്വിയ, നബ്‌ലുസ്, തുബാസ് എന്നിവിടങ്ങളിൽ നിന്നായി ഇസ്‌റാഈൽ സൈന്യം 15 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ഗസ്സാ ആക്രമണം ആരംഭിച്ച കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴ് മുതൽ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി 11,500ലധികം ഫലസ്തീനികളെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. അതിനിടെ, വടക്കൻ ഗസ്സയിൽ തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ സ്ഥിരീകരിച്ചു.

Latest