Uae
ഗസ്സയിൽ യു എ ഇ ആശുപത്രിക്ക് നേരെ ഇസ്റാഈൽ ആക്രമണം
അടിയന്തര ജീവനക്കാരെ സംരക്ഷിക്കണമെന്ന് യു എ ഇയുടെ മാനുഷിക ദൗത്യമായ ഓപറേഷൻ ഗാലന്റ്നൈറ്റ്

ദുബൈ | ഗസ്സയിൽ യു എ ഇയുടെ നിയന്ത്രണത്തിലുള്ള ഫീൽഡ് ആശുപത്രിക്ക് നേരെ ഇസ്റാഈൽ ആക്രമണം. സൈനിക നടപടികളിൽ നിന്നുള്ള ഷെല്ലാക്രമണത്തിൽ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചു. അടിയന്തര ജീവനക്കാരെ സംരക്ഷിക്കണമെന്ന് യു എ ഇയുടെ മാനുഷിക ദൗത്യമായ ഓപറേഷൻ ഗാലന്റ്നൈറ്റ് 3 വക്താവ് ആവശ്യപ്പെട്ടു.
ആർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ തെക്കൻ ഗസ്സ മുനമ്പിലെ റഫ നഗരത്തിൽ ഈ ആശുപത്രിയിലെ “നിരവധി പ്രധാന സൗകര്യങ്ങൾ’ നശിപ്പിക്കപ്പെട്ടു. 200 കിടക്കകളുള്ള ആശുപത്രിയുടെ തറകളിൽ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.വെടിനിർത്തൽ ലംഘിച്ചതിനുശേഷം പ്രദേശം നിരന്തരം ഇസ്രാഈലി ബോംബാക്രമണത്തിന് വിധേയമായി. “സംഭവം നടക്കുമ്പോൾ രണ്ട് ആളുകളെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസിക്കുകയായിരുന്നു.’ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗസ്സയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുപ്രധാന സേവനങ്ങൾ തുടരുന്നതിനും സൗകര്യം വേണം. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും പരിക്കേറ്റ ഫലസ്തീനികൾക്ക് വൈദ്യസഹായം നൽകുന്നത് തുടരേണ്ടതുണ്ട്. റഫയിലെ തുടർച്ചയായ ഷെല്ലാക്രമണങ്ങൾ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടും ആശുപത്രി സേവനങ്ങൾ നൽകാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്.
വിവിധ സ്‌പെഷ്യാലിറ്റികളിലായി ആശുപത്രിയിലെ മെഡിക്കൽ ടീമുകൾ ചെറുത് മുതൽ ഗുരുതരം വരെയുള്ള 1,780-ലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്ന് യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എൻക്ലേവിലെ ആശുപത്രികളെ സഹായിക്കുന്നതിനായി യു എ ഇ പത്ത് ആംബുലൻസുകളും 400 ടൺ മെഡിക്കൽ സാമഗ്രികളും നൽകി.