Connect with us

From the print

ലബനാനില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; 356 മരണം

ആക്രമണം എണ്ണൂറിലേറെ കേന്ദ്രങ്ങളില്‍. കൂട്ടപ്പലായനം.

Published

|

Last Updated

ജെറൂസലം/ ബെയ്റൂത്ത് | ലബനാനിലെ തെക്ക്, കിഴക്കന്‍ മേഖലകളിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 356 മരണം. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. 21 കുട്ടികളും 39 സ്ത്രീകളും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് ലബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2006ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണിത്. വടക്കന്‍ ഇസ്റാഈലിലെ മൂന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ലയും പ്രത്യാക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി.

ലബനാനിലെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുല്ലയുടെ എണ്ണൂറിലധികം കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു. നിരവധി വീടുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. തെക്കന്‍ മേഖലയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവരെ താമസിപ്പിക്കുന്നതിനായി സ്‌കൂളുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 89 താത്കാലിക കേന്ദ്രങ്ങള്‍ ഇതിനകം തുറന്നിട്ടുണ്ട്.

തെക്കന്‍ ലബനാന് പുറമെ ബെക്കാ താഴ്വര, സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖല, മധ്യ ലബനാന്‍ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. തീരദേശ നഗരമായ തയറില്‍ ആക്രമണം തുടരുകയാണ്.

ആക്രമണം തുടരും
ഇസ്റാഈലിന്റെ വടക്കന്‍ മേഖലയിലേക്ക് റോക്കറ്റ് ആക്രമണം നടത്താന്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മാറാന്‍ സാധാരണക്കാര്‍ക്ക് ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ആക്രമണം. ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് സൂചന നല്‍കി.

കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഐ ഡി എഫ് മേധാവി അനുമതി നല്‍കിയതായാണ് വിവരം. ഹിസ്ബുല്ല ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഇസ്റാഈലില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുമെന്ന് ഐ ഡി എഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

ഹിസ്ബുല്ല ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തു നിന്ന് മാറാന്‍ ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ നല്‍കിയിരുന്നു. ഹിസ്ബുല്ലയുടെ കീഴിലുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ സ്വയരക്ഷക്കായി മാറിത്താമസിക്കണമെന്നും സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. ഇത്തരം എണ്‍പതിനായിരത്തിലേറെ കോളുകള്‍ വന്നതായി ലബനാനിലെ ടെലികോം സേവന ദാതാവായ ഒഗേറോ അറിയിച്ചു. ഇത്തരത്തിലൊരു സന്ദേശം തന്റെ ഓഫീസിനും ലഭിച്ചതായി ലബനാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി സ്ഥിരീകരിച്ചു. ഇസ്റാഈല്‍ സൈനിക വക്താക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച മുന്നറിയിപ്പുകള്‍ക്ക് സമാനമാണ് ഈ സന്ദേശം.

സൈന്യത്തെ അയക്കും
യുദ്ധം നിര്‍ത്തിവെക്കാന്‍ യു എന്‍ ആവശ്യപ്പെട്ടു. ഇസ്‌റാഈലിന് പിന്തുണ നല്‍കുന്നതിനായി കൂടുതല്‍ യു എസ് സൈനികരെ പശ്ചിമേഷ്യന്‍ മേഖലകളിലേക്ക് അയക്കുമെന്ന് പെന്റഗണ്‍ ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്റൂത്തിന് സമീപം നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഇബ്റാഹീം അഖീല്‍, അഹ്മദ് വഹബി ഉള്‍പ്പെടെ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലബനാനില്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് വ്യാപകമായി പേജര്‍, വാക്കിടോക്കി ആക്രമണങ്ങളും നടന്നിരുന്നു.

Latest