Connect with us

From the print

ഇസ്‌റാഈൽ ഉപരോധം 40 ദിവസം പിന്നിട്ടു; ഫലസ്തീനികളെ വരിഞ്ഞുമുറുക്കി സൈന്യം

ഗസ്സാ മുനമ്പിൽ ഇസ്‌റാഈൽ ആക്രമണത്തിൽ 16 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ | വടക്കൻ ഗസ്സാ മുനമ്പിൽ ഇസ്‌റാഈൽ സൈന്യം ഏർപ്പെടുത്തിയ ഉപരോധം 40 ദിവസം പിന്നിട്ടു. ബൈത്ത് ലഹിയ, ജബലിയ, ബൈത്ത് ഹനൂൻ എന്നിവിടങ്ങളിലെ തങ്ങളുടെ വീടുകളിൽ നിന്ന് കുടിയൊഴിയാൻ വിസമ്മതിച്ച ഫലസ്തീനികളെ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവർക്ക് വെള്ളമോ ഭക്ഷണമോ മരുന്നോ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളോ ലഭിക്കുന്നില്ല. ഇവിടെ സാധരണക്കാർക്കു നേരെ ക്വാഡ് കോപ്റ്ററുകൾ ഉപയോഗിച്ച് വ്യാപക ആക്രമണവും നടത്തുന്നുണ്ട്. കുടിയിറങ്ങാത്തവരെ ശത്രുക്കളെന്ന് മുദ്ര കുത്തുകയാണ് സൈന്യം. ഭക്ഷണമോ വെള്ളമോ തേടി സഹായ ട്രക്കുകൾ അന്വേഷിച്ചിറങ്ങിയാൽ ഡ്രോൺ ഉപയോഗിച്ച് കൊലപ്പെടുത്തുകയാണ് സൈന്യം.

അതിനിടെ, അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നിന്ന് മുൻ തടവുകാരടക്കം 12 ഫലസ്തീനികളെ ഇസ്‌റാഈൽ സൈന്യം അറസ്റ്റ് ചെയ്തു. ഹെബ്രോൺ, നബ്‌ലുസ്, ജെനിൻ, ഖൽക്വിയ, സൽഫിത്ത് ഗവർണറേറ്റുകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ വീടുകൾക്ക് നാശം വരുത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴ് മുതൽ ഇസ്‌റാഈൽ ആക്രമണം ആരംഭിച്ചതു മുതൽ ഇതുവരെ വെസ്റ്റ്ബാങ്കിൽ നിന്നും കിഴക്കൻ ജറൂസലമിൽ നിന്നുമായി 11,700ലധികം ഫലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്.

ഗസ്സയിലാകെ 16 മരണം
ഗസ്സാ മുനമ്പിൽ ഇസ്‌റാഈൽ ആക്രമണത്തിൽ 16 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ റഫയിൽ ജനക്കൂട്ടത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിൽ മാനുഷിക മേഖലയെന്ന് ഇസ്‌റാഈൽ സൈന്യം തന്നെ പറയുന്ന അൽ മവാസിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ അഭയം തേടിയ കൂടാരത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയും തെക്കൻ ഗസ്സയുടെ പരിസര പ്രദേശമായ സബ്‌റയിൽ ഇസ്‌ലാമിക് കോംപ്ലക്‌സ് മസ്ജിദിനടുത്തുണ്ടായ പീരങ്കി ഷെൽ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. ആക്രമണത്തിൽ പ്രദേശത്തെ വീടുകളും റോഡുകളും തകർന്നു. കിഴക്കൻ ഗസ്സ നഗരമായ ഷുജയയിൽ വീടിന് നേർക്ക് പോർവിമാനങ്ങളിൽ നിന്നുള്ള ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും കൊല്ലപ്പെട്ടു. ഷുജയയിൽ സമാറ കുടുംബത്തിന്റെ വീടാണ് ആക്രമിച്ചത്.

Latest