International
ഇസ്‌റാഈല്‍ ബോംബിങ്ങ്; ലെബനാനില്‍ മേയറടക്കം ആറുപേര്‍ കൊല്ലപ്പെട്ടു
അടിയന്തര സഹായവിതരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കെയാണ് കെട്ടിടത്തിനു മേല്‍ വ്യോമാക്രമണം നടന്നത്.
ദുബൈ | ലെബനാന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം വ്യാപിപ്പിച്ച ഇസ്‌റാഈല്‍ തെക്കന്‍ മേഖലയിലെ മുനിസിപ്പാലിറ്റി കെട്ടിടത്തില്‍ ബോംബിട്ട് മേയറടക്കം ആറുപേരെ വധിച്ചു.
അടിയന്തര സഹായവിതരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കെയാണ് കെട്ടിടത്തിനു മേല്‍ വ്യോമാക്രമണം നടന്നത്. മേയര്‍ അഹ്മദ് കാഹിയും മറ്റ് അഞ്ചുപേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ബെയ്‌റൂത്ത് ഉള്‍പ്പെടെ ലെബനാന്റെ പരിസരങ്ങളിലുടനീളം നടന്ന കനത്ത വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 65 പേരാണ് കൊല്ലപ്പെട്ടത്. 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉപരോധം തുടരുന്ന വടക്കന്‍ ഗസ്സയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് യു എന്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.