Connect with us

from print

ഇസ്‌റാഈല്‍ ക്രൂരത: വടക്കന്‍ ഗസ്സയില്‍ ക്ഷാമം ആസന്നം

ജനസംഖ്യയുടെ നാലിലൊന്ന് ക്ഷാമ ഭീഷണിയിലെന്ന് യു എന്‍

Published

|

Last Updated

ഗസ്സാ സിറ്റി | നിരാശരും ഹതാശരുമായ ഫലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നത് ഇസ്‌റാഈല്‍ ‘വ്യവസ്ഥാപിതമായി’ തടയുന്നുവെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം അതിരൂക്ഷമായ സാഹചര്യത്തില്‍ ഗസ്സയിലെ ജനസംഖ്യയുടെ നാലിലൊന്നും പട്ടിണിയുടെ വക്കിലാണെന്ന് യു എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫലത്തില്‍ മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം ആവശ്യമാണ്, സഹായം എത്തിക്കുന്ന ട്രക്കുകള്‍ക്കു നേരെ ആക്രമണം നടത്തി കൊള്ളയടിക്കുകയാണെന്നും അധികൃതര്‍ കുറ്റപ്പെടുത്തി.

പ്രദേശത്ത് ഭക്ഷണം ശേഖരിക്കാന്‍ ഒത്തുകൂടിയ ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ സൈന്യം വീണ്ടും വെടിയുതിര്‍ത്തതായി വടക്കന്‍ ഗസ്സയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനിടയിലാണ് മുന്നറിയിപ്പ് വന്നത്. ദിവസേനയുള്ള വ്യോമാക്രമണങ്ങള്‍, വടക്കന്‍, മധ്യ ഗസ്സയിലേക്കുള്ള കര ആക്രമണം, ഉപരോധം എന്നിവ പ്രദേശത്ത് രൂക്ഷമായ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുന്നു. ഗസ്സയിലെ ജനസംഖ്യയുടെ നാലിലൊന്ന് ക്ഷാമത്തില്‍ നിന്ന് ഒരു ചുവട് മാത്രം അകലെയാണെന്ന് യു എന്‍ മാനുഷിക ഏജന്‍സി (ഒ സി എച്ച് എ) യുടെ ഡെപ്യൂട്ടി ചീഫ് രമേഷ് രാജസിംഹം പറഞ്ഞു.

വടക്കന്‍ ഗസ്സയില്‍ രണ്ട് വയസ്സിന് താഴെയുള്ള ആറ് കുട്ടികളില്‍ ഒരാള്‍ക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുണ്ട്. 2.3 ദശലക്ഷം ആളുകളും അതിജീവിക്കാന്‍ അപര്യാപ്തമായ ഈ ഭക്ഷ്യവിതരണത്തെ ആശ്രയിക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കില്‍, ഗസ്സയില്‍ വ്യാപകമായ ക്ഷാമം നേരിടുമെന്നും പട്ടിണി കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുമെന്നും ഞങ്ങള്‍ ഭയപ്പെടുന്നു. വടക്കന്‍ ഗസ്സയില്‍ ക്ഷാമം ആസന്നമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വിപുലീ കരിക്കാനും വര്‍ധിപ്പിക്കാനും തയ്യാറാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു എഫ് പി) പറഞ്ഞു,
ഗസ്സക്കെ തിരായ ഇസ്‌റാഈല്‍ യുദ്ധം, അഞ്ചാം മാസത്തില്‍ എത്തിയപ്പോള്‍ 29,878 ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരില്‍ ഭൂരിഭാഗവും ഒന്നുമറിയാത്ത സ്ത്രീകളും കുട്ടികളുമാണ്.

പടം: വിമാനത്തില്‍ നിന്ന് വീഴുന്ന ഭക്ഷണം ശേഖരിക്കാനായി തെക്കന്‍ ഗസ്സയിലെ ബീച്ചില്‍ ഒത്തുകൂടിയ ഫലസ്തീനികള്‍