Connect with us

International

15 വയസ്സുള്ള ഫലസ്തീന്‍ ബാലന് 18 വര്‍ഷം തടവും 72.21 ലക്ഷം രൂപ പിഴയും വിധിച്ച് ഇസ്രാഈല്‍ കോടതി

270ലേറെ ഫലസ്തീന്‍ കുട്ടികള്‍ കഠിന തടവില്‍ ഇസ്രാഈല്‍ ജയിലുകളില്‍ കഴിയുന്നു

Published

|

Last Updated

ടെല്‍ അവീവ് | 15 വയസ്സ് മാത്രം പ്രായമുള്ള ഫലസ്തീനി ബാലന് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇസ്രാഈല്‍ കോടതി. കൂടാതെ 300000 ഷെക്കല്‍ (72.31 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും കുട്ടിക്ക് മേല്‍ ചുമത്തി. രണ്ട് വര്‍ഷം മുമ്പ് നടന്ന വെസ്റ്റ് ബാങ്കിലെ അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2023 ഫെബ്രുവരിയിലാണ് മുഹമ്മദ് ബാസില്‍ സല്‍ബാനിയെന്ന കുട്ടിയെ ഇസ്രാഈല്‍ അറസ്റ്റ് ചെയ്തത്.

13 വയസ്സുള്ള സബാനിയെ രണ്ട് വര്‍ഷം വിചാരണ തടവിലിട്ടാണ് ഇസ്രാഈല്‍ കോടതി വിചാരണം പൂര്‍ത്തിയാക്കിയത്. അനധികൃതമായി ഇസ്രാഈല്‍ തടവിലിട്ടിരിക്കുന്ന നിരപരാധികളായ ഫലസ്തീനികളുടെ വിഷയം കൈകാര്യം ചെയ്യുന്ന ഫലസ്തീനിയന്‍ പ്രിസണര്‍ സൊസൈറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജറുസലേമിന് കിഴക്കുള്ള ഷുഫാത്ത് അഭയാര്‍ഥി ക്യാമ്പിലാണ് ബാസില്‍ സല്‍ബാനിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇസ്രാഈല്‍ അധിനിവേഷ സൈന്യത്തിനെ ചെറുത്തെന്ന പേരിലാണ്് സല്‍ബാനിയെ അറ്സ്റ്റ് ചെയ്തത്. പിന്നാലെ കുട്ടിയുടെ കുടുംബത്തിന്റെ വീടും ഇസ്രാഈല്‍ തകര്‍ത്തതായി ഫലസ്തീനിയന്‍ പ്രിസണേഴ്സ് സൊസൈറ്റി അറിയിച്ചു. ഷുഫാത്ത് ക്യാമ്പിലെ ചെക്ക് പോയിന്റില്‍ ഇസ്രാഈലി സൈനികന്‍ കൊല്ലപ്പെട്ട കേസിലാണ് സല്‍ബാനിയെ പ്രതിചേര്‍ത്തത്.

2024 നവംബറില്‍ ഇസ്രാഈല്‍ പാര്‍ലിമെന്റ് ഫലസ്തീനികളെ നിയമപരമായി അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വയസ്സ് 14 ആക്കി മാറ്റിയിരുന്നു. നിലവില്‍ 270ലേറെ ഫലസ്തീന്‍ കുട്ടികള്‍ കഠിന തടവില്‍ ഇസ്രാഈല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.

 

Latest