From the print
വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ സൈന്യം ഗർഭിണിയെ കൊന്നു
പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ അനുവദിച്ചില്ല
![](https://assets.sirajlive.com/2023/10/isreal-897x538.jpg)
ഗസ്സ | അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചു. ഫലസ്തീൻ പ്രദേശത്തെ നൂർ ശംസ് അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ എട്ട് മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. സോണ്ടോസ് ജമാൽ മുഹമ്മദ് ഷലാബി ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവിന് ഗുരുതര പരുക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ക്യാമ്പിലെ ഫലസ്തീൻ കുടുംബത്തിന് നേരെ ഇസ്റാഈൽ സൈന്യം യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കുകയായിരുന്നു.
പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ നിന്ന് ഇസ്റാഈൽ സൈന്യം തങ്ങളെ തടഞ്ഞതിനാൽ 23 കാരിയായ യുവതിയെയും ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ തുൽക്കറം മേഖലയിലെ ക്യാമ്പിൽ ഞായറാഴ്ച പുലർച്ചെയാണ് ഇസ്റാഈൽ സൈന്യം റെയ്ഡ് നടത്തി ആക്രമണം അഴിച്ചു വിട്ടതെന്ന് ഫലസ്തീനിലെ വഫ വാർത്താ ഏജൻസി പറത്തു വിട്ട റിപോർട്ടിൽ പറയുന്നു.
കനത്ത വെടിവെപ്പിന്റെയും വലിയ സ്ഫോടനങ്ങളുടെയും ശബ്ദങ്ങൾ കേട്ടതായി അൽ ജസീറയും റിപോർട്ട് ചെയ്തു.
തങ്ങളുടെ മെഡിക്കൽ ടീമുകളെ ക്യാമ്പിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇസ്റാഈൽ സൈനികർ തടഞ്ഞുവെന്ന് നേരത്തേ, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അധികൃതരും പറഞ്ഞിരുന്നു. ആക്രമണം നടത്തിയ പ്രദേശത്ത് ഇസ്റാഈൽ സേന കർഫ്യൂ ഏർപ്പെടുത്തി.
ജെനിൻ, തുൽക്കറമിലെ ക്യാമ്പുകൾ, തുബാസ് ഗവർണറേറ്റിലെ ഫർഅ എന്നിവ ലക്ഷ്യമാക്കി അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്ത് ഇസ്റാഈൽ സൈന്യം ആഴ്ചകൾ നീണ്ട സൈനിക ഓപറേഷൻ തുടരുന്നതിനിടെയാണ് നൂർ ശംസ് ക്യാമ്പിൽ റെയ്ഡ് നടന്നത്. ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ജെനിൻ, തുൽക്കറം എന്നിവിടങ്ങളിൽ നിന്ന് 26,000 ഫലസ്തീനികളെ മാറ്റിപ്പാർപ്പിച്ചു.
കഴിഞ്ഞ മാസം ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതു മുതൽ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുടനീളം ഇസ്റാഈൽ സൈന്യം ആക്രമണം അഴിച്ചുവിടുകയാണ്.