Connect with us

From the print

ഇസ്റാഈൽ വംശഹത്യ; ഫലസ്തീനികൾക്കുള്ള വിസ അഞ്ച് മടങ്ങ് വർധിപ്പിച്ച് കാനഡ

സാഹചര്യത്തിനനുസരിച്ച് കൂടുതൽ സഹായം നൽകും . ഇസ്റാഈൽ സൈനിക നടപടിയെ പിന്തുണക്കില്ല

Published

|

Last Updated

ഒട്ടാവ | കാനഡയിൽ കുടുംബത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്ന ഫലസ്തീനികൾക്ക് അഞ്ച് മടങ്ങ് വിസ നൽകുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. ഇത് യഥാർഥത്തിൽ വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതലാണ്. ഡിസംബറിൽ പ്രഖ്യാപിച്ച പ്രത്യേക പദ്ധതി പ്രകാരം അനുവദിച്ച 1,000 താത്കാലിക റസിഡന്റ് വിസകളിൽ അഞ്ചിരട്ടി വർധനവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗസ്സയിലെ മാനുഷിക ദുരന്തത്തിൽ ഞങ്ങൾ അതീവ ഉത്കണ്ഠാകുലരാണ്. കൂടാതെ 45 പേർ കൊല്ലപ്പെടാൻ കാരണമായ റഫയിലെ തീപ്പിടിത്തത്തിന് കാരണക്കാരായ ഇസ്റാഈലിന്റെ വ്യോമാക്രമണം ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ച് ആശങ്കാകുലരാണെന്നും മില്ലർ പ്രസ്താവനയിൽ അറിയിച്ചു

ഗസ്സയിൽ നിന്ന് പുറത്തേക്ക് വരുന്നത് നിലവിൽ സാധ്യമല്ലെങ്കിലും സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും മാറിയേക്കാം. വിസയുടെ പരിധി വർധിപ്പിക്കുന്നതോടെ, സാഹചര്യത്തിനനുസരിച്ച് കൂടുതൽ ആളുകളെ സഹായിക്കാൻ കാനഡ തയ്യാറാകുമെന്നും മില്ലർ പറഞ്ഞു. പ്രത്യേക വിസാ പദ്ധതിയുമായി ബന്ധമില്ലാത്ത 254 പേർ ഉൾപ്പെടെ 448 ഗസ്സക്കാർക്ക് താത്കാലിക വിസ നൽകിയിട്ടുണ്ടെന്നും 41 പേർ ഇതുവരെ കാനഡയിൽ എത്തിയിട്ടുണ്ടെന്നും മില്ലറുടെ വക്താവ് പറഞ്ഞു. ഞായറാഴ്ച രാത്രി ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ റഫ ക്യാമ്പിലുണ്ടായ തീപ്പിടിത്തം കാനഡ ഉൾപ്പെടെയുള്ള ആഗോള നേതാക്കളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. റഫയിൽ ഫലസ്തീൻ സിവിലിയന്മാരെ കൊന്നൊടുക്കിയ ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രസ്താവനയിൽ പറഞ്ഞു. റഫയിലെ ഇസ്റാഈൽ സൈനിക നടപടിയെ കാനഡ പിന്തുണക്കില്ലെന്ന് അവർ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലുൾപ്പെടെ ഗസ്സ വെടിനിർത്തൽ ആഹ്വാനത്തെ കാനഡ ആവർത്തിച്ച് പിന്തുണച്ചിരുന്നു.

Latest