Editorial
ഇസ്‌റാഈല്‍ അധിനിവേശം സിറിയയിലേക്കും
എന്തൊക്കെ വാദമുന്നയിച്ചാലും ബശ്ശാര്‍ അല്‍അസദിന്റെ പതനം മുതലാക്കുന്നത് ഇസ്‌റാഈലാണെന്ന സത്യം മറച്ചുവെക്കാനാകില്ല. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ഇസ്‌റാഈല്‍ അധിനിവേശം സംബന്ധിച്ച് അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയും യു എന്നിന്റെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബശ്ശാര്‍ അല്‍അസദ് നാടുവിട്ട ശേഷം സിറിയയിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ രണ്ട് കാര്യങ്ങള്‍ തെളിഞ്ഞു വരും. അസദ് വാഴ്ച അവസാനിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഹൈഅത്ത് തഹ്‌രീര്‍ അശ്ശാമിന്റെ നേതാവ് മുഹമ്മദ് ഹുസൈന്‍ അല്‍ശറാഅ് (അബൂ മുഹമ്മദ് അല്‍ജൂലാനി) രാജ്യത്ത് സുസ്ഥിരതയും സമാധാനവും കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട് എന്നതാണ് ഒന്നാമത്തെ വസ്തുത. എന്തെല്ലാം ആശങ്കകള്‍ ചൂണ്ടിക്കാട്ടാമെങ്കിലും സിറിയക്കാരുടെ പ്രതീക്ഷയും ആത്മവിശ്വാസവും അവിടെ നിന്നുള്ള വാര്‍ത്തകളില്‍ കാണാവുന്നതാണ്. പല രാജ്യങ്ങളിലായി അഭയാര്‍ഥികളായി അലയുന്ന സിറിയന്‍ ജനത സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാമെന്ന പ്രത്യാശയിലാണ്. യൂറോപ്യന്‍ യൂനിയന്‍, യു എസ്, തുര്‍ക്കിയ തുടങ്ങിയവയെല്ലാം പുതിയ ഭരണ സംവിധാനത്തോട് സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐ എസുമായും അല്‍ഖാഇദയുമായും സഹകരിച്ച തന്റെ പഴയ കാലത്തെ പൂര്‍ണമായി വകഞ്ഞു മാറ്റി, അന്നത്തെ സ്ഥാനപ്പേരായ അബൂ മുഹമ്മദ് ജൂലാനിയെന്ന നാമം തന്നെ ഉപേക്ഷിച്ചാണ് അല്‍ശറാഅ് ഭാരിച്ച ദൗത്യം തുടങ്ങിയിരിക്കുന്നത്.
ബശ്ശാര്‍ അല്‍അസദ് സ്ഥാനഭ്രഷ്ടനായതിന് ശേഷം രൂപപ്പെട്ട അധികാര ശൂന്യതയില്‍ നിന്ന് മുതലെടുക്കാന്‍ ബാഹ്യ ശക്തികള്‍ കൊണ്ടുപിടിച്ച ശ്രമം തുടങ്ങുകയും അതില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തുവെന്നതാണ് രണ്ടാമത്തെ വസ്തുത. പുതിയ ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ തന്നെ സംശയിക്കാവുന്ന വിധം ഒരു പ്രതിരോധവുമില്ലാത്ത ഏകപക്ഷീയ ആക്രമണമാണ് ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌റാഈലുമായി ഏറ്റുമുട്ടലിനില്ലെന്നും സിറിയന്‍ മണ്ണില്‍ നിന്ന് ജൂത രാഷ്ട്രത്തെ ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അല്‍ശറാഅ്. വിവിധ മിലീഷ്യകളുടെയും സായുധ സംഘങ്ങളുടെയും നിയന്ത്രണത്തിലായി ചിതറിക്കിടക്കുന്ന രാജ്യത്തെ ഒന്നിപ്പിച്ച് ദേശീയ വികാരത്തിലേക്ക് കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യം മുന്നിലുള്ളത് കൊണ്ടാണ് ഈ ഒഴിഞ്ഞു മാറലെന്ന് വേണമെങ്കില്‍ വാദിക്കാവുന്നതാണ്. സുസ്ഥിരത കൈവരിക്കും മുമ്പേ അയല്‍ രാജ്യവുമായി ഏറ്റുമുട്ടുന്നതിന്റെ അപ്രായോഗികതയും ചൂണ്ടിക്കാട്ടാവുന്നതാണ്. എന്നാല്‍ എന്തൊക്കെ വാദമുന്നയിച്ചാലും ബശ്ശാര്‍ അല്‍അസദിന്റെ പതനം മുതലാക്കുന്നത് ഇസ്‌റാഈലാണെന്ന സത്യം മറച്ചുവെക്കാനാകില്ല. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ഇസ്‌റാഈല്‍ അധിനിവേശം സംബന്ധിച്ച് അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയും യു എന്നിന്റെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
1974ലെ ഉടമ്പടി പ്രകാരം സിറിയക്കും ഇസ്‌റാഈലിനുമിടയില്‍ നിലവില്‍ വന്ന ബഫര്‍ സോണ്‍ പൂര്‍ണമായി ഇസ്‌റാഈലിന്റെ അധീനതയിലാക്കിയിരിക്കുന്നു. അസദ് സര്‍ക്കാറിന്റെ സൈനിക സംവിധാനങ്ങളിലേക്ക് നിരന്തരം വ്യോമാക്രമണം നടത്തിയ ഇസ്‌റാഈല്‍ ഇവ 80 ശതമാനത്തിലധികം തകര്‍ത്തുവെന്നാണ് അവകാശപ്പെടുന്നത്. അധിനിവിഷ്ട ജൂലാന്‍ കുന്നുകളില്‍ സമ്പൂര്‍ണ ആധിപത്യമുറപ്പിച്ചു. ദമസ്‌കസ് വരെ സയണിസ്റ്റ് സൈന്യം നീങ്ങി. അസദിന്റെ ആയുധങ്ങള്‍ തീവ്രവാദികളുടെ കൈയില്‍ എത്താതിരിക്കാനാണത്രെ ജൂതരാഷ്ട്രത്തിന്റെ ആക്രമണം. യഥാര്‍ഥ ലക്ഷ്യം സിറിയയെ നിരായുധമാക്കുകയാണ്. തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന ദുര്‍ബല പ്രദേശമായി സിറിയ മാറണം. ഫലസ്തീന്‍ അധിനിവേശത്തിലടക്കം ഇസ്‌റാഈലിനെ സായുധമായി വെല്ലുവിളിക്കുന്ന ഹിസ്ബുല്ലക്ക് ഇറാന്റെ പിന്തുണ ലഭിക്കുന്നത് സിറിയ വഴിയാണ്. ആ സിറിയയില്‍ കാലുറപ്പിക്കുന്നതിലൂടെ ഈ കൂട്ടുകെട്ട് തകര്‍ക്കുകയാണ് ജൂത രാഷ്ട്രം ചെയ്യുന്നത്. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുകയും 1967ലെ യുദ്ധത്തില്‍ പിടിച്ചടക്കുകയും ചെയ്ത ജൂലാന്‍ കുന്നുകളില്‍ ജൂത കുടുംബങ്ങളെ പാര്‍പ്പിക്കാനുള്ള പദ്ധതിയിലേക്ക് നെതന്യാഹു സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞു. ട്രംപ് നേരത്തേ അധികാരത്തിലിരുന്നപ്പോള്‍ തന്നെ ഈ നീക്കത്തിന് കളമൊരുങ്ങിയതാണ്. അന്ന് പക്ഷേ, അസദിന് റഷ്യയുടെ രക്ഷാകര്‍തൃത്വം കൂടി ഉണ്ടായിരുന്നതിനാല്‍ നടന്നില്ല.
ഇപ്പോള്‍ അസദ് വീഴുകയും സിറിയ പരിവര്‍ത്തന ഭരണസംവിധാനത്തിന്റെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഈ പദ്ധതികളെല്ലാം അതിവേഗം നടപ്പാക്കുകയാണ് ഇസ്‌റാഈല്‍. മേഖലയിലെ ഏറ്റവും ഉയരമുള്ള മൗണ്ട് ഹെര്‍മോണില്‍ 2025 അവസാനം വരെ ഇസ്‌റാഈല്‍ സൈന്യം നിലയുറപ്പിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് നെതന്യാഹു. അതീവ തന്ത്രപ്രധാനമാണ് മൗണ്ട് ഹെര്‍മോണ്‍. സയണിസ്റ്റ് അതിര്‍ത്തി വ്യാപന സ്വപ്‌നത്തില്‍ സിറിയ കൂടിയുണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ നീക്കങ്ങളുടെ ഭീകരത ബോധ്യപ്പെടുക.
ഐ എസിനെ നേരിടാനെന്ന പേരില്‍ അമേരിക്ക ആക്രമണം ശക്തമാക്കിയിട്ടുണ്ട്. യു എസ് യുദ്ധ വിമാനങ്ങള്‍ വട്ടമിട്ട് പറക്കുകയാണ്. ഒരു ഭാഗത്ത് എച്ച് ടി എസുമായി അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നു. മറുഭാഗത്ത് സൈനിക താവളങ്ങള്‍ കൂടുതല്‍ സജ്ജമാക്കുന്നു. സിറിയയില്‍ ഏത് പുതിയ ഭരണസംവിധാനം വന്നാലും ഇസ്‌റാഈലിന് ഭീഷണിയാകരുതെന്ന് ഉറപ്പ് വരുത്തുകയാണ് അമേരിക്ക. കുര്‍ദ് വംശീയ ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ്, സിറിയന്‍ നാഷനല്‍ ആര്‍മിയെന്ന പേരില്‍ തുര്‍ക്കിയയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘം, അല്‍ ഖാഇദയുമായി ബന്ധം സ്ഥാപിച്ച പഴയ ഗ്രൂപ്പുകളുടെ പുതിയ രൂപങ്ങള്‍, എച്ച് ടി എസിനോട് സഹകരിക്കാത്ത നിരവധി തീവ്ര സലഫി, ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍, അസദിനെ പിന്തുണച്ചിരുന്ന ശിയാ ഗ്രൂപ്പുകള്‍ ഇവരെയെല്ലാം ദേശീയധാരയില്‍ കൊണ്ടുവന്ന് ശക്തമായ സിറിയ സാധ്യമാക്കിക്കൊണ്ട് മാത്രമേ ഇസ്‌റാഈല്‍ അധിനിവേശത്തിന് തടയിടാനാകൂ. എച്ച് ടി എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്‌കാരങ്ങള്‍ ഈ ദിശയില്‍ മുന്നേറുമോ?