From the print
പെരുന്നാളിലും ഗസ്സയിൽ ഇസ്റാഈൽ കൂട്ടക്കൊല
22 പേർ കൂടി കൊല്ലപ്പെട്ടു

ഗസ്സ സിറ്റി/ കൈറോ | ഗസ്സയിൽ പെരുന്നാൾ ആഘോഷത്തിനിടയിലും ഇസ്‌റാഈൽ കൂട്ടക്കുരുതി. ഗസ്സ മുനമ്പിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നടന്ന ആക്രമണങ്ങളിൽ 22 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അൽ മവാസിയിൽ ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്‌റാഈൽ സൈനിക നടപടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് നേതൃത്വം തയ്യാറായില്ലെങ്കിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. വെടിനിർത്തൽ കരാറിന്റെ തുടർച്ചക്കായി ചർച്ച തുടരുന്നതിനിടെയാണ് ആക്രമണം നിർത്തില്ലെന്ന സൂചന നൽകി നെതന്യാഹു രംഗത്തെത്തിയത്.
അതേസമയം, മധ്യസ്ഥരായ ഈജിപ്തും ഖത്വറും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചു. രണ്ട് ദിവസം മുമ്പ് ലഭിച്ച വെടിനിർത്തൽ നിർദേശം അംഗീകരിച്ചതായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു. വെടിനിർത്തുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചയും അഞ്ച് വീതം ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നതാണ് കരാർ. ഇതിന്റെ വിശദാംശം പുറത്തുവന്നിട്ടില്ല. ഇക്കാര്യത്തിൽ നെതന്യാഹു നിരവധി കൂടിയാലോചനകൾ നടത്തിയതായാണ് വിവരം. ഇസ്‌റാഈൽ ഇതുവരെ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യു എസിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചക്ക് പിന്നാലെ ജനുവരിയിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നു. മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു കരാർ. കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്റാഈൽ വീണ്ടും ആക്രമണം കടുപ്പിച്ചത്. താത്കാലിക വെടിനിർത്തൽ ദീർഘിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്നുമുള്ള യു എസ് നിർദേശം അംഗീകരിക്കണമെന്ന നിലപാടിലാണ് ഇസ്റാഈൽ.
ആയുധം ഉപേക്ഷിക്കണം
സൈനിക നടപടിയിലൂടെ ഹമാസിന് മേൽ ശക്തമായ സമ്മർദം ചെലുത്താൻ സാധിക്കുന്നുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ചർച്ചകൾക്ക് സന്നദ്ധമല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട നെതന്യാഹു, ഹമാസ് ആയുധമുപേക്ഷിക്കാതെ സമാധാനം സാധ്യമാകില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.
ഹമാസ് ആയുധമുപേക്ഷിക്കാൻ തയ്യാറായാൽ നേതാക്കൾക്ക് സുരക്ഷിതമായി ഗസ്സ വിടാൻ അവസരമൊരുക്കും. ട്രംപ് പ്ലാൻ നടപ്പാക്കാൻ ഇസ്‌റാഈൽ പ്രതിജ്ഞാബദ്ധമായിരിക്കും. ഗസ്സയുടെ സുരക്ഷ ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സാ നിവാസികളെ മുഴുവൻ കുടിയൊഴിപ്പിച്ച് ആ പ്രദേശം ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കുകയെന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി.