From the print
വെസ്റ്റ്‌ബേങ്കിലും ഇസ്‌റാഈൽ കൂട്ടക്കൊല; ക്യാമ്പുകളിൽ ചോരപ്പുഴ
അഭയ കേന്ദ്രങ്ങളിലടക്കം ആക്രമണങ്ങളിൽ 34 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു
ഗസ്സ | തെക്കൻ ഗസ്സാ മുനമ്പിലെ ഖാൻ യൂനുസിലേക്ക് കൂടുതൽ യുദ്ധ ടാങ്കുകളുമായി ഇസ്‌റാഈൽ. ഗസ്സയിലുടനീളം നടത്തിയ ആക്രമണത്തിൽ ഇന്നലെ 34 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടതായി ആരോഗ്യ അധികൃതർ അറിയിച്ചു.
അപ്രതീക്ഷിതമായി ഖാൻ യൂനുസ് നഗരത്തിന്റെ മധ്യഭാഗത്ത് ഇസ്‌റാഈൽ ടാങ്കുകളെത്തുകയും മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കൽ ഉത്തരവ് നൽകുകയുമായിരുന്നു. സുരക്ഷിതത്വത്തിനായുള്ള പലായനത്തിനിടെ സൈന്യം വ്യാപക ആക്രമണം നടത്തി.
ദാർ അൽ ബലാഹിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ അഭയം തേടിയിരുന്ന സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അധിനിവിഷ്ട വെസ്റ്റ്‌ബേങ്കിൽ പത്ത് പേരും കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസ്വീറാത്തിൽ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ മാധ്യമപ്രവർത്തകനായ മുഹമ്മദ് ആബിദ് റബ്ബൂയും സഹോദരിയും കൊല്ലപ്പെട്ടു. ഇതോടെ ഒക്‌ടോബർ ഏഴിനു ശേഷം ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 172 ആയി.
ജെനിൻ, തുൽക്കറം നഗരങ്ങളിൽ വ്യാപക ആക്രമണമാണ് നടത്തിയത്. 17 മണിക്കൂറിലധികം നീണ്ട ആക്രമണമാണ് അധിനിവിഷ്ട വെസ്റ്റ്‌ബേങ്കിൽ ഇസ്‌റാഈൽ സൈന്യം നടത്തിയത്. തുൽക്കറമിലെ നൂർ ശംസ്, തുൽക്കറം അഭയാർഥി ക്യാമ്പുകളും ജെനിൻ അഭയാർഥി ക്യാമ്പിലും ഫറയിലും ആക്രമണമുണ്ടായി. ഫറ അഭയാർഥി ക്യാമ്പിലെ മെഡിക്കൽ സെന്ററിനു നേരെയും ആക്രമണമുണ്ടായി.
വെസ്റ്റ്‌ബേങ്കിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന ജെനിനിൽ 14,000ത്തോളം ആളുകളുള്ള അഭയാർഥി ക്യാമ്പാണുള്ളത്. ഗസ്സയിലുടനീളമുള്ള ആക്രമണത്തിനിടയിലും ജെനിൻ ഇസ്‌റാഈൽ സൈന്യം ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെയും ആക്രമണം നടത്തുകയാണ്. 1948ൽ ഇസ്റാഈൽ സ്ഥാപിതമായപ്പോൾ കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ പിൻഗാമികളാണ് ഇവിടെ കഴിയുന്നത്.
അതിനിടെ, സിറിയ- ലബനാൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല അംഗം ഫറാസ് ഖാസിമിനെ വധിച്ചതായി ഇസ്‌റാഈൽ സൈന്യം അറിയിച്ചു. സിറിയൻ പ്രദേശമായ സബദാനിയിൽ ബോംബ് ആക്രമണത്തിലാണ് ഫറാസ് ഖാസിം കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ലയും സ്ഥിരീകരിച്ചു.