International
ഡമാസ്‌കസില്‍ ഇസ്രായേല്‍ മിസൈല്‍ ആക്രമണം; അഞ്ച് മരണം
അടുത്തിടെ ഇസ്രായേല്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണമെന്ന് ഒബ്‌സര്‍വേറ്ററി മേധാവി റാമി അബ്ദുള്‍ റഹ്മാന്‍
ഡമാസ്‌കസ്| സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലും പരിസര പ്രദേശങ്ങളിലും ഇസ്രായേല്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സൈന്യം അറിയിച്ചു. നാല് സാധാരണക്കാരും ഒരു സൈനികനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ സെന്‍ട്രല്‍ കഫര്‍ സൗസ പരിസരത്ത് ഒരു കെട്ടിടം തകരുകയും ചെയ്തു.
ഇന്ന് നടന്ന ആക്രമണമാണ് സിറിയന്‍ തലസ്ഥാനത്ത് അടുത്തിടെ ഇസ്രായേല്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണമെന്ന് ഒബ്‌സര്‍വേറ്ററി മേധാവി റാമി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും താമസിക്കുന്ന പ്രദേശമാണ് കഫ്ര്‍ സൗസ. എന്നാല്‍ അടുത്തുടെയായി സാധാരണക്കാരും ഇവിടെ താമസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
12 ദിവസം മുമ്പ് രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലും അയല്‍രാജ്യമായ തുര്‍ക്കിയുടെ ചില ഭാഗങ്ങളിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷമുള്ള ആദ്യ ആക്രമണമാണ് ഇന്നുണ്ടായത്.
ഒരു മാസം മുന്‍പ് ഡമാസ്‌കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.