International
ഹമാസ് വിട്ടയച്ച ബന്ദികള്‍ പൂര്‍ണാരോഗ്യവതികള്‍; വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്‌റാഈല്‍ പത്രം
ഇസ്‌റാഈല്‍ മോചിപ്പിച്ച 90 ഫലസ്തീനികളും ക്ഷീണിതരെന്ന് ഹമാസ്
ഗസ്സ സിറ്റി | ബന്ദികളെ ഹമാസ് മാനഭംഗപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നുമുള്ള ഇസ്‌റാഈല്‍ അനുകൂല അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതെന്ന് തെളിയിക്കുന്ന റിപോര്‍ട്ടുകള്‍ പുറത്ത്. വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഹമാസ് കൈമാറിയ മൂന്ന് ഇസ്‌റാഈല്‍ ബന്ദികളും പൂര്‍ണ ആരോഗ്യവതികളാണെന്നും അടിയന്തരമായി ചികിത്സ ആവശ്യമില്ലെന്നും ഇസ്‌റാഈല്‍ പത്രം റിപോര്‍ട്ട് ചെയ്തു.
മോചിപ്പിക്കപ്പെട്ട ഇസ്‌റാഈലി ബന്ദികള്‍ക്ക് അടിയന്തര വൈദ്യ സഹായം ആവശ്യമില്ലെന്നും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നുമാണ് ഇസ്‌റാഈല്‍ മാധ്യമമായ ദി ജറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തത്. 28 കാരിയായ എമിലി ദമാരി, 23 കാരിയായ റോമി ഗോനെന്‍, 31 കാരിയായ ഡോറണ്‍ സ്റ്റെയിന്‍ബ്രച്ചര്‍ എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. മധ്യ ഗസ്സയില്‍, റെഡ് ക്രോസ്സ് സംഘടനക്കാണ് ബന്ദികളെ കൈമാറിയത്. തുടര്‍ന്ന് റെഡ് ക്രോസ്സ് ഇവരെ ഐ ഡി എഫ് പ്രത്യേക സേനയെ ഏല്‍പ്പിച്ചു. ഇവരാണ് ഇസ്‌റാഈലില്‍ എത്തിച്ചത്. യുവതികള്‍ പൂര്‍ണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ്സും നേരത്തേ അറിയിച്ചിരുന്നു.
അതിനിടെ, കരാര്‍ അടിസ്ഥാനത്തില്‍ 90 ഫലസ്തീനി വനിതാ തടവുകാരെ ഇസ്‌റാഈലും മോചിപ്പിച്ചു. ഇവരെ ഫലസ്തീനില്‍ വിജയാരവത്തോടെ വരവേറ്റു. അധിനിവേശ ജയിലുകളില്‍നിന്ന് നമ്മുടെ സ്ത്രീ- പുരുഷ തടവുകാരുടെ ആദ്യ സംഘത്തെ മോചിപ്പിച്ചതിന് നമ്മുടെ ജനങ്ങളെയും നമ്മുടെ രാജ്യത്തെയും ലോകത്തെ സ്വതന്ത്രരായ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്‌റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍ അവഗണനയുടെയും ക്ഷീണത്തിന്റെയും ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇസ്‌റാഈലിന് കൈമാറിയ മൂന്ന് ബന്ദികളും ശാരീരികവും മാനസികവുമായി പൂര്‍ണ ആരോഗ്യവാന്‍മാരാണെന്ന് ചിത്രങ്ങള്‍ കാണിക്കുന്നു. ഇത് പ്രതിരോധ ശക്തികളുടെ മൂല്യങ്ങളും ധാര്‍മികതയും അധിനിവേശത്തിന്റെ പ്രാകൃതത്വവും ഫാസിസവും തമ്മിലുള്ള വലിയ വ്യത്യാസമാണെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.