Masjid Al Aqsa
അല്‍ അഖ്‌സ പള്ളി വളപ്പില്‍ ഫലസ്തീന്‍കാരനെ ഇസ്‌റാഈല്‍ പോലീസ് വെടിവെച്ചുകൊന്നു
യുവാവിന് നേരെ ഇസ്‌റാഈല്‍ പോലീസ് പത്ത് തവണ വെടിവെച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ജറുസലെം | അല്‍ അഖ്‌സ മസ്ജിദിലേക്കുള്ള ഗേറ്റില്‍ വെച്ച് ഫലസ്തീന്‍കാരനെ ഇസ്‌റാഈല്‍ പോലീസ് വെടിവെച്ചുകൊന്നു. തെക്കന്‍ ഇസ്റാഈലിലെ ബദുവിയന്‍ അറബ് ഗ്രാമമായ ഹൗറയില്‍ നിന്നുള്ള 26കാരനായ മുഹമ്മദ് ഖാലിദ് അല്‍ ഉസൈബിയാണ് കൊല്ലപ്പെട്ടത്. ചെയ്ന്‍ ഗേറ്റിന് സമീപം അര്‍ധ രാത്രിക്കായിരുന്നു സംഭവം.
ഈസ്‌റാഈല്‍ അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലാണ് ഈ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. അഖ്‌സ മസ്ജിദിലേക്കുള്ള ഒരു പ്രവേശന മാര്‍ഗമാണിത്. പള്ളിയിലേക്ക് വരികയായിരുന്ന വനിതയെ ഇസ്‌റാഈല്‍ പോലീസ് ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് ഈ ക്രൂരകൃത്യം.
യുവാവിന് നേരെ ഇസ്‌റാഈല്‍ പോലീസ് പത്ത് തവണ വെടിവെച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജറൂസലമില്‍ നിന്നും ഇസ്‌റാഈല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ള മുസ്ലിംകള്‍ റമസാന്‍ ആരാധനകള്‍ക്ക് വേണ്ടി അഖ്‌സയിലേക്ക് വന്‍തോതിലെത്തുന്ന പശ്ചാത്തലത്തില്‍ ഇസ്‌റാഈല്‍ പോലീസ് സാന്നിധ്യവും ശക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈല്‍ പോലീസും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷാവസ്ഥക്ക് ആക്കം കൂട്ടുന്നതാകും ഈ കൊലപാതകം.