Connect with us

From the print

അധിനിവിഷ്ട ഫലസ്തീനിലെ ഇസ്റാഈൽ കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

ജൂത കുടിയേറ്റം വിപുലീകരിക്കുന്നത് ഗുരുതര ആശങ്ക സൃഷ്ടിക്കുന്നുവെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

Published

|

Last Updated

ഹേഗ് | ഗസ്സക്കു നേരെ ഏകപക്ഷീയ ആക്രമണം തുടരുന്ന ഇസ്‌റാഈലിന് തിരിച്ചടിയായി ഐക്യരാഷ്ട്രസഭാ പരമോന്നത കോടതിയുടെ വിധി. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്‌റാഈൽ കുടിയേറ്റം നിയമവിരുദ്ധമാണെന്നും ഇസ്‌റാഈൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ) പറഞ്ഞു.

ലോക കോടതി തീരുമാനം നടപ്പാക്കാൻ ഇസ്‌റാഈൽ ബാധ്യസ്ഥരല്ലെങ്കിലും അന്താരാഷ്ട്ര നിയമത്തെ തെല്ലും അനുസരിക്കാത്ത ഇസ്‌റാഈലിനു മേൽ മറ്റു രാജ്യങ്ങളുടെ സമ്മർദം ശക്തമാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച വാദപ്രതിവാദത്തിൽ 50ലധികം രാജ്യങ്ങളാണ് തങ്ങളുടെ കാഴ്ചപ്പാട് കോടതിയെ അറിയിച്ചത്. കോടതി മുമ്പാകെ ഇസ്‌റാഈൽ പ്രതിനിധികൾ ആരും ഹാജരായിരുന്നില്ല.

15 ജഡ്ജിമാർ അടങ്ങുന്ന പാനലിന്റെ വിധി ഐ സി ജെ പ്രസിഡന്റ് നവാഫ് സലാമാണ് വായിച്ചത്. വെസ്റ്റ്‌ബേങ്കിലെയും കിഴക്കൻ ജറൂസലമിലെയും ജൂത സെറ്റിൽമെന്റ് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപിച്ചത്. അധിനിവേശം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ഇസ്‌റാഈൽ ഫലസ്തീനികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. ഫലസ്തീൻ പ്രദേശം അതിക്രമിച്ചുള്ള ഇസ്‌റാഈൽ കുടിയേറ്റം നാലാം ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 49ന് വിരുദ്ധമാണ്. ജൂത കുടിയേറ്റ നയം ഇസ്‌റാഈൽ വിപുലീകരിക്കുന്നത് ‘ഗുരുതര ആശങ്ക’ സൃഷ്ടിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

ഇസ്‌റാഈൽ അധിനിവേശം നിയമവിരുദ്ധമാണെന്ന് ഭൂരിഭാഗം രാജ്യങ്ങളും വാദിച്ചപ്പോൾ ഉപദേശക സമിതിയുടെ അഭിപ്രായം നിരസിക്കണമെന്ന് ബ്രിട്ടനും കാനഡയും ആവശ്യപ്പെട്ടു.
ഉപദേശകരുടെ നിർദേശം പരിമിതപ്പെടുത്തണമെന്നും ഫലസ്തീൻ പ്രദേശത്ത് നിന്ന് നിരുപാധികം ഇസ്‌റാഈൽ സൈന്യത്തോട് പിൻവാങ്ങാൻ ഉത്തരവിടരുതെന്നും ഇസ്‌റാഈലിനെ പിന്തുണക്കുന്ന അമേരിക്ക വാദിച്ചു.

ഫലസ്തീന്റെ പരാതിയിന്മേൽ അന്താരാഷ്ട്ര കോടതിയോട് അഭിപ്രായം തേടാൻ ഐക്യരാഷ്ട്രസഭയിൽ 2022 ഡിസംബറിൽ നടത്തിയ വോട്ടെടുപ്പിൽ ഭൂരിഭാഗം രാജ്യങ്ങളും അനുകൂലിച്ചതോടെയാണ് കേസ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തിയത്.
കഴിഞ്ഞ പത്ത് മാസമായി ഗസ്സയിൽ ഇസ്‌റാഈൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ കോടതിയിൽ വിധി വായിച്ചത്. ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്നത് വംശഹത്യക്ക് തുല്യമായ ആക്രമണമാണെന്ന് ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസും കോടതിയുടെ പരിഗണനയിലുണ്ട്.

1967ലെ യുദ്ധത്തിലാണ് വെസ്റ്റ്‌ബേങ്കും ഗസ്സാ മുനമ്പും കിഴക്കൻ ജറൂസലമും ഇസ്‌റാഈൽ പിടിച്ചെടുത്തത്. സ്വതന്ത്ര രാഷ്ട്രമാകാൻ ഫലസ്തീന് നൽകാമെന്നേറ്റ മൂന്ന് പ്രദേശങ്ങളാണിത്. ഈ മൂന്ന് പ്രദേശങ്ങളും വിട്ടുകൊടുക്കാതിരിക്കാനും ഇത് തങ്ങളുടെ പ്രദേശമാണെന്ന് ഉറപ്പിക്കാനും സ്വന്തം പൗരന്മാരെ ഇസ്‌റാഈൽ ഇവിടെ പാർപ്പിക്കുകയാണ്.
അതേസമയം, തർക്കം നിലനിൽക്കുന്നതിനാൽ ഈ പ്രദേശം തങ്ങൾ കൈവശപ്പെടുത്തിയിട്ടില്ലെന്നാണ് ഇസ്‌റാഈൽ വാദം. എന്നാൽ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഇത് അധിനിവേശ പ്രദേശമായി കണക്കാക്കുന്നു.

Latest