Connect with us

From the print

ശരീരങ്ങൾ ചതച്ചരച്ച് ഇസ്‌റാഈൽ ടാങ്കുകൾ

മൃതദേഹങ്ങൾ നായ്ക്കൾ ഭക്ഷിച്ചു

Published

|

Last Updated

ഗസ്സ | ഗസ്സയിലെ ഷുജയ നഗരത്തിന് പിന്നാലെ തലഅൽ ഹവയിലും ഇസ്‌റാഈലിന്റെ ക്രൂരത. പ്രദേശത്ത് നിന്ന് ഇന്നലെ രാവിലെ സൈന്യം പിൻവാങ്ങിയതിനു ശേഷം നടത്തിയ തിരച്ചിലിൽ 60 മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ചില മൃതദേഹങ്ങൾ നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതായി ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്്മൂദ് ബസൽ പറഞ്ഞു.

ഖാൻ യൂനുസിനടത്ത് ഇസ്‌റാഈൽ ആക്രമണത്തിൽ ബ്രിട്ടനിലെ മാനുഷിക സംഘടനയായ അൽ ഖൈർ ഫൗണ്ടേഷന്റെ നാല് സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു. ഭക്ഷണമടക്കമുള്ള സാധനങ്ങൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയുണ്ടായ ആക്രമണത്തിലാണ് സന്നദ്ധ പ്രവർത്തകരുടെ ദാരുണാന്ത്യം. സന്നദ്ധ പ്രവർത്തകരെ ഇതാദ്യമായല്ല ഇസ്‌റാഈൽ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഗസ്സയിലെ വേൾഡ് സെൻട്രൽ കിച്ചണ് നേരെയും ആക്രമണമുണ്ടായി.

തെക്കൻ ലബനാനിലെ കഫ്ർ കില, ത്വാഇർ ഹർഫ എന്നിവവിടങ്ങളിലും ഇസ്‌റാഈൽ വ്യോമാക്രമണം നടത്തി. വടക്കൻ ഇസ്‌റാഈലിലെ ഹനീതക്കടുത്ത് ഇസ്‌റാഈൽ സൈനികരെ ആക്രമിച്ചതായി ഹിസ്ബുല്ലയും പറഞ്ഞു. ഗസ്സയിൽ വെടിനിർത്തിയാൽ ഇസ്‌റാഈലിന് നേരെയുള്ള ആക്രമണം തങ്ങളും അവസാനിപ്പിക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല ആവർത്തിച്ചു.

തെളിവില്ലാത്ത ആക്രമണം
ഫലസ്തീനികൾക്ക് ദുരിതാശ്വാസ, മാനുഷിക സഹായം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എ (യുനൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ്) ഓഫീസ് വളപ്പിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി ഇസ്‌റാഈൽ. എന്നാൽ യാതൊരു തെളിവുകളും പുറത്തുവിടാതെയാണ് സൈന്യത്തിന്റെ അവകാശവാദം. ഹമാസ് സൈനികാവശ്യങ്ങൾക്കായി ഉപയോഗിച്ച കെട്ടിടത്തിന് സമീപമുള്ള തുരങ്കം തകർത്തതായും സൈന്യം അറിയിച്ചു.
ഹമാസിനെ പഴിചാരി നിരവധി സ്‌കൂളുകളും ആശുപത്രികളും യു എൻ ഓഫീസുകളുമാണ് ഇസ്‌റാഈൽ തകർക്കുന്നത്. മാനുഷിക സഹായ കേന്ദ്രങ്ങൾ ആക്രമിക്കുന്നില്ലെന്ന വാദമുയർത്തി യു എൻ ആർ ഡബ്ല്യു എ ആസ്ഥാനത്ത് പോലും കനത്ത ആക്രമണമാണ് നടത്തിയത്. ഒക്‌ടോബർ ഏഴ് മുതൽ ഇതുവരെ യു എൻ ആർ ഡബ്ല്യു എ ഒരുക്കിയ അഭയസ്ഥലത്തുണ്ടായ ആക്രമണത്തിൽ 524 പേരാണ് കൊല്ലപ്പെട്ടത്.

Latest