Connect with us

From the print

മധ്യ റഫയിലും ഇസ്റാഈൽ ടാങ്കുകൾ; വ്യാപക ആക്രമണം

24 മണിക്കൂറിനിടെ 46 പേർ കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ/ കൈറോ | അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്ത്യശാസനം നിലനിൽക്കെ ഗസ്സയിൽ അതിരൂക്ഷമായ കര, വ്യോമാക്രമണം. 24 മണിക്കൂറിനിടെ 46 പേർ കൊല്ലപ്പെട്ടു. ഇതാദ്യമായി മധ്യ റഫയിൽ ഇസ്‌റാഈൽ ടാങ്കുകൾ കടന്നുകയറി. റഫയിലെ തെൽ അസ്സുൽത്വാൻ അഭയാർഥി ക്യാമ്പിന് നേരെ ഞായറാഴ്ച രാത്രി നടത്തിയ അതിക്രൂരമായ കൂട്ടക്കൊലക്ക് പിന്നാലെയാണ് കൂടുതൽ പ്രദേശങ്ങളിൽ ആക്രമണം വ്യാപിപ്പിച്ചത്.

മധ്യ റഫയിലെ അൽ ഔദ മസ്ജിദിന് സമീപം ടാങ്കുകളും കവചിത വാഹനങ്ങളും നിലയുറപ്പിച്ചു. നഗരത്തിന്റെ ഹൃദയഭാഗം പൂർണമായും ഇസ്‌റാഈൽ നിയന്ത്രണത്തിലാണ്. റഫയിൽ പ്രവർത്തനം നടത്തിയ രണ്ട് ആശുപത്രികളിൽ ഒന്നായ കുവൈത്ത് സ്‌പെഷ്യാലിറ്റി ആശുപത്രി അടച്ചുപൂട്ടി. ലക്ഷക്കണക്കിന് അഭയാർഥികൾ കഴിയുന്ന സുരക്ഷിതയിടം എന്ന് കരുതിയിരുന്ന തെക്കൻ നഗരമായ റഫ ആക്രമിക്കരുതെന്ന ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് മൂന്നാഴ്ച മുമ്പാണ് ഈജിപ്ത് അതിർത്തിയായ റഫ ക്രോസ്സിംഗ് ഇസ്‌റാഈൽ പിടിച്ചെടുത്തത്.
റഫയിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ പത്ത് ലക്ഷത്തോളം ആളുകളാണ് പലായനം ചെയ്തതെന്ന് യുനൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്‌സ് ഏജൻസി (യു എൻ ആർ ഡബ്ല്യു എ) പറഞ്ഞു. ഇവരിൽ ഭൂരിഭാഗവും ഗസ്സയുടെ വടക്ക്, മധ്യ മേഖലയിലെ ആക്രമണത്തെ തുടർന്ന് റഫയിൽ അഭയം തേടിയവരാണ്. മധ്യ റഫയിലേക്ക് ഇസ്‌റാഈൽ സൈന്യം നീങ്ങിയതോടെ വീണ്ടും കൂട്ടപ്പലായനം തുടങ്ങിയതായി യു എൻ പറയുന്നു.

ഇസ്‌റാഈൽ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കവേ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 36,096 ആയി. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 81,136 പേർക്ക് ആക്രമണങ്ങളിൽ പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്.

---- facebook comment plugin here -----

Latest