National
ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒ; സ്പാഡെക്‌സ് പരീക്ഷണം വിജയിച്ചു
ഡോക്കിംഗ് സാങ്കേതിക വിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
ബെംഗളുരു| ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം കൈവരിച്ച് ഐഎസ്ആര്‍ഒ. ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യം സ്പാഡെക്‌സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു രാജ്യങ്ങള്‍. ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായത്.
കഴിഞ്ഞ ഡിസംബര്‍ 30 ന് ആയിരുന്നു സ്പാഡെക്‌സ് പേടകങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെക്‌സ്. ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകല്‍പന ചെയ്യുന്നതിലും ചന്ദ്രയാന്‍ ഉള്‍പ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങള്‍ക്കും നിര്‍ണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ.