National
വിക്രം ലാന്‍ഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ
പ്രഗ്യാന്‍ റോവറിലെ നാവിഗേഷനല്‍ കാമറയില്‍ പകര്‍ത്തിയ രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാന്‍ഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയാറാക്കിയത്.
ബെംഗളുരു| ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലെ ചന്ദ്രോപരിതലത്തില്‍നിന്ന് പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. പ്രഗ്യാന്‍ റോവറിലെ നാവിഗേഷനല്‍ കാമറയില്‍ പകര്‍ത്തിയ രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാന്‍ഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയാറാക്കിയത്. ഇടത് ഭാഗത്തുനിന്നും വലതുഭാഗത്തുനിന്നുമുള്ള ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം ഒരുക്കിയതെന്ന് ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.
ഐഎസ്ആര്‍ഒ തന്നെ വികസിപ്പിച്ചതാണ് പ്രഗ്യാന്‍ റോവറിലെ നാവിഗേഷനല്‍ കാമറ. ഐഎസ്ആര്‍ഒയുടെ ഇലക്ട്രോഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് നാവിഗേഷനല്‍ കാമറ നിര്‍മിച്ചത്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററാണ് ചിത്രങ്ങളെ ത്രീ ഡി രൂപത്തിലേക്ക് മാറ്റിയെടുത്തത്. ത്രീ ഡി കണ്ണടകള്‍ ഉപയോഗിച്ചുകൊണ്ട് ചിത്രം നോക്കണമെന്നും ഐഎസ്ആര്‍ഐ എക്‌സ് പ്ലാറ്റ്‌ഫോമിലിട്ട കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍നിന്നും വിക്രം ലാന്‍ഡര്‍ 40 സെന്റീ മീറ്റര്‍ പറന്ന് പൊങ്ങിയശേഷം വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ചരിത്രം കുറിച്ചിരുന്നു.
ചന്ദ്രയാന്‍ മൂന്ന് റോവറിന്റെ ദൗത്യം പൂര്‍ത്തിയായതോടെ റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരുന്നു. സൂര്യപ്രകാശം അസ്തമിക്കാറായതോടെയാണ് റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയത്. സൗരോര്‍ജ്ജം ഉപയോഗിച്ചാണ് റോവറിന്റെ പ്രവര്‍ത്തനം. ഇനി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അടുത്ത സൂര്യോദയത്തിനായുള്ള കാത്തിരിപ്പാണ്. സെപ്തംബര്‍ 22ന് വീണ്ടും സൂര്യ പ്രകാശം കിട്ടും. അന്ന് റോവര്‍ ഉണരുമോയെന്നതാണ് അറിയാനുള്ളത്.