isro spy case
ഐഎസ്ആര്‍ഒ ചാരക്കേസ്: രണ്ട് കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീം കോടതിയില്‍
ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ ഹൗസനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കൊച്ചി | ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീം കോടതിയില്‍ . തങ്ങള്‍ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ലോഡ്ജ് മുറിയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഇന്‍സ്‌പെക്ടര്‍ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ ഹൗസനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മൂന്നരവര്‍ഷത്തോളം വിചാരണപോലും ഇല്ലാതെ ജയില്‍ക്കിടന്നെന്നും തുടര്‍ന്നുളള സൈ്വര്യ ജീവിതം വഴിമുട്ടിയെന്നുമാണ് ഇരുവരുടെയും ഹര്‍ജിയിലുളളത്. സിബി മാത്യൂസ് അടക്കമുളള അന്നത്തെ 18 അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് രണ്ട് കോടി രൂപ വീതം ഈടാക്കി തങ്ങള്‍ക്ക് നല്‍കണം. തങ്ങളെയും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരേയും ചാരക്കേസില്‍ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടികള്‍ സമ്പാദിച്ചതു സംബന്ധിച്ചുകൂടി അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ സിബിഐ അന്വേഷിക്കുന്ന ഐഎസ് ആര്‍ ഒ ഗൂഢാലോചനക്കസില്‍ പ്രതികള്‍ക്കോ സാക്ഷികള്‍ക്കോ പുതുതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അന്വേഷണസംഘത്തെ അറിയിക്കാനാണ് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖാന്തരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.