Kerala
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത്; കേസിന് പിന്നില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെന്നും സിബിഐ കുറ്റപത്രം
കുറ്റപത്രം അംഗീകരിച്ച കോടതി ജൂലായ് 26ന് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു
തിരുവനന്തപുരം | ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സിഐ ആയിരുന്ന എസ് വിജയനാണ് കേസിന് പിന്നിലെന്നും സിബിഐ തിരുവനന്തപുരം ചീഫ് ജ്യൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം അംഗീകരിച്ച കോടതി ജൂലായ് 26ന് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം.
ഹോട്ടലില്‍ വെച്ച് വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞ വിരോധമാണ് കേസിന് ആധാരമെന്നും കുറ്റപത്രത്തില്‍ പറയുന്നു.മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. അവര്‍ക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മറിയം റഷീദയെ അന്യായ തടങ്കലില്‍ വെക്കുകയും ഐബിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. കുറ്റസമ്മതം നടത്താന്‍ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു.
രണ്ടാം പ്രതി സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തിലുണ്ട്. എസ്ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോദ്യം ചെയതു. വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെകെ ജോഷ്വയായിരുന്നു. പ്രതി ചേര്‍ത്തവരുടെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് കസ്റ്റഡിയില്‍ വെച്ച് നമ്പി നാരായണനെ മര്‍ദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, ഡിവൈഎസ്പി കെകെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. എഫ്ഐആറില്‍ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്ഐആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗുഢാലോചന സിബിഐ അന്വേഷിച്ചത്.