Connect with us

From the print

ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാന്‍ ഐ എസ് ആര്‍ ഒ വിക്ഷേപണം ഈ മാസം 30ന്

ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗങ്ങളില്‍ വിത്ത് മുളപ്പിക്കുകയെന്ന ദൗത്യത്തിനാണ് തുടക്കമാകുക.

Published

|

Last Updated

ബെംഗളൂരു | വര്‍ഷാന്ത്യത്തില്‍ സുപ്രധാന ദൗത്യവുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ). ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗങ്ങളില്‍ വിത്ത് മുളപ്പിക്കുകയെന്ന ദൗത്യത്തിനാണ് ഈ മാസം 30ന് നടക്കുന്ന വിക്ഷേപണത്തില്‍ തുടക്കമാകുക. അവശേഷിക്കുന്ന റോക്കറ്റ് ഭാഗങ്ങളില്‍ വിത്ത് മുളപ്പിക്കാനുള്ള ദൗത്യം പി എസ് എല്‍ വി ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റ്‌മൊഡ്യൂളി (പോയം-4) ന്റെ ഭാഗമാണ്.

റോക്കറ്റ് പുനരുപയോഗിക്കാനുള്ള വിവിധ പദ്ധതികളാണ് ‘പോയമി’ലുള്ളത്. ഇതിന്റെ ഭാഗമായി ഒരു റോക്കറ്റ് അവശിഷ്ടത്തില്‍ വെള്ളപ്പയര്‍ മുളപ്പിക്കാന്‍ ശ്രമിക്കും. പോയമില്‍ മൊത്തം 24 പേ ലോഡുകളാണുള്ളത്. 14 എണ്ണം വിവിധ ഐ എസ് ആര്‍ ഒ ലാബുകളില്‍ നിന്നും പത്തെണ്ണം വിവിധ സര്‍വകലാശാല സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമാണ്. പി എസ് എല്‍ വി- സി 60യാകും ഇവയെ ബഹിരാകാശത്തെത്തിക്കുക.

രണ്ടില വിരിയുന്നത് വരെയുള്ള പ്രക്രിയ പെട്ടിക്കകത്ത് സൃഷ്ടിച്ച ഊഷ്മ നിയന്ത്രിത സംവിധാനത്തില്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. വിക്രം സാരാഭായി സ്പേസ് സെന്റര്‍ വികസിപ്പിച്ച കോപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് (ക്രോപ്സ്) ഇതിനായി ഉപയോഗിക്കും. മുംബൈ അമിറ്റി യൂനിവേഴ്സ്റ്റി നിര്‍മിച്ച പ്ലാന്റ് എക്സ്പിരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പേസ് ഇലയുടെ വളര്‍ച്ച വിശകലനം ചെയ്യും.
മാലിന്യം പിടിച്ചെടുക്കും

വി എസ് എസ് സി വികസിപ്പിച്ച ദി ഡെബ്രിസ് കാപ്ച്ചര്‍ റോബോട്ടിക് മാനിപുലേറ്റര്‍ ബഹിരാകാശ മാലിന്യങ്ങള്‍ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയായി പ്രവര്‍ത്തിക്കും. അമിറ്റി ഗവേഷണ ദൗത്യം മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയില്‍ ചീരയുടെ വളര്‍ച്ച പഠിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

സസ്യങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയും പ്രകാശത്തിന്റെയും ദിശ മനസ്സിലാക്കുന്നതു സംബന്ധിച്ച ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇത് വഴി സാധിക്കുമെന്നാണ് പ്രതീക്ഷ.