Connect with us

Kerala

മൃഗസംരക്ഷണ മേഖലയിലെ പ്രശ്‌നങ്ങള്‍; മന്ത്രി ചിഞ്ചുറാണി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി

പ്രാദേശിക പക്ഷിപ്പനി നിരീക്ഷണ ലാബ് (ബി എസ് എല്‍ ത്രീ ലാബോറട്ടറി) മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ (എസ് ഐ എ ഡി) കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഏകാരോഗ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി  | മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് സെക്രട്ടറി അല്‍ക്ക ഉപാധ്യായ, ജോയിന്റ് സെക്രട്ടറി സരിത ചൗഹാന്‍, മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. അഭിജിത് മിത്ര എന്നിവരുമായി ന്യൂഡല്‍ഹിയിലെ മന്ത്രാലയത്തില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ മൃഗസംരക്ഷണ മേഖല നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങള്‍, കേരളത്തിലെ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയെ ആശ്രയിച്ചുവരുന്ന കര്‍ഷകര്‍ക്ക് വേണ്ടി വകുപ്പില്‍ നടപ്പിലാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കേണ്ട കേന്ദ്ര സഹായങ്ങള്‍, രൂക്ഷമായി കൊണ്ടിരിക്കുന്ന പക്ഷിപ്പനി ഫലപ്രദമായി നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടന്‍ പരമ്പരാഗത താറാവ് വളര്‍ത്തല്‍ സമ്പ്രദായം നിലനിര്‍ത്തുന്നതിന് പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടുന്ന സാഹചര്യം ഉണ്ടെന്നും അതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകള്‍ക്കും കോഴികള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടു കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുവാനുള്ള അനുകൂല തീരുമാനം ഉണ്ടാകണമെന്നുമുള്ള ആവശ്യം മന്ത്രി ധരിപ്പിച്ചു.പക്ഷിപ്പനി രോഗസാധ്യതയുള്ള പ്രദേശങ്ങളിലെ താറാവ്/ കോഴി കര്‍ഷകര്‍ക്ക് ഒരു ഉപജീവന പാക്കേജ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക എന്ന ആവശ്യവും കേന്ദ്രത്തെ അറിയിച്ചു.

കാര്‍ഷിക നഷ്ടം നല്‍കിയ വകയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുള്ള കുടിശ്ശിക തുകയായ 620.09 ലക്ഷം രൂപ ഉടന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു മന്ത്രി ചിഞ്ചുറാണി ആവശ്യപ്പെട്ടു

നിരന്തരമായി കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു വരുന്ന സാഹചര്യത്തില്‍ വൈറസിന്റെ സാന്നിധ്യം അടിയന്തിരമായി പരിശോധിച്ച് സ്ഥിരീകരിച്ച് നിയന്ത്രണ പ്രതിരോധ നടപടികള്‍ ഊര്‍ജിതമായി കൈക്കൊള്ളുന്നതിനും കേരളത്തിന് പുറത്തുള്ള അംഗീകൃത ലാബുകളിലേക്ക് സാമ്പിളുകള്‍ അയച്ച് ഫലം വരുന്നതിനുള്ള കാലതാമസവും ഏറിയ സാമ്പത്തിക ചെലവും ഒഴിവാക്കുന്നതിനും ഒരു പ്രാദേശിക പക്ഷിപ്പനി നിരീക്ഷണ ലാബ് (ബി എസ് എല്‍ ത്രീ ലാബോറട്ടറി) മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ (എസ് ഐ എ ഡി) കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഏകാരോഗ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ പക്ഷിപ്പനി നിരീക്ഷണത്തിനായി രോഗം പരിശോധിക്കുന്നതിന് പാലോട് എസ് ഐ എ ഡി ലാബ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് കേന്ദ്ര വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് വിധേയമായി അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

 

Latest