Connect with us

Kerala

ഇത് അഹന്തയുടെ മസ്തകത്തിനേറ്റ അടി; അനുപമ വിഷയത്തില്‍ ഉത്തരവാദികളായവരെല്ലാം വിചാരണ ചെയ്യപ്പെടണം: കെ കെ രമ

Published

|

Last Updated

തിരുവനന്തപുരം | അനുപമക്ക് കുഞ്ഞിനെ തിരികെ കിട്ടിയതു കൊണ്ട് മാത്രം വിഷയത്തിലുയര്‍ന്ന ബഹുജന പ്രതിരോധം അവസാനിപ്പിക്കാനാകില്ലെന്ന് കെ കെ രമ. ഉത്തരവാദികളായ അധികാരികളും രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാരും വിചാരണ ചെയ്യപ്പെടുംവരെ അത് തുടരും. ഗതികെട്ട മനുഷ്യര്‍ പോര്‍നിലങ്ങളില്‍ ജ്വലിപ്പിച്ച് നിര്‍ത്തിയ അഗ്‌നിനാളങ്ങള്‍ അധികാര കേന്ദ്രങ്ങള്‍ കണ്ണടച്ചാല്‍ അണയില്ലെന്നും രമ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എഫ് ബി പോസ്റ്റിലേക്ക്:
ഒടുവില്‍ കുഞ്ഞു അനുപമയുടേതെന്നു തെളിഞ്ഞിരിക്കുന്നു. ഈ വിജയം അനുപമയുടേത് മാത്രമല്ല. ആയിരത്താണ്ടുകള്‍ കൊണ്ട് മനുഷ്യകുലം ആര്‍ജിച്ച നീതി ബോധത്തിന്റെയും ഭരണഘടനാദത്തമായ പൗരാവകാശങ്ങളുടെയും വിജയമാണ്. പ്രതിഭാധനരായ മനുഷ്യര്‍ ചര്‍ച്ച ചെയ്തും ചിന്തിച്ചും രൂപപ്പെടുത്തിയ നിയമസംഹിതകളെ ഭരണമുന്നണിയിലെയും അധികാര സ്ഥാപനങ്ങളിലെയും സ്വാധീനവും പാര്‍ട്ടി വാഴ്ചയും കൊണ്ട് കുഴിച്ചുമൂടാനെന്ന അഹന്തയുടെ മസ്തകത്തിനേറ്റ അടിയാണ്. അധികാരം കണ്ണടച്ചാല്‍ അണയില്ല , ഗതികെട്ട മനുഷ്യര്‍ പോര്‍നിലങ്ങളില്‍ ജ്വലിപ്പിച്ച് നിര്‍ത്തിയ അഗ്‌നിനാളങ്ങള്‍.

അനുപമയുടെ കുഞ്ഞിനെ തിരികെക്കിട്ടിയതു കൊണ്ട് മാത്രം അവസാനിപ്പിക്കാനാവില്ല, ഈ വിഷയത്തിലെ ബഹുജന പ്രതിരോധം. കാരണം അങ്ങേയറ്റം നീതിയുക്തവും സത്യസന്ധവും കരുണാപൂര്‍വ്വവും നിര്‍വഹിക്കപ്പെടേണ്ട ശിശു സംരക്ഷണവും ദത്ത് നല്‍കലും പോലുള്ള പ്രവൃത്തികള്‍ സ്വജന പക്ഷപാതത്തിന്റെ പേരില്‍ മണ്ണിലിട്ട് ചവിട്ടിയരച്ച മുഴുവന്‍ രാഷ്ട്രീയ / ഉദ്യോഗസ്ഥ പ്രമാണിമാരും വിചാരണ ചെയ്യപ്പെടണം. അനുപമയുടെ സ്വകാര്യ ജീവിതത്തെ അവഹേളിച്ചും സീരിയല്‍ കഥകളെ വെല്ലുന്ന അതി വൈകാരികതയില്‍ കുഞ്ഞിനെ കസ്‌ററഡിയില്‍ വച്ച ദമ്പതിമാരുടെ കഥ പറഞ്ഞും ഈ സംഘടിത കുറ്റകൃത്യത്തിന് സാധൂകരണം ചമച്ച, പ്രമുഖരുടെ എണ്ണം ഒട്ടും ചെറുതല്ല, കേരളത്തില്‍. ഈ മനുഷ്യത്വ വിരുദ്ധതയില്‍ അവര്‍ കൂടി ഭാഗഭാക്കാണ്. അധികാര പ്രമത്തതയുടെ ദുര്‍ഭൂതത്തിന് മുന്നില്‍ നീതിബോധം നേടിയ ഈ വിജയത്തിന് എല്ലാ വിധ ഹൃദയാഭിവാദ്യങ്ങളും.