അഴിമതിക്കെതിരായ മുദ്രാവാക്യങ്ങളിലൂടെയാണ് രാജ്യത്ത് ആം ആദ്മി പാർട്ടി വേരുറപ്പിച്ചത്. ആദ്യം ഡൽഹിയിലും ഇപ്പോൾ പഞ്ചാബിലും ഭരണം പിടിച്ച എഎപിയുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ അഴിമതി വിരുദ്ധതയാണ്. അത്തരത്തിൽ കർശന നിലപാടുള്ള ഒരു പാർട്ടിയുടെ മന്ത്രി തന്നെ അഴിമതി നടത്തിയാലോ? അതാണ് പഞ്ചാബിൽ കണ്ടത്. പുതുതായി അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ പത്ത് ദിവസത്തിനകം തന്നെ നടപടി സ്വീകരിച്ച് മാതൃകയായിരിക്കുകയാണ് എഎപി സർക്കാർ. അഴിമതിക്കാരനായ മന്ത്രിയെ പിടിച്ചു പുറത്താക്കിയാണ് പാർട്ടി അഴിമതി വിരുദ്ധ നിലപാടിന് അടിവരയിട്ടത്.
ആരോഗ്യമന്ത്രിയായിരുന്ന ഡോ. വിജയ് സിംഗ്ലക്കാണ് അഴിമതിക്കേസിൽ മന്ത്രിക്കസേര നഷ്ടമായത്. ആരോഗ്യവകുപ്പിലെ ഓരോ ജോലിക്കും ടെൻഡറിനും സിംഗ്ല ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതാണ് പരാതിക്കിടയാക്കിയത്. സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ തന്നെ നേരിട്ട് അന്വേഷണം നടത്തി. ഉദ്യോഗസ്ഥരുമായി രഹസ്യമായി സംസാരിച്ചു. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ മന്ത്രിയെ പുറത്താക്കി. ഇതിനു പിന്നാലെ തന്നെ പഞ്ചാബ് പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൊഹാലിയിലെ എട്ടാം ഫേസ് പോലീസ് സ്‌റ്റേഷനിൽ മുതിർന്ന ഉദ്യോഗസ്ഥർ സിംഗ്ലയെ ചോദ്യം ചെയ്തുവരികയാണ്.