Kerala
കോംട്രസ്റ്റിന് താഴ് വീണിട്ട് 16 വര്‍ഷം
തൊഴിലാളി സമരത്തിന് ഇതുവരെ പരിഹാരമായില്ല
കോഴിക്കോട് | നെയ്ത്തുമേഖലയില്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോംട്രസ്റ്റ് നെയ്ത്ത് ഫാക്്ടറി അടച്ചുപൂട്ടിയിട്ട് 16 വര്‍ഷം തികയുന്നു. 2009 ഫെബ്രുവരി ഒന്നിനായിരുന്നു കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി അടച്ചുപൂട്ടിയതും കോംട്രസ്റ്റിന്റെ തൊഴിലാളികള്‍ കുടിയിറക്കപ്പെട്ടതും. നഗരത്തിന്റെ മുഖമായിരുന്ന കോംട്രസ്റ്റ് കെട്ടിട്ടം ഒരു ഭാഗം തകര്‍ന്നുവീണെങ്കിലും കെട്ടിടത്തിന്റെ മുഖമണ്ഡലം ഇപ്പോഴും ബാക്കിയുണ്ടെന്നത് മാത്രമാണ് ആശ്വാസം. യന്ത്രസാമഗ്രികളെല്ലാം നശിച്ചുകഴിഞ്ഞു. 103 തൊഴിലാളികള്‍ പ്രതീക്ഷയോടെ ഇന്നും സമരരംഗത്താണ്. 287 തൊഴിലാളികളുണ്ടായിരുന്നതില്‍ 180 പേര്‍ കമ്പനി നല്‍കിയ തുച്ഛമായ ആനുകൂല്യങ്ങള്‍ വാങ്ങി പിരിഞ്ഞുപോയി.
2009ലാണ് കോംട്രസ്റ്റ് തുറക്കണമെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് 2012 ജൂലൈ 25ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭയില്‍ കോംട്രസ്റ്റ് ബില്ല് അവതരിപ്പിച്ചു. ഭരണ- പ്രതിപക്ഷ കക്ഷികള്‍ അന്ന് ഐക്യകണ്ഠേന ബില്‍ പാസ്സാക്കി രാഷ്്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. രണ്ട് വര്‍ഷത്തിന് ശേഷം 2014ല്‍ കോംട്രസ്റ്റ് ഫാക്ടറി സംരക്ഷിത സ്മാരകമാക്കി പുരാവസ്തു വകുപ്പ് വിജ്ഞാപനമിറക്കി. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2018 ഫെബ്രുവരി ഒന്നിന് കോംട്രസ്റ്റ് ഏറ്റെടുക്കലിന് അംഗീകാരം നല്‍കിക്കൊണ്ട് അന്നത്തെ രാഷ്്ട്രപതി റാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചു. ഈ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്‌കോര്‍പ റേഷനായിരുന്നു കോംട്രസ്റ്റ് കെട്ടിട്ടത്തിന്റെയും ഭൂമിയുടെയും നടത്തിപ്പ് ചുമതല. എന്നാല്‍ ബില്ലിന് രാഷ്്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടും കെ എസ് ഐ ഡി സിയുടെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് കോംട്രസ്റ്റ് തൊഴിലാളികള്‍ക്ക് കെ എസ് ഐ ഡി സിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തും സമരം ചെയ്യേണ്ടി വന്നു.
കോംട്രസ്റ്റ് ഏറ്റെടുക്കല്‍ നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ തൊഴിലാളികളുടെ ദുരിതം ലഘൂകരിക്കുന്നതിനുവേണ്ടി കെ എസ് ഐ ഡി സിയില്‍ നിന്ന് പ്രതിമാസം 5,000 രൂപയും തൊഴിലാളികള്‍ക്ക് അനുവദിച്ചിരുന്നു. ഈ തുക കൊണ്ടാണ് പലരും പിന്നീട് ജീവിതം തള്ളിനീക്കിയത്. എന്നാല്‍ വിരമിക്കല്‍ പ്രായം പിന്നിട്ടെന്ന് കാണിച്ച് തൊഴിലാളികളില്‍ പലര്‍ക്കുമിപ്പോള്‍ ഈ തുകയും നിഷേധിച്ചിരിക്കുകയാണ്.
രാഷ്ട്രപതി അംഗീകരിച്ച ബില്ലില്‍ കോംട്രസ്റ്റ് കെട്ടിട്ടം ഹെറിറ്റേജ് മ്യൂസിയമാക്കി മാറ്റാനും നെയ്ത്തുശാല ആരംഭിക്കാനും പരമ്പരാഗത ഉത്പന്നങ്ങള്‍ക്ക് വേണ്ടി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനും വ്യവസ്ഥയുണ്ടായിരുന്നു. ഫാക്്ടറിയുടെ 1.63 ഏക്കര്‍ ഭൂമി മാനേജ്മെന്റിന്റെ സ്വകാര്യ സംരംഭകരായ പ്യൂമിസ് പ്രൊജ്ക്്ട്‌സ് ആന്‍ഡ് പ്രോപ ര്‍ട്ടീസ് ഇടക്കാലത്ത് വാങ്ങിയെടുത്തിരുന്നു. സ്ഥലം വില്‍പ്പന പാടില്ലെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ചാണ് മാനേജ്മെന്റ്ഈ വില്‍പ്പന നടത്തിയത്. കോംട്രസ്റ്റിന്റെ തന്നെ 45 സെന്റ് ഭൂമി കോഴിക്കോട് ജില്ലാ കോ ഓപറേറ്റീവ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ്‌സൊസൈറ്റിയും കൈക്കലാക്കി.
ഫാക്ടറി അടച്ചിട്ടിരുന്ന കാലത്ത് മാനേജ്മെന്റ് കോംട്രസ്റ്റിന്റെ സ്ഥലങ്ങള്‍ തിരികെ പിടിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ഈ വ്യവസ്ഥകളൊന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. കോംട്രസ്റ്റ് ഭൂമി അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാന്‍ നടപടി ഇനിയും ആയിട്ടില്ല. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്ന് കേരളത്തിലെത്തിയ ബാസല്‍ മിഷന്റെ പാതിരിമാരായ സാമുവല്‍ ഹെബിച്ച്, ജോണ്‍ ലെഹ്നര്‍, ക്രിസ്റ്റോഫ് ഗ്രീനര്‍ തുടങ്ങിയവരാണ് 1844ല്‍ കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് കമ്പനിക്ക് തുടക്കമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കമ്പനികളില്‍ ഒന്ന്. മലബാര്‍ തീരത്തെ ആദ്യ വ്യവസായിക കേന്ദ്രം. മംഗലാപുരത്ത് ബാസല്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ നാട്ടില്‍ പുതിയ പള്ളിക്കൂടങ്ങള്‍ വന്നു. പള്ളികള്‍ പുതിയത് പണിതു. പിന്നെ ബാസല്‍ മിഷന്‍ മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് ഉപജീവനം നടത്താന്‍ പാതിരിമാര്‍ കച്ചവടങ്ങള്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്്ടറി.ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം 1919ല്‍ ബാസല്‍ മിഷന്റെ ഫാക്്ടറികള്‍ ഓരോന്നായി ബ്രിട്ടന്‍ ഏറ്റെടുക്കുകയും ബാസല്‍ മിഷന്‍ സ്ഥാപനങ്ങള്‍ ലണ്ടന്‍ ആസ്ഥാനമായി കോമണ്‍വെല്‍ത്ത് ട്രസ്റ്റിന് കീഴിലാവുകയും ചെയ്തു. പിന്നീട് 1977ല്‍ കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ കോംട്രസ്റ്റ് ഇന്ത്യന്‍ കമ്പനിയായി.
നഗരത്തിന് നടുവില്‍ കാട് മൂടിക്കിടക്കുന്ന കെട്ടിടമിപ്പോള്‍ ലഹരി സംഘങ്ങളുടെയും മറ്റും ഒളിത്താവളമാണ്. വിലപിടിപ്പുള്ള യന്ത്രഭാഗങ്ങള്‍ പലതും മോഷ്്ടാക്കള്‍ കടത്തിയിട്ടുണ്ട്. കാലങ്ങളായി അടച്ചിട്ടതിനാല്‍ ഫാക്്ടറി തകര്‍ന്ന നിലയിലാണ്. ഒരു കാലത്ത് നഗരത്തിന്റെ മുഖമായിരുന്ന ഈ കെട്ടിട്ടം അധികാരികള്‍ ലഹരി സംഘങ്ങള്‍ക്ക് വിട്ടുകൊടുത്ത നിലയാണിപ്പോള്‍.16 വര്‍ഷം കഴിഞ്ഞിട്ടും കോംട്രസ്റ്റ് തൊഴിലാളികളുടെ സമരത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല.