Connect with us

First Gear

കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം

പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തും സംസ്ഥാനത്തും കൊറോണ വൈറസ് ബാധിച്ചിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. 2020നാണ് ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് രോഗ ബാധ സ്ഥിരീകരിക്കുമ്പോൾ അത് രാജ്യത്തെ ആദ്യ കൊവിഡ് കേസായിരുന്നു. തുടർന്ന് ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാസർകോട്ടും ഒരോ കേസുകൾ വീതം സ്ഥിരീകരിച്ചു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ആ സമയത്ത് കൊവിഡ് 19 രോഗം റിപ്പോർട്ട് ചെയ്തിരുന്നില്ല. ലോകത്തെ മറ്റ് ഭാഗങ്ങളിൽ സംഭവിക്കും പോലെ കേരളത്തിലും രോഗം പടരുമോ എന്ന ആശങ്ക ഉയർന്നു. പക്ഷേ ഫെബ്രുവരി 16 ന് രണ്ട് രോഗികളും 20ന് അവശേഷിച്ച ഒരു രോഗിയും ആശുപത്രി വിട്ടതോടെ കേരളം രോഗ വിമുക്തമായി. കുറച്ച് ദിവസത്തെ ഇടവേളക്കു ശേഷം 2020 മാർച്ച് എട്ടിനാണ് കേരളത്തിൽ രോഗം രണ്ടാമത് റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിൽ അഞ്ച് പേർക്കാണ് അപ്പോൾ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് സംസ്ഥാനത്ത് മെല്ലെ രോഗബാധ വർധിക്കുകയായിരുന്നു.

ഒന്നും രണ്ടും തരംഗങ്ങൾ അതിജീവിച്ച കേരളം ഇപ്പോൾ മൂന്നാം തരംഗത്തിലാണ്. സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ഈ മാസം ഒന്നു മുതലാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വർധനവും, രണ്ടാം ആഴ്ച 148 ശതമാനം വർധനവും, മൂന്നാം ആഴ്ച 215 ശതമാനം വർധനവുമാണുണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം വരെയുള്ള ആഴ്ച 71 ശതമാനം കേസുകൾ കുറഞ്ഞിട്ടുണ്ട്. ഇന്നലെ അത് വീണ്ടും കുറഞ്ഞ് 57 ശതമാനമായിട്ടുണ്ട്.

ഒന്നാം തരംഗത്തത്തിലും രണ്ടാം തരംഗത്തിലും അവലംബിച്ച സ്ട്രാറ്റജിയല്ല മൂന്നാം തരംഗത്തിൽ ആരോഗ്യവകുപ്പ് അവലംബിക്കുന്നത്. ഒന്നാം തരംഗത്തിൽ കൊവിഡ് വാക്‌സീനേഷൻ ഇല്ലായിരുന്നു. രണ്ടാം തരംഗത്തിൽ വാക്‌സീനേഷൻ വളരെ കുറവായിരുന്നു. എന്നാൽ പരമാവധി പേർക്ക് വാക്‌സീൻ നൽകാൻ പ്രത്യേക യഞ്ജം സംഘടിപ്പിച്ചതിലൂടെ സംസ്ഥാനത്ത് പ്രായപൂർത്തിയായവരുടെ ആദ്യഡോസ് വാക്‌സീനേഷൻ 100 ശതമാനം കൈവരിക്കാനായി. രണ്ടാം ഡോസ് വാക്‌സീനേഷൻ 84 ശതമാനമാണ്. കുട്ടികളുടെ വാക്‌സീനേഷൻ 70 ശതമാനവും.

ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കുമുളള കരുതൽ ഡോസ് വാക്‌സീനേഷനും ഇപ്പോൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. ജനസംഖ്യയിൽ ബഹുഭൂരിഭാഗവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുള്ളതിനാൽ ഇനിയൊരു അടച്ചു പൂട്ടലിന് പ്രസക്തിയില്ലെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.
ഒമിക്രോൺ മൂന്നാം തരംഗ തീവ്രതയിൽ മൂന്ന് ശതമാനം പേർക്ക് മാത്രമാണ് ആശുപത്രി വാസം വേണ്ടി വരുന്നത്. സംസ്ഥാനത്തും ഈ കണക്ക് ഏതാണ്ട് അങ്ങനെയാണ്. അതിനാൽ ആശുപത്രികളിലും ഐസിയുകളിലും രോഗികളുടെ വലിയ വർധനവില്ല. ഇപ്പോൾ ഗൃഹപരിചരണമാണ് പ്രധാനം.
കൊവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോണിനെതിരെ സംസ്ഥാനം കരുതലോടെയാണ് മുന്നേറുന്നതെന്നും നമ്മുടെ ജാഗ്രതയും കരുതലും തുടരണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

 

Latest