Web Special
പ്രവേശന പരീക്ഷക്കാലമാണ്, താങ്ങുവേണം നമ്മുടെ കുട്ടികൾക്ക്
താല്പര്യമുള്ള കോഴ്സ് എടുത്തു പഠിക്കാൻ മാതാപിതാക്കൾ കുട്ടിക്ക് അവസരം നൽകുന്നതോടൊപ്പം ഇത്തരം മത്സര പരീക്ഷകൾക്കായി നമ്മൾ സമീപിക്കുന്ന കോച്ചിംഗ് സെന്ററുകളും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം. കഷ്ടപ്പെട്ട് ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുന്ന കുട്ടിയോടൊപ്പം നമ്മൾ ഉണ്ടെന്നും, ഈ പ്രവേശന പരീക്ഷയിൽ ജയിക്കലല്ല ജീവിതത്തിന്റെ അവസാന ലക്ഷ്യം എന്നും ഇതല്ലെങ്കിൽ വേറെ മാർഗ്ഗങ്ങൾ ഉണ്ടെന്നും അവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം.
ഞായറാഴ്ച്ചയാണ് മഹാരാഷ്ട്ര സ്വദേശിയായ 16-കാരന്റെ മരണവാര്‍ത്ത പുറത്തു വന്നത്. വിഗ്യാന്‍ നഗര്‍ മേഖലയില്‍ താന്‍ പഠിച്ചിരുന്ന കോച്ചിംഗ് സെന്ററിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു ലത്തൂര്‍ ജില്ലക്കാരനായ പ്ലസ് ടൂ വിദ്യാര്‍ത്ഥി. പ്രതിവാര പരീക്ഷയിൽ പങ്കെടുത്തശേഷം ഉച്ചതിരിഞ്ഞാണ് ആ കൗമരക്കാരന്‍ അന്തമില്ലാത്ത ആഴത്തിലേക്ക് സ്വയം എടുത്ത് ചാടിയത്. രാജ്യത്ത് ഇപ്പോൾ വിവിധ എലിജിബിലിറ്റി പരീക്ഷകളുടെ കാലമാണ്. വിവിധ കോച്ചിംഗ് സെന്ററുകളിൽ പ്രവേശനം നേടിയും അല്ലാതെയും നമ്മുടെ കുട്ടികൾ തകൃതിയായ പഠനത്തിലാണ്.
നീറ്റ്, നെറ്റ്, ഗേറ്റ്, സിമാറ്റ് അങ്ങനെ അങ്ങനെ നീളുന്നു പ്രവേശന പരീക്ഷകളുടെ എണ്ണം.
എന്നാൽ കുട്ടി ഡോക്ടറോ എഞ്ചിനീയറോ ആയേ തീരു എന്ന മാതാപിതാക്കളുടെ പിടിവാശി പലപ്പോഴും എത്തിനിൽക്കുന്നത്. ആത്മഹത്യയിലും ഡിപ്രഷനിലും ഒക്കെയാണ്. ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ എന്താണെന്നാൽ രാജസ്ഥാനിലെ കോട്ടയിൽ കോച്ചിംഗ് സെന്ററുകളില്‍ പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ കണക്കുകൾ ആണ്. 2015 ല്‍ 17 വിദ്യാര്‍ത്ഥികളാണ് ഇവിടെ ആത്മഹത്യ ചെയ്തതെങ്കില്‍, 2016 ല്‍ 16 ഉം, 2017 ല്‍ ഏഴും വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. 2018 ല്‍ 20 കുട്ടികളാണ് ജീവിതം അവസാനിപ്പിച്ചത്. 2019 ൽ എട്ടുപേരാണ് ആത്മഹത്യ ചെയ്തത്. കോവിഡ് മഹാമാരി പടര്‍ന്ന 2020ലും 2021 ലും കണക്ക് വളരെ താഴ്ന്നിരുന്നെങ്കിൽ ഈയടുത്തും തുടരെ തുടരെ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം ഏറി വരികയാണ്. അധ്യാപകരും മാതാപിതാക്കളും സമൂഹവും ചേർന്ന് അവർക്ക് നൽകുന്ന സമ്മർദമാണ് ഇത്തരം പ്രവണതകളിലേക്ക് കുട്ടികളെ എത്തിക്കുന്നത്. കുട്ടി ഡോക്ടറോ എൻജിനീയറോ ആകുന്നതിലപ്പുറം ഒരു ലക്ഷ്യവും ഇല്ലെന്ന തരത്തിൽ ജീവിക്കുന്ന മാതാപിതാക്കളാണ് ഇക്കാര്യത്തിൽ ആദ്യം പ്രതിസ്ഥാനത്ത് വരുന്നവർ. ഈ വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ അവർ കുട്ടികളെ കോച്ചിംഗ് സെന്ററുകൾ വലിയ തുക നൽകി ചേർക്കുന്നു. മാതാപിതാക്കളുടെ വലിയ പ്രതീക്ഷകൾ അനുസരിച്ച് പ്രവർത്തിക്കാൻ കോച്ചിംഗ് സെന്ററുകൾ നിർബന്ധിതരാകുന്നു. റിസൾട്ട് ഓറിയന്റഡ് ആയി പ്രവർത്തിക്കുമ്പോൾ മാനുഷികത നഷ്ടമാവുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇഷ്ടപ്പെട്ട കോഴ്സ് എടുത്ത് പഠിച്ച് എഴുത്തുകാരനോ അധ്യാപകനോ സിവിൽ സർവീസ് ഉദ്യോഗസ്ഥനോ ഒക്കെ ആവേണ്ട നമ്മുടെ കുട്ടി പാതി വഴിയിൽവെച്ച് വിട പറയുന്നത് ഇത്തരം പ്രഷറുകൾ താങ്ങാനാവാതെയാണ്. ഉറക്കം ഒഴിച്ചുള്ള പഠന രീതിയും ടൈറ്റ് ഷെഡ്യൂളുകളും കുട്ടിയെ മാനസിക സംഘർഷത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്കും എത്തിക്കുന്നു.
താല്പര്യമുള്ള കോഴ്സ് എടുത്തു പഠിക്കാൻ മാതാപിതാക്കൾ കുട്ടിക്ക് അവസരം നൽകുന്നതോടൊപ്പം ഇത്തരം മത്സര പരീക്ഷകൾക്കായി നമ്മൾ സമീപിക്കുന്ന കോച്ചിംഗ് സെന്ററുകളും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം. കഷ്ടപ്പെട്ട് ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുന്ന കുട്ടിയോടൊപ്പം നമ്മൾ ഉണ്ടെന്നും, ഈ പ്രവേശന പരീക്ഷയിൽ ജയിക്കലല്ല ജീവിതത്തിന്റെ അവസാന ലക്ഷ്യം എന്നും ഇതല്ലെങ്കിൽ വേറെ മാർഗ്ഗങ്ങൾ ഉണ്ടെന്നും അവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. ദിവസേന അവരുടെ ആശങ്കകൾ കേൾക്കാൻ സമയം മാറ്റിവച്ച് കൂടെയിരിക്കണം. ഭാവിയിലെ ഡോക്ടർമാരോ എൻജിനീയർമാരോ ആയില്ലെങ്കിലും നല്ല ഒരു വ്യക്തിയായി നമ്മുടെ കുട്ടി നമ്മുടെ കൂടെയുണ്ടാവുക എന്നതാണ് പ്രധാനം.