Connect with us

Editorial

ബജറ്റിലല്ല; ധനവിനിയോഗത്തിലാണ് കാര്യം

ഭൂനികുതി വര്‍ധന, കോടതി ഫീ വര്‍ധന തുടങ്ങി പൊതുജനത്തിനു പ്രഹരമേല്‍പ്പിക്കുന്ന നികുതി നിര്‍ദേശങ്ങളുള്‍ക്കൊള്ളുന്നതാണ് കെ എന്‍ ബാലഗോപാലിന്റെ 2025- 26 വര്‍ഷത്തേക്കള്ള സംസ്ഥാന ബജറ്റ്. ക്ഷേമ പെന്‍ഷനില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയും തെറ്റി.

Published

|

Last Updated

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് കടന്നുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ജനപ്രിയമായിരിക്കും സംസ്ഥാന ബജറ്റെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഭൂനികുതി വര്‍ധന, കോടതി ഫീ വര്‍ധന തുടങ്ങി പൊതുജനത്തിനു പ്രഹരമേല്‍പ്പിക്കുന്ന നികുതി നിര്‍ദേശങ്ങളുള്‍ക്കൊള്ളുന്നതാണ് കെ എന്‍ ബാലഗോപാലിന്റെ 2025- 26 വര്‍ഷത്തേക്കള്ള സംസ്ഥാന ബജറ്റ്.

ക്ഷേമ പെന്‍ഷനില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയും തെറ്റി. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ നല്‍കി വരുന്നത്. 1,100 കോടിയാണ് പ്രതിമാസം ഈയിനത്തില്‍ ചെലവ്. 110 കോടി കൂടി ഈയിനത്തിലേക്ക് മാറ്റിവെച്ചാല്‍ പെന്‍ഷന്‍ നിലവിലെ 1,600 രൂപയില്‍ നിന്ന് 1,700 ആയി ഉയര്‍ത്താനാകും. നവകേരള സദസ്സിന് 500 കോടിയും സര്‍ക്കാര്‍ വാഹനങ്ങള്‍ പുതുക്കാന്‍ 100 കോടിയും അനുവദിച്ച മന്ത്രി പക്ഷേ, ക്ഷേമ പെന്‍ഷനു വേണ്ടി 110 കോടി മാറ്റിവെക്കാന്‍ മനസ്സു കാണിച്ചില്ല. ക്ഷേമ പെന്‍ഷന്‍ 2,500 രൂപയിലെത്തിക്കുമെന്ന് വാഗ്്ദാനം ചെയ്താണ് ഇടതുമുന്നണി അധികാരത്തിലേറിയതെന്ന കാര്യം മനഃപൂര്‍വം വിസ്മരിച്ചു. സര്‍ക്കാര്‍ ജിവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണ പ്രഖ്യാപനമുണ്ടാകുമെന്ന വിലയിരുത്തലും വൃഥാവിലായി.

ഭൂനികുതിയില്‍ അമ്പത് ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയത്. സ്വകാര്യ ആവശ്യത്തിനുള്ള നാല് ചക്ര ഇലക്്ട്രോണിക് വാഹനങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചു. എട്ട് മുതല്‍ പത്ത് ശതമാനം വരെയാണ് വര്‍ധന. ഇതോടെ കേന്ദ്ര ബജറ്റില്‍ ഇലക്്ട്രിക് വാഹനങ്ങളുടെ പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതിന്റെ ഗുണം കേരളീയര്‍ക്ക് ഇല്ലാതാകും. 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗത്തിന് 50 ശതമാനം നികുതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം കേരളത്തെ ഞെക്കിക്കൊല്ലാനുള്ള ശ്രമത്തിലാണെങ്കിലും സാമ്പത്തിക ഞെരുക്കത്തിന്റെ തീഷ്ണമായ ഘട്ടം കേരളം അതിജീവിച്ചു കഴിഞ്ഞുവെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റിലേക്ക് കടന്നത്. ഈ അതിജീവനത്തിന്റെ ലക്ഷണങ്ങളൊന്നും ബജറ്റില്‍ കാണുന്നില്ല.

റിസര്‍വ് ബേങ്കിന്റെ റിപോര്‍ട്ട് പ്രകാരം 4.29 ലക്ഷം കോടി രൂപ വരും 2024 വരെയുള്ള കേരളത്തിന്റെ കടബാധ്യത. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര ബജറ്റിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിച്ചില്ലെന്നു മാത്രമല്ല, ബജറ്റില്‍ കേരളത്തിനു ന്യായമായ വിഹിതം ലഭിച്ചതുമില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ഇന്നലെ രണ്ടാം പിണറായി സര്‍ക്കാറിനു വേണ്ടി ധനമന്ത്രി നാലാമത് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത്.

എന്നാല്‍ മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാറുകള്‍ക്കുമുണ്ട് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉത്തരവാദിത്വം. ബജറ്റില്‍ ഓരോ വര്‍ഷവും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു തുക നീക്കിവെക്കാറുണ്ടെങ്കിലും അതില്‍ നല്ലൊരു ഭാഗവും ഭരണച്ചെലവ് പോലുള്ള പദ്ധതിയേതര മേഖലക്ക് വിനിയോഗിക്കേണ്ട സാഹചര്യമാണ് പൊതുവെ കണ്ടുവരാറ്. ഭരണരംഗത്തെ ധൂര്‍ത്തും ആസൂത്രിതമല്ലാത്ത ചെലവുകള്‍ നിയന്ത്രിച്ചും കെടുകാര്യസ്ഥത അവസാനിപ്പിച്ചും നികുതി പിരിവ് ഊര്‍ജിതപ്പെടുത്തിയുമാണ് അധികവിഭവ സമാഹരണം കൈവരിക്കേണ്ടത്. ഭരണച്ചെലവ് നിയന്ത്രിക്കുമെന്ന് എല്ലാ സര്‍ക്കാറുകളും പ്രഖ്യാപിക്കാറുണ്ടെങ്കിലും ബ്യൂറോക്രസിയുടെ നിസ്സഹകരണം കാരണം നടപ്പില്‍ വരുത്താന്‍ സാധിക്കാറില്ല.

നിരന്തരം കടമെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. കടമെടുപ്പ് അധിക്ഷേപാര്‍ഹമായ നടപടിയല്ല. ഒരു സംസ്ഥാനവും ഇതിനപവാദവുമല്ല. റിസര്‍വ് ബേങ്ക് പുറത്തുവിട്ട 2023- 24 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം തമിഴ്‌നാട്, മഹാരാഷ്്ട്ര, ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ കടമെടുപ്പില്‍ കേരളത്തിന് മീതെയാണ്. ഓരോ സംസ്ഥാനത്തിനും അതിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കുകയും ചെയ്യുന്നു.

എന്നാല്‍ കടമെടുക്കുന്ന പണം പ്രത്യുത്പാദനപരമായ മേഖലകളില്‍ വിനിയോഗിച്ചു കടം തരിച്ചടക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി അവലംബിക്കേണ്ടതുണ്ട്. വാങ്ങിയ കടം തിരിച്ചടക്കാന്‍ പിന്നെയും കടം വാങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കരുത്. സാമ്പത്തിക ക്രമീകരണത്തില്‍ തികഞ്ഞ വിവേകവും സുതാര്യയും അനിവാര്യമാണ്. ജീവനക്കാരുടെ ശമ്പള, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഭരണപരമായ ചെലവുകള്‍ റവന്യൂ വരുമാനത്തിന്റെ നിശ്ചിത ശതമാനത്തില്‍ ഒതുക്കുകയും കടമെടുപ്പ് സംഖ്യ വികസനപരവും പ്രത്യുത്പാദനപരവുമായ മേഖലയില്‍ പരിമിതപ്പെടുത്തുകയും ചെയ്യുകയാണ് ഈ ദുരവസ്ഥ ഒഴിവാക്കാനുള്ള മാര്‍ഗം. ആസൂത്രണം ബജറ്റ് തയ്യാറാക്കുന്നതില്‍ മാത്രം പോരാ, പണത്തിന്റെ വിനിയോഗത്തിലും വേണം. ഓരോ മേഖലക്കും നീക്കിവെക്കുന്ന തുക അതാത് മേഖലയില്‍ തന്നെ വിനിയോഗിക്കണം. എങ്കിലേ പൊതുകടം കുറച്ച് വരുമാന സമാഹരണം മെച്ചപ്പെടുത്താനാകുകയുള്ളൂ.

വയനാട് പുനരധിവാസ പാക്കേജിന് 750 കോടി, ആരോഗ്യ മേഖലക്ക് 10,431 കോടി, ഗ്രാമവികസന മേഖലക്ക് 7,099 കോടി, വിലക്കയറ്റം തടയുന്നതിന് വിപണി ഇടപെടലുകള്‍ക്ക് 2,063 കോടി തുടങ്ങിയവയാണ് ബജറ്റിലെ ചില പ്രഖ്യാനങ്ങള്‍. തിരുവനന്തപുരം, കോഴിക്കോട് മെട്രോകള്‍, കൊച്ചി മെട്രോയുടെ വികസനം, വിഴിഞ്ഞം തുറമുഖ അനുബന്ധ പദ്ധതി തുടങ്ങി അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കുന്നുണ്ട് ബജറ്റ്. റോഡുകള്‍ക്കും പാലങ്ങള്‍ക്കും 4,219 കോടി നീക്കിവെച്ചിട്ടുണ്ട്. വിപണി ഇടപെടലുകള്‍ക്ക് എല്ലാ വര്‍ഷവും നല്ലൊരു തുക നീക്കിവെക്കാറുണ്ടെങ്കിലും വിപണിയില്‍ അത് പ്രതിഫലിച്ചുകാണാറില്ല. ബജറ്റ് നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ഉത്തരവാദിത്വ ബോധവും കൂടി വേണം ഭരണാധികാരികള്‍ക്ക്.

Latest