Fact Check
അത് മരിച്ചവരല്ല, എന്റെ കുടുംബമാണ്; പ്രചരിക്കുന്ന ചിത്രം വ്യാജം
അപകടമുണ്ടാകുന്നതിന്റെ തൊട്ടുമുന്നിലെ ട്രിപ്പിലാണ് അബ്ദുവിന്റെ കുടുംബം യാത്ര ചെയ്തത്
താനൂര്‍ | ഏതൊരു അപകടം ഉണ്ടായാലും ഒരുപാട് തെറ്റായ വാര്‍ത്തകള്‍ പരക്കും. ചിലർ മനപ്പൂര്‍വവും പിന്നെ സംഭവമറിയാതെ പലരും. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം പ്രഭവമറിയാത്ത സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കാറുള്ളത്. താനൂര്‍ ബോട്ടപകട സാഹചര്യത്തിലും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ നിരവധിയാണ്. ഇക്കൂട്ടത്തിലൊന്നാണ് അപകടത്തില്‍ 14 പേര്‍ മരിച്ച കുന്നുമ്മല്‍ കുടുംബത്തിന്റെതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം. ഇതിനിടെ, ചിത്രം തന്റെ കുടുംബത്തിന്റെതാണെന്ന വെളിപ്പെടുത്തലുമായി മുൻ പ്രവാസിയായ ചെമ്പന്‍ അബ്ദു ഫേസ്ബുക്കിലെത്തി.
ഇത് തന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും ഉള്‍പ്പെടെയുള്ളവരാണെന്നും ചിറമംഗലത്തെ ബന്ധു വീട്ടില്‍ നിന്ന് മടങ്ങുന്ന വഴി താനൂര്‍ തൂവല്‍തീരത്തെത്തി എടുത്ത ചിത്രമാണ് മരണപ്പെട്ടവരുടെത് എന്ന പേരില്‍ പ്രചരിക്കുന്നതെന്നും ചെമ്പന്‍ അബ്ദു എന്നയാള്‍ ഫേസ് ബുക്കില്‍ അറിയിച്ചു.
അപകടമുണ്ടാകുന്നതിന്റെ തൊട്ടുമുന്നിലെ ട്രിപ്പിലാണ് അബ്ദുവിന്റെ കുടുംബം യാത്ര ചെയ്തത്. ബോട്ടില്‍ യാത്രചെയ്യുമ്പോള്‍ പകര്‍ത്തിയ വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൈക്കുഞ്ഞുങ്ങളടക്കുമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. എന്നാല്‍, തിരക്ക് കുറവായിരുന്നു.
അവസാന ട്രിപ്പില്‍ നിരവധി ആളുകളാണ് കയറിയത്. അതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതോടൊപ്പം, ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാകുന്നുണ്ട്.
തന്റെ മക്കളും മരുമക്കളും പേരമക്കളും ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസവും അബ്ദു ഫേസ്ബുക്കില്‍ പ്രകടിപ്പിച്ചു.