Articles
ഇത് കഥയല്ല, വിദ്വേഷം മാത്രം
കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക മുന്നേറ്റം ചിലര്‍ക്ക് സഹിക്കുന്നില്ല. അന്തസ്സോടെ ജീവിക്കുന്ന ഒരു ജനതയെ കരിവാരിത്തേക്കാനും ലോകത്തിന് മുന്നില്‍ അവരുടെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള 'കേരള സ്റ്റോറി' സമൂഹത്തില്‍ വിദ്വേഷവും വൈരവും അവിശ്വാസവും പടര്‍ത്തി തീക്കാറ്റ് സ്വപ്നം കാണുന്ന ദുഷ്ടമനസ്സുകളുടെ സൃഷ്ടിയാണ്.
അഡോള്‍ഫ് ഹിറ്റ്്ലർ കാമുകി ഈവ ബൗണുമൊത്ത് ഭൂഗര്‍ഭ അറയില്‍ ജീവനൊടുക്കിയതിന്റെ 78ാം വാര്‍ഷികം ഇന്നലെ, ഏപ്രില്‍ 30ന് കടന്നുപോയപ്പോള്‍ സക്കറിയ എഴുതിയ ഓര്‍മക്കുറിപ്പിലെ അവസാന വാചകം ഇതാണ്: “ഹിറ്റ്്ലര്‍ക്ക് സന്തോഷിക്കാം. അത്രയേറെയാണ് അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍’. മനുഷ്യ ചരിത്രത്തില്‍ എത്രയോ സ്വേച്ഛാധിപതികളും ക്രൂര ഭരണാധികാരികളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഹിറ്റ്്ലറുടെ കുടില ബുദ്ധിയില്‍ കുമിഞ്ഞുകൂടിയ അധികാരമോഹവും ചിന്തയില്‍ പിറന്ന നാസി പ്രത്യയശാസ്ത്രവും സൃഷ്ടിച്ചത് പോലുള്ള മനുഷ്യ ദുരന്തത്തിന് ചരിത്രത്തില്‍ തുല്യതയില്ല. ഒരു മനുഷ്യന്റെ അറ്റമില്ലാത്ത അധികാരമോഹം എട്ട് കോടി ജീവിതങ്ങളെ കൊന്നൊടുക്കിയ രണ്ടാം ലോക മഹായുദ്ധത്തിന് വഴിവെച്ചു. ആറര ലക്ഷം ജൂതന്മാരെ വകവരുത്തിയാണ് ജര്‍മനിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരെന്ന് ഹിറ്റ്്ലര്‍ വിധിയെഴുതിയ ഒരു ജനതയെ ശിക്ഷിച്ചത്. അഞ്ച് വര്‍ഷം മുമ്പ് 2.5 ശതമാനം വോട്ട് മാത്രം ലഭിച്ച നാസി പാര്‍ട്ടിയുടെ നേതാവിന് 1933 ആയപ്പോഴേക്കും ജാര്‍മനിയുടെ ചാന്‍സലറാകാന്‍ എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അതിസമര്‍ഥമായ “പ്രൊപ്പഗാണ്ട’യിലൂടെ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പരന്നൊഴുകിയ വിദ്വേഷ വിഷത്തിന്റെ മാരകശക്തി.
ആമുഖമായി ഹിറ്റ്്ലറെ പരാമര്‍ശിച്ചത്, വിദ്വേഷ രാഷ്ട്രീയത്തിന്റെ സംഹാരശേഷി എത്ര ഭയാനകമാണെന്നും അതിന്റെ വ്യാപനത്തിന് അവലംബിക്കുന്ന പ്രചാരണ ഉപാധികള്‍ എത്ര നികൃഷ്ടമാണെന്നും അടിവരയിടാനാണ്. “ദി കേരള സ്റ്റോറി’ എന്ന ബഹുഭാഷ സിനിമ വിവാദമാകുമ്പോള്‍ അതിന്റെ പ്രചാരണ രീതിശാസ്ത്രത്തെ ആഴത്തില്‍ പരിശോധിക്കുകയും മുന്നറിയിപ്പുകള്‍ കൈമാറുകയും ചെയ്യേണ്ടതുണ്ട്. മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിറുത്തുന്നവര്‍ക്ക് ഇന്നേവരെ കടന്നുചെല്ലാന്‍ സാധിക്കാത്ത മേഖലകളിലേക്ക് നുഴഞ്ഞുകയറാന്‍ അവലംബിക്കുന്ന മാര്‍ഗങ്ങള്‍ എന്തുമാത്രം ആസൂത്രിതമാണെന്നും വിപത്കരമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ ഗണ്യമായ തോതില്‍ ജീവിക്കുന്ന ജമ്മു കശ്മീര്‍, കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി കീഴടക്കാന്‍ സര്‍വ തന്ത്രങ്ങളും പയറ്റിയെങ്കിലും വിജയിച്ചിട്ടില്ല. അതോടെ പച്ചക്കള്ളങ്ങള്‍ നിരത്തിയാണ് ഹിന്ദു സമൂഹത്തെ വശത്താക്കാന്‍ ശ്രമങ്ങള്‍ തുടരുന്നത്. എന്നാല്‍ ഇതാദ്യമാണ് കോടികള്‍ മുടക്കി ഒരു സിനിമയിലൂടെ കേരളീയ ഹൈന്ദവ മനസ്സ് വിഷമയമാക്കാന്‍ ആര്‍ എസ് എസും മൂലധന ശക്തികളും കൈകോര്‍ത്തിരിക്കുന്നത്.
ചുട്ടെടുത്ത കള്ളക്കഥകള്‍, ദൃശ്യങ്ങള്‍
മെയ് അഞ്ചിന് പുറത്തുവരാന്‍ പോകുന്ന “ദി കേരള സ്റ്റോറി’യുടെ, ഏപ്രില്‍ 26ന് പുറത്തുവിട്ട ടീസര്‍ കണ്ടതോടെയാണ് രാജ്യം ഞെട്ടിത്തരിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ തിരക്കഥയും സംവിധാനവുമൊക്കെ സുദിപ്തോ സെന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്. സംഘ്പരിവാര്‍ അവരുടെ അകത്തളങ്ങളില്‍ ഇതുവരെ പ്രചരിപ്പിച്ചുകൊണ്ടിരുന്ന കല്ലുവെച്ച നുണകളെ ദൃശ്യവത്കരിച്ചിരിക്കുന്നത് സംഭവകഥ എന്ന ലേബലിലാണ്. ചാനല്‍ ചര്‍ച്ചകളിലെ മുഖ്യ ചോദ്യം ഇത് “ഫാക്ട്’ ആണോ അല്ല “ഫിക്ഷന്‍’ ആണോ എന്നതാണ്. തൊണ്ണൂറുകളില്‍ മുസ്‌ലിം തീവ്രവാദികളുടെ പീഡനം സഹിക്കവയ്യാതെ പതിനായിരക്കണക്കിന് കശ്മീര്‍ പണ്ഡിറ്റുകള്‍ താഴ്്വരയില്‍ നിന്ന് പലായനം ചെയ്തുവെന്ന ഹിന്ദുത്വ ദുഷ്പ്രചാരണങ്ങള്‍ക്ക് ആധികാരിത നല്‍കാന്‍ വിവേക് അഗ്നിഹോത്രി അവതരിപ്പിച്ച “ദി കശ്മീര്‍ ഫയല്‍സി’ന്റെ കേരള ഭാഷ്യമാണ് ഈ സിനിമ. “ഒളിച്ചുവെക്കപ്പെട്ട സത്യം അനാവരണം ചെയ്യുന്നു’വെന്ന പരസ്യത്തോട് കൂടിയാണ് ട്രെയ്്ലര്‍ ആരംഭിക്കുന്നത്. ഐ എസ് എസ് ഭീകരവാദം കൊടുമ്പിരിക്കൊണ്ട 2019-20 കാലഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ഏതാനും പേര്‍ സംഘത്തില്‍ ചേരാന്‍ ഖുറാസാനിലേക്കും സിറിയയിലേക്കും പോയെന്ന സംഭവത്തെ ആസ്പദമാക്കി കെട്ടിച്ചമച്ചതാണ് കഥ. കേരളം ഭീകരവാദികളുടെ താവളമാണെന്നും “ലവ് ജിഹാദ്’ വഴി 32,000 ഹിന്ദു യുവതികളെ മതംമാറ്റി ഐ എസ് എസ് കേന്ദ്രത്തിലേക്ക് എത്തിച്ചുവെന്നും അവിടെ പോരാട്ടത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും വിനിയോഗിച്ചുവെന്നും വിളിച്ചുപറയുകയാണ് ഏറ്റെടുത്ത “ദൗത്യം’.
കേരളീയ മുസ്‌ലിം സമൂഹത്തെ ഇതുപോലെ തെറ്റായി ചിത്രീകരിക്കുന്ന ഒരു ചലച്ചിത്ര സൃഷ്ടിയോ മറ്റു കലാരൂപമോ രചനയോ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. രാജ്യത്തെ ഇതര മുസ്‌ലിം സമൂഹത്തില്‍ നിന്ന് വ്യതിരിക്തമായി സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ ബഹുദൂരം മുന്നോട്ടുപോയ, ധൈഷണിക, രാഷ്ട്രീയ രംഗങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയാകും വിധം പുരോഗമന പാത പുണര്‍ന്ന ഒരു വിഭാഗത്തെ എത്ര നിഷ്ഠൂരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ലവ് ജിഹാദ് ഒരു കെട്ടുകഥയാണെന്നും ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും ഔദ്യോഗിക വക്താക്കളും കോടതിയുമെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടും ഇവിടെ മുസ്‌ലിം ചെറുപ്പക്കാര്‍ അനുരാഗം നടിച്ച് ഹിന്ദു, ക്രൈസ്തവ പെണ്‍കുട്ടികളെ പാട്ടിലാക്കി മതംമാറ്റത്തിന് ഇരയാക്കുകയാണെന്നും പിന്നീട് തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്നും വ്യാപകമായി പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ ഭാഷ്യത്തിന് ആധികാരികത നല്‍കുന്ന ഈ സിനിമ മതനിരപേക്ഷ സംസ്‌കാരത്തോട് കാട്ടുന്ന ക്രൂരത വിവരണാതീതമാണ്. കേരളത്തില്‍ ലവ് ജിഹാദ് വഴി വ്യാപക മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആര്‍ എസ് എസ് പ്രചാരണമാണല്ലോ ഹാദിയ എന്ന 24കാരിയായ ഹോമിയോ വിദ്യാര്‍ഥിനി ഇസ്‌ലാം സ്വീകരിച്ച് ഒരു മുസ്‌ലിമിനെ നികാഹ് ചെയ്തപ്പോള്‍ രാജ്യമൊട്ടുക്കും വന്‍ കോലാഹലത്തിന് വഴിവെച്ചത്. ഈ വിവാഹം ലവ് ജിഹാദാണോ എന്നന്വേഷിക്കാന്‍ പരമോന്നത നീതിപീഠം എന്‍ ഐ എയെ ചുമതലപ്പെടുത്തിയ വിചിത്ര നടപടിക്ക് രാജ്യം സാക്ഷ്യം വഹിച്ചു. അവസാനം എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക മുന്നേറ്റം ചിലര്‍ക്ക് സഹിക്കുന്നില്ല. അന്തസ്സോടെ ജീവിക്കുന്ന ഒരു ജനതയെ കരിവാരിത്തേക്കാനും ലോകത്തിന് മുന്നില്‍ അവരുടെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള “കേരള സ്റ്റോറി’ സമൂഹത്തില്‍ വിദ്വേഷവും വൈരവും അവിശ്വാസവും പടര്‍ത്തി തീക്കാറ്റ് സ്വപ്നം കാണുന്ന ദുഷ്ടമനസ്സുകളുടെ സൃഷ്ടിയാണ്. 90 ലക്ഷത്തോളം വരുന്ന ഇവിടുത്തെ മുസ്‌ലിം സമൂഹത്തില്‍, മറ്റേത് സമൂഹത്തിലേതും പോലെ, വിരലിലെണ്ണാവുന്നവര്‍ തെറ്റായ ചിന്തയിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തള്ളിപ്പറയാനും നിയമപരമായും ജനാധിപത്യപരമായും പ്രതിരോധിക്കാനും മുസ്‌ലിം സമൂഹം തന്നെ കാണിക്കുന്ന ആര്‍ജവം അംഗീകരിക്കാന്‍ ചിലര്‍ക്ക് സാധ്യമല്ലെന്നുറപ്പാണ്.
സത്യവും മിഥ്യയും
ആധികാരിക വസ്തുതകളുടെ അടിസ്ഥാനത്തിലാണീ സിനിമയെന്നും എല്ലാത്തിനും തെളിവുണ്ടെന്നുമുള്ള നിര്‍മാതാവ് വിപുല്‍ അമൃതലാലിന്റെ അവകാശവാദം തന്നെ കേരളത്തിലെ സംഘ് നേതൃത്വത്തിന്റെ അസത്യഭാഷ്യങ്ങള്‍ ആസ്പദമാക്കിയാണ് കഥ മെനഞ്ഞതെന്ന് വ്യക്തമാക്കുന്നു. ഹദ ശര്‍മ അവതരിപ്പിക്കുന്ന ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന മുഖ്യകഥാപാത്രം ഐ എസ് എസ് ഭീകരവാദിയുടെ ഭാര്യയായി മാറുന്നതോടെ ഭീതിജനകമായ ദൗത്യമേറ്റെടുക്കുന്നതും ദുരിതജീവിതത്തിന്റെ ചോരമരവിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്നതും ആരെയൊക്കെയാണ് സന്തോഷിപ്പിക്കുകയെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ദേശീയ മാധ്യമങ്ങള്‍ പലതും ഇപ്പോള്‍ തന്നെ സിനിമയെ വാഴ്ത്താനും അതിന്റെ ഉള്ളടക്കത്തെ യാഥാര്‍ഥ്യങ്ങള്‍ എന്ന നിലക്ക് വ്യാപകമായി പ്രചരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. സെന്‍സർ ബോര്‍ഡിന്റെ അംഗീകാരം വാങ്ങാതെയാണത്രെ ടീസര്‍ പുറത്തുവിട്ടത്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ അപകടകരമാംവിധം സാമൂഹിക ധ്രുവീകരണത്തിനും അതുവഴി വര്‍ഗീയ പൊട്ടിത്തെറിക്കും ഈ നുണക്കഥ വഴിവെക്കുമെന്ന് ഭയപ്പെടേണ്ടതുണ്ട്. ഹിന്ദുത്വവാദികള്‍ ആഗ്രഹിക്കുന്നത് അതാണെന്ന് മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വാസ്ഥ്യമുള്ള സമൂഹം ഉണ്ടെങ്കിലേ കലക്കും ആവിഷ്‌കാരത്തിനും ഇടമുള്ളൂ.