feature
മഴ പെയ്യുന്നു; മണ്ണിലും മനസ്സിലും...
ആർദ്രമനസ്സുകൾക്കെന്നും മഴ അനിർവചനീയമായ അനുഭൂതി... പുതുമഴക്കൊരു ഗന്ധമുണ്ട്, മണ്ണിന്റെ ഗന്ധം. ആ ഗന്ധം ചെമ്പരത്തിപ്പൂക്കൾ അതിരിട്ട മുറ്റത്തിന്റെ അതിർത്തിയും കടന്ന് കോലായിലേക്ക് പരക്കുന്ന നേരം മനംമന്ത്രിക്കുന്നു, മഴക്കാലമായി... ഇതാ, മഴക്കാലമായി.
ദാഹാർത്തയായ ഭൂമിയുടെ വരണ്ടമണ്ണിലേക്ക് മഴത്തുള്ളികൾ പെയ്തുവീഴുമ്പോൾ മനസ്സുകൾ ആർദ്രമാവുകയാണ്… ആർദ്രമനസ്സുകൾക്കെന്നും മഴ അനിർവചനീയമായ അനുഭൂതി… പുതുമഴക്കൊരു ഗന്ധമുണ്ട്, മണ്ണിന്റെ ഗന്ധം.
ആ ഗന്ധം ചെമ്പരത്തിപ്പൂക്കൾ അതിരിട്ട മുറ്റത്തിന്റെ അതിർത്തിയും കടന്ന് കോലായിലേക്ക് പരക്കുന്ന നേരം മനംമന്ത്രിക്കുന്നു, മഴക്കാലമായി… ഇതാ, മഴക്കാലമായി.
മഴനനഞ്ഞ് പറമ്പുകളിൽ ഓടിക്കളിച്ച കാലം. വയൽവരമ്പുകളിലൂടെ മഴയുടെ കൈപ്പിടിച്ചു നടന്നകാലം.. എങ്ങുനിന്നോ പറന്നുവന്ന ഒരു വണ്ണാത്തിക്കിളി മഴനനഞ്ഞ ചിറകുകൾ കുടഞ്ഞ് മുറ്റത്തെ പുളിമരത്തിൽ വന്നിരുന്ന കാലം.
പെരുമഴയത്ത് പള്ളിക്കുളത്തിൽ മുങ്ങാംകുഴിയിട്ടത്, അബുമുക്രി വിരട്ടിയോടിച്ചത്, മഴകൊണ്ട് നനഞ്ഞൊലിച്ച് ക്ലാസിൽ വന്നിരുന്നത്, നോട്ടുപുസ്തകത്തിലെ അക്ഷരങ്ങളിൽ മഷി പരന്നത്, കാലുപോയി കമ്പ് വളഞ്ഞ കുട ചൂടിപ്പോയത്, സെന്റ്‌ജോർജ് കുടയ്ക്ക് താങ്ങാനാവാത്ത മഴയുടെ ഭാരം ബാഗിനുള്ളിലൂടെ പുസ്തകത്താളിലേക്ക് ഒലിച്ചിറങ്ങിയത്, അന്നുരാത്രി പുസ്തകങ്ങൾ അടുപ്പിനടുത്ത് ഉറങ്ങിയത്, ജനൽപോള ഇറുകെയടച്ച് മഴയുടെ ഇരമ്പം കാതോർത്തുകിടന്നത്, ഓരോ ഇടിശബ്ദം കേൾക്കുമ്പോഴും വീണ്ടും വീണ്ടും പുതപ്പ് തലയിലേക്ക് വലിച്ചിട്ടത്. ഓർമകൾ പെയ്യാൻ തുടങ്ങുമ്പോൾ നാം സ്വയം ഓരോരോ മഴത്തുള്ളികളായി മാറുകയാണ്..
മഴക്കാലക്കാഴ്ചകൾക്കു എന്തൊരു മനോഹാരിതയാണ്! കൈത്തോടുകളിൽ പുളയ്ക്കുന്ന പരൽമീനുകൾ. മഴ ചാറുമ്പോൾ ചുമലിൽ പാറിവന്നിരുന്ന് ചങ്ങാത്തമറിയിക്കുന്ന മഴത്തുമ്പി, നിറഞ്ഞപാടത്ത് വട്ടമിട്ടു പറക്കുന്ന കല്ലൻതുമ്പികൾ, വെയിലുകാത്ത് വേലിയിൽ ചിറകൊതുക്കുന്ന കരിയിലക്കിളികൾ, ഇടവഴികളിൽ ചൂട്ട് മിന്നിച്ചു പറന്നുപോവുന്ന മിന്നാമിനുങ്ങുകൾ, എണ്ണവിളക്കിന്റെ’ ചുവട്ടിൽ ചിറകുകൾ മുറിഞ്ഞ് ദേഹം വെടിഞ്ഞ മഴപ്പാറ്റകളുടെ പുലർക്കാഴ്ചകൾ. മഴക്കാലത്തെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്?!
മലയാള സാഹിത്യത്തിൽ മഴ പെയ്യുന്നത് നോക്കൂ!
“മഴ പെയ്യുന്നു. മഴ മാത്രമേയുള്ളു. കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞുകിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിെന്റ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. മുകളിൽ വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി…’
(ഖസാക്കിന്റെ ഇതിഹാസം – ഒ വി വിജയൻ)
എം ടിയുടെ കഥയിൽ മഴ വരുന്നത് ഇളകുന്ന തിരശ്ശീലപോലെയാണ്.
“പെരുമഴ വരുന്നത് കാണാം. അകലത്തെ താഴ്്വാരത്തിൽ നിന്ന് കയറി മേച്ചിൽപ്പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അൽപ്പനിമിഷങ്ങളിൽ അത് നിൽക്കുന്നു. കാലികൾ അസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണം കൊമ്പ് താഴ്ത്തിപ്പിടിക്കുകയും ചെയ്താൽ ഉറപ്പിക്കാം, വരുന്നത് പേമഴയാണ്. ആകെ നനച്ചിട്ടേ പാടം കടന്ന് പുഴക്കു മുകളിലെത്തൂ.’
( മഴ പെയ്യണ പെയ്യല് – എം ടി )
കുട്ടനാടിന്റെ കഥാകാരൻ തകഴിയുടെ കഥയിൽ മഴയുടെ രംഗപ്രവേശം രൗദ്രഭാവത്തോടെയാണ്.
“രാത്രിയായി. ഭയങ്കരമായ കൊടുങ്കാറ്റും മഴയും തുടങ്ങി. മേൽക്കൂര അലയടിയേറ്റ് ആടിയുലയുന്നു. രണ്ട് പ്രാവശ്യം ആ നായ് ഉരുണ്ടു താഴത്തു വീഴാൻ തുടങ്ങി. ഒരു നീണ്ട തല ജലത്തിനുമീതെ ഉയർന്നു. അതൊരു മുതലയാണ്. പട്ടി പ്രാണവേദനയോടെ കുരയ്ക്കാൻ തുടങ്ങി. അടുത്ത് കോഴികൾ കൂട്ടം കരയുന്ന ശബ്ദം കേൾക്കായി.’
(വെള്ളപ്പൊക്കത്തിൽ – തകഴി )
അടിയന്തരാവസ്ഥക്കാലത്ത് വേദനയുടെ പെരുമഴക്കാലം തന്നുപോയ തന്റെ അരുമപുത്രനെയോർത്ത് ഓരോ മഴക്കാലത്തും വിതുമ്പിയ ഒരച്ഛനുണ്ടായിരുന്നു, പേര് പ്രൊഫ. ടി വി ഈച്ചരവാര്യർ. ഓരോ മഴക്കാലങ്ങളും ഒരു മുളന്തണ്ടുപോലെ തേങ്ങുന്ന രാഗമായിത്തീർന്നു ആ അച്ഛന്.
“മഴ പൊഴിക്കുന്ന ഈ രാത്രിയിൽ ഞാൻ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്റെക്കോർഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാൻ തൊട്ടെടുക്കാൻ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാൻ കേൾക്കാതെ പോയ പാട്ടുകൾകൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകൻ നില്ക്കുന്നു.’
(ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ- പ്രൊഫ. ഈച്ചരവാര്യർ)
മഴയുടെ പാദസരക്കിലുക്കം കേൾക്കുമ്പോൾ ഒരു കുസൃതിക്കാരൻ ബാലൻ പുറത്തുചാടി പെരുമഴയത്തേക്കിറങ്ങിയോടുന്ന ചിത്രമുണ്ട് വിജയൻ മാഷിന്റെ പുസ്തകത്തിൽ. ജീവിതസായന്തനത്തിൽ പക്ഷേ, മാഷ് മഴ കണ്ടില്ല. വാതിലിന്റെ സാക്ഷയിട്ട് നഷ്ടമായ ഓർമകളിലേക്ക് മാഷ് സ്വയം നടന്നുപോയി.
“ഇടിയും മിന്നലും കാറ്റുമുള്ള പെരുമഴ ഞാൻ കുട്ടിക്കാലത്ത് പുറത്തിറങ്ങി നിന്ന് കണ്ടിരുന്നു. പെരുമഴ വീഴുമ്പോൾ എനിക്ക് അകത്തിരിക്കാൻ വയ്യ. യുവാവായിരിക്കുമ്പോഴും അങ്ങനെത്തന്നെ. എപ്പോഴും വീട്ടുകാരുടെ ചീത്ത. വാർധക്യത്തിൽ ഞാൻ ഇടിയും കാറ്റുമുള്ള പെരുമഴ അറിയുന്നില്ല. മഴ എന്റെ മുറ്റത്തുവീണ് എങ്ങോട്ടോ ഒഴുകുന്നു. ഞാൻ വാതിലുകൾ അടയ്ക്കുകയാണ്…’
(കാലിഡോസ്‌ക്കോപ്പ്- എം എൻ വിജയൻ )
അന്നും കാത്തിരുന്നു.
മഴ പെയ്‌തൊഴിഞ്ഞ സായന്തനത്തിൽ കരിയിലകൾ വീണു ചിതറിയ ഇടവഴിയിലൂടെ മറ്റൊരു മഴയായി അവൾ വന്നണയുന്നതും നിനച്ച്…
പക്ഷേ, അതു മാത്രമുണ്ടായില്ല. മഴ വീണ്ടും പെയ്തു.എന്റെ കണ്ണീരുപോലെ…
മഴ പ്രണയവും വിരഹവും സാക്ഷിയും ദൂതുമാകുന്നു. ഭൂമിയിൽ മഴയെ പ്രണയിക്കാത്ത ഒരു ജന്മമുണ്ടോ?!