Connect with us

book review

കാട്ടിലിരമ്പമായി ഇപ്പോഴും നെയ്യാണി...

വയനാടൻ കാടുകളിലാകെ നെയ്യാണി എന്ന്‌ വിളിച്ചലറിക്കൊണ്ട്‌ നടക്കുന്ന യുവാവിന്റെ മനോനിലയിലൂടെ ഗോത്രജനതയുടെ ജീവിതം പറയുന്ന വള്ളൂരമ്മ എന്ന നോവലിന്‌ ആറരപതിറ്റാണ്ടിന്റെ ചെറുപ്പം.

Published

|

Last Updated

യനാട്ടിലെ അടിസ്ഥാന വിഭാഗമായ ആദിവാസി ജനതയുടെ  ജീവിതാനുഭവങ്ങളും ആചാരങ്ങളും സത്യസന്ധതയും വെളിപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ നോവലാണ്‌ യു എ ഖാദറിന്റെ  വള്ളൂരമ്മ. തൃക്കോട്ടൂർ കഥകളിലൂടെയാണ്‌ യു എ ഖാദർ പ്രസിദ്ധനാവുന്നതെങ്കിലും അറുപതുകളിൽ തന്നെ ഗോത്രജീവിതം പ്രമേയമാക്കിയുള്ള രചന നിർവഹിച്ചിരുന്നു. കാട്ടിലെ തനത്‌  മനുഷ്യരുടെ ജീവിതാവസ്ഥ  അവതരിപ്പിച്ചു എന്നതാണ്‌ വള്ളൂരമ്മയുടെ സവിശേഷത.   പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഏറെയൊന്നും മാറിയിട്ടില്ലാത്ത വയനാട്ടിലെ അടിസ്ഥാന ജനവിഭാഗമായ അടിയരുടെ ജീവിതപരിസരമാണ്‌ കഥയുടെ ഇതിവൃത്തം.

വർഷത്തിലൊരിക്കൽ വള്ളിയൂർക്കാവിൽ അടിമകളെ വാങ്ങാൻ  എത്തുന്ന ജന്മിമാരോട് ചെയ്യുന്ന സത്യപ്രതിജ്ഞ പാലിക്കാൻ നടത്തേണ്ടിവരുന്ന ഗോത്ര യുവാവിന്റെ  ആത്മസംഘർഷമാണ് നോവലിന്റെ കാതൽ.   ജന്മിയിൽനിന്നും പ്രകൃതിയിൽനിന്നുപോലും നിരന്തരമായ ചൂഷണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുമ്പോഴും കൊടുത്ത വാക്കിനോടും മണ്ണിനോടും കൃഷിയോടും കാണിക്കുന്ന സത്യസന്ധതയിലടിസ്ഥാനമായ ആത്മാർഥതയാണ് തങ്ങളുടെ മുഖമുദ്രയെന്ന് പറയാതെ പറയുന്ന ഗോത്രവിഭാഗത്തിന്റെ നേര്‌ പൊതുസമൂഹത്തിന്‌ പകരാൻ നോവലിന്‌ കഴിയുന്നുണ്ട്‌.

ചെമ്പാലൻ  എന്ന ഗിരിവർഗക്കാരന്റെ ആത്മസംഘർഷത്തിന്റെ കഥയായി തുടങ്ങുന്നുണ്ടെങ്കിലും  ഒരു വലിയ സമൂഹത്തിന്റെ നിലനിൽപ്പിന്റെ കഥയായത്‌ പരിണമിക്കുന്നു.   ചളിക്കണ്ടത്തിൽ അടിമകളായി എക്കാലവും ഇവർ തുടരണമെന്ന ആഗ്രഹത്തെ പോറ്റിവളർത്താൻ ജന്മികൾ ചെയ്യുന്ന പണിയാണിത്‌. കുറിച്ച്യരും കുറുമരും ആദിവാസികളാണെങ്കിലും ഭൂമിക്കുടമകളായതിനാൽ വലിയതോതിലുള്ള വിവേചനങ്ങൾക്ക്‌ വിധേയമാകുന്നില്ല. എന്നാൽ അടിയർ, പണിയർ, ഊരാളർ എന്നിവർ മണ്ണിനുടമകളല്ലാത്തതിനാൽ നിരന്തരമായ വിവേചനങ്ങൾക്ക്‌ ഇവർ വിധേയമാകുന്നുണ്ട്‌.

വിവാഹത്തോടെ സ്വന്തം കുടിലിലേക്ക് എത്തുന്ന നെയ്യാണിയും അവരുടെ ജീവിത സാഹചര്യവും നോവലിൽ വളരെ കുറച്ചു മാത്രമേ പ്രതിപാദിക്കപ്പെടുന്നുള്ളൂവെങ്കിലും അവർ രണ്ട്‌ പേരും  ഹൃദയഐക്യത്തോടെയാണ് ജീവിച്ചത് എന്ന് സൂചനകൾ നൽകുന്നതിൽ കഥാകാരൻ വിജയിച്ചിട്ടുണ്ട്.  ഇവരുടെ ജീവിതത്തിൽ ഉണ്ടായ ദുരന്ത സാഹചര്യത്തിന്റെ കൃത്യമായ കാരണം നോവൽ പറയുന്നില്ല. അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ സാമൂഹിക ഘടനയിൽപ്പെട്ടുപോയ ഗോത്രജനത ഇത്തരം കണ്ണീർ കടലാണ്‌ കുടിച്ചു തീർത്തതെന്നത്‌ നോവലിൽ സുന്ദരമായി അവതരിപ്പിക്കുന്നുണ്ട്‌.

ചെമ്പാലന്റെ ഭാര്യ നെയ്യാണിയെ പാറയിൽ നുരയും പതയും വന്ന നിലയിൽ കണ്ടപ്പോൾ, പച്ച മരുന്നുകളൊന്നും ഫലിക്കാതെ വന്നപ്പോൾ മുപ്പനെ വിളിക്കുന്നുണ്ട്‌. മൂപ്പൻ പറയുന്നത്‌ നെയ്യാണിയെ പുകയിട്ട്‌  കൊല്ലാനാണ്‌. തന്റെ ഏറ്റവും പ്രിയപ്പെട്ടവളെ സമുദായത്തിന്റെ ആകെ നിലനിൽപ്പിനായി പുകയത്തിട്ട്‌ കൊല്ലാൻ മൗനാനുവാദം നൽകുന്ന ചെമ്പാലൻ അന്ധവിശ്വാസത്തിൽ മുങ്ങിപ്പോയ യുവാവണ്‌. ജീവിത പരിസരങ്ങളിലാകെ നിരാശപൂണ്ട് ഭാര്യയുടെ വിയോഗശേഷം അനുഷ്ഠാനപരതയുടെ ഭാഗമായി ഒരു വർഷക്കാലം കുളിക്കാൻ പോലും കഴിയാതെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനാകാതെ ദുഃഖ സാന്ദ്രമായി കാടുകളിലൂടെ അലഞ്ഞു നടക്കുന്ന ചോമ്പാലൻ എന്ന യുവാവിലൂടെ അയാൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ വയനാട്ടിലെ ആദിവാസികളായ അടിയാന്മാരുടെ ജീവിതത്തെ പ്രതിപാദിക്കുന്നു. വല്ലാത്ത ദയനീയതയും സഹാനുഭൂതിയും പിടിച്ചുപറ്റും വിധത്തിലാണ് ഈ കഥാപത്രത്തെ യു എ  ഖാദർ വർണിച്ചിരിക്കുന്നത്‌.

പുതിയ കുടിൽ (കുള്ള്‌) കെട്ടുന്പോൾ ഏക പോരായ്മയായി പറയുന്നത്‌ ചുരത്തിലൂടെ താഴ്്വാരത്തിലേക്കും മുകളിലേക്കും വരുന്ന വാഹനങ്ങളുടെ ശബ്ദം മാത്രമാണ് എന്ന്‌ നായകൻ പറയുന്നുണ്ട്‌. ആധുനിക മനുഷ്യൻ തങ്ങളുടെ ജീവിതത്തിലേക്ക്‌ എത്തുന്നത്‌ മാത്രമാണ്‌ അലോസരമെന്ന ചിന്തയാണ്‌ നോവലിലെ ഈ ഘട്ടം വിവരിക്കുന്നത്‌. പരിഷ്കൃതമായ ഒന്നിനെയും വാരിപ്പുണരാതെ കൃഷി,  വേട്ടയാടൽ , ആചാരാനുഷ്ഠാനങ്ങൾ, ദൈവസങ്കൽപ്പങ്ങൾ എന്നിവയിൽ മാത്രം ഒതുങ്ങി നിന്നുകൊണ്ട് ജീവിച്ചു തീർക്കുന്ന ഒരു ജനതയുടെ പരിച്ഛേദം കൂടിയാണ് നോവൽ.  വള്ളിയൂർ അമ്മയാണ്  സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും കാരണക്കാരിയെന്ന് ഇവരെല്ലാവരും ഉറച്ചു വിശ്വസിക്കുന്നു. പതിനൊന്ന്‌  അധ്യായങ്ങളിലായാണ്‌ കഥപറച്ചിൽ.

ബർമയിൽ ജനിച്ച്  പിതാവിന്റെ നാടായ കേരളത്തിലെത്തിയ  യു എ  ഖാദർ ഭാഷ പഠിച്ച്‌  കഥകളഴു തി കേരളക്കരയിലെ മുഴുവൻ മലയാളികളെയും വിസ്മയിപ്പിക്കുകയായിരുന്നു. ജീവിത പരിസരങ്ങളിൽ സത്യസന്ധത മുറുകെപ്പിടിക്കുന്ന ആദിവാസികളിൽ നിന്ന്  ആധുനികനെന്ന്‌ അഹങ്കരിക്കുന്ന  മനുഷ്യർക്ക് ഏറെ പഠിക്കാനുണ്ട് എന്ന് സവിശേഷ ബുദ്ധി ഉപദേശിക്കുന്ന സന്ദർഭങ്ങൾ വള്ളൂരമ്മയിലുണ്ട്.

വള്ളിയൂർക്കാവ്‌  എന്ന ക്ഷേത്ര പരിസരവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോത്ര അടിയാള ജീവിതത്തിന്റെ നേർചിത്രം കഥയിൽ നിറയെയുണ്ട്‌. നിലമ്പൂർ കൂപ്പിലെ കണക്കെഴുത്തുകാരനായി   ജീവിത തുടക്കത്തിന്റെ  കൗമാര കാലത്ത് ഖാദർ എത്തുന്നുണ്ട്‌.  ഇക്കാലത്തെ കാട്ടറിവുകൾ വള്ളൂരമ്മയുടെ രചനാരംഗത്ത് ഉപയോഗപ്പെടുത്തുന്നതിൽ രചയിതാവ് വിജയിച്ചിട്ടുണ്ട്.  എന്നാലും ചുരുക്കം വാക്കുകളിൽ മാത്രമാണ് പ്രാദേശിക അടിയാള ജനത സംസാരിക്കുന്ന ഭാഷ ഉപയോഗപ്പെടുത്തിയത് എന്നത് നോവലിന്റെ പരിമിതിയാണ്. 1959 ലാണ്‌ യു എ ഖാദർ ഈ കഥ എഴുതുന്നത്‌. 1962ൽ  പി കെ ബ്രദേഴ്‌സ്‌ ആദ്യ പതിപ്പായി പുസ്തകരൂപത്തിൽ വായനക്കാരിലെത്തിച്ചു.