Editors Pick
വേനലാണ്, വിട്ടുമാറാത്ത ചൊറിച്ചിലും: പ്രതിവിധികൾ ഇവിടെയുണ്ട്
ഓട്സ് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് ചർമ്മത്തിൽ തേച്ചു കുളിക്കുന്നത് ചൊറിച്ചിൽ അകറ്റാൻ സഹായിക്കും. ഇത് നിങ്ങളുടെ ചർമ്മത്തെ ഫ്രഷ് ആക്കി വയ്ക്കുകയും ഒപ്പം ചൊറിച്ചിലിനുള്ള കാരണങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു.
വേനൽക്കാലത്ത് വിയർപ്പ് അധികമാകുന്നതും അതോടൊപ്പം ഉണ്ടാകുന്ന ചൊറിച്ചിലും മിക്കവരും നേരിടുന്ന പ്രശ്നമാണ്. യാത്രയിൽ, ഓഫീസ് ജോലികൾക്കിടയിൽ എല്ലാം ഈ പ്രശ്നം നമ്മെ അലട്ടുന്നുണ്ട്. എന്നാൽ ചെറിയ ചില പൊടിക്കൈകളിലൂടെ ഈ ചൊറിച്ചിൽ അകറ്റാവുന്നതാണ്. അസഹനീയമായ ചൂടും തൊലിപ്പുറത്ത് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും എല്ലാം ഈ ചൊറിച്ചിലിന് കാരണമാകുന്നുണ്ട്.
വേനൽക്കാലത്ത് ഉണ്ടാകുന്ന ചൊറിച്ചിലിന് ഒരു പ്രധാന കാരണം സൂര്യാതപം ആണ്. അൾട്രാവയലറ്റ് (UV) വികിരണം ഒരുപാട് നേരം ചർമ്മത്തിൽ പതിക്കുന്നത് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാൻ കാരണമാകും. ചിലപ്പോൾ ചർമ്മത്തിൽ തടിച്ചു പൊങ്ങുന്നത് പോലെയും അനുഭവപ്പെട്ടേക്കാം ഇത് വിയർപ്പ് നാളങ്ങളെ തടസ്സപ്പെടുത്തുന്നു. ഇത് ഹീറ്റ് റാഷിലേക്ക് നയിക്കുകയും ചർമ്മത്തിൽ കൂടുതൽ ചുവന്ന് തടിച്ച പാടുകൾക്കും ചൊറിച്ചിലിനും കാരണമാകുകയും ചെയ്യും. വേനൽക്കാലത്ത് കൊതുകുകളും മറ്റ് ചെറിയ പ്രാണികളും കടിക്കുന്നതും ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കും.
ഓട്സ് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് ചർമ്മത്തിൽ തേച്ചു കുളിക്കുന്നത് ചൊറിച്ചിൽ അകറ്റാൻ സഹായിക്കും. ഇത് നിങ്ങളുടെ ചർമ്മത്തെ ഫ്രഷ് ആക്കി വയ്ക്കുകയും ഒപ്പം ചൊറിച്ചിലിനുള്ള കാരണങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു.
ചൊറിച്ചിലുള്ള ശരീരഭാഗങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടുന്നതും ആശ്വാസം നൽകിയേക്കും. നിരവധി ചർമ്മരോഗങ്ങൾക്കുള്ള പ്രതിവിധിയാണ് കറ്റാർവാഴ ജെല്ല്. ചൊറിച്ചിൽ ഉള്ള ഭാഗം നന്നായി കഴുകി അതിനുശേഷം അവിടെ കറ്റാർവാഴ ജെല്ല് തേച്ചുകൊടുക്കുകയാണ് വേണ്ടത്.
ആപ്പിൾ സിഡർ വിനഗർ വെള്ളത്തിൽ ലയിപ്പിച്ച് ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ പുരട്ടിയാലും ചൊറിച്ചിലിന് ശമനം ഉണ്ടായേക്കും. ആപ്പിൾ സിഡെർ വിനെഗറിന് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചൊറിച്ചിൽ ലഘൂകരിക്കാനും ചർമ്മത്തിൽ തടിപ്പ് ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.
ചൊറിച്ചിൽ ഉള്ള ചർമ്മത്തിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും വളരെ നല്ല ഒരു മാർഗ്ഗമാണ്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചൊറിച്ചിൽ ശമിപ്പിക്കുകയും ചെയ്യും. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വേനൽക്കാലത്ത് വരൾച്ച, സൂര്യാതപം അല്ലെങ്കിൽ പ്രാണികളുടെ കടി മൂലമുണ്ടാകുന്ന ചൊറിച്ചിൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. ഇതിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധ തടയാനും ചർമ്മത്തിന്റെ രോഗശാന്തി നൽകുന്നതിനും സഹായിക്കുന്നു.
ഇത്രയും പൊടിക്കൈകൾ ഒക്കെ ചെയ്തിട്ടും നിങ്ങളുടെ ചൊറിച്ചിലിന് കുറവില്ലെങ്കിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടുന്നതാണ് ഉത്തമം.