editorial
ചര്‍മമല്ല, മനസ്സാണ് തിളങ്ങേണ്ടത്
ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ല തൊലിനിറം. ഇതിനെ ആശ്രയിച്ചല്ല ഒരാളുടെ വ്യക്തിത്വവും മഹത്വവും അളക്കപ്പെടുന്നത്. മറിച്ച് സ്വഭാവത്തെയും പെരുമാറ്റത്തെയും പ്രവര്‍ത്തനങ്ങളെയും സമൂഹത്തിന് അവര്‍ നല്‍കുന്ന സംഭാവനകളെയുമെല്ലാം അടിസ്ഥാനമാക്കിയാണ.്

പുരോഗമന കേരളം, നവോത്ഥാന കേരളം എന്നൊക്കെയാണ് നമ്മുടെ സംസ്ഥാനം വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും വര്‍ണവിവേചന മനസ്സ് രൂഢമൂലമാണ് കേരളീയ സമൂഹത്തിലെന്ന് വ്യക്തമാക്കുന്നതാണ് തൊലിയുടെ നിറത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വെളിപ്പെടുത്തല്‍. തന്നെ കാണാന്‍ വീട്ടിലെത്തിയ ഒരു സുഹൃത്ത് നടത്തിയ പരാമര്‍ശം വെളിപ്പെടുത്തിക്കൊണ്ടാണ്, കാലങ്ങളായി തൊലിനിറം കറുപ്പായിപ്പോയതിനെ ചൊല്ലി അനുഭവിക്കുന്ന അധിക്ഷേപങ്ങളും വിവേചനവും അവര്‍ തുറന്നു പറഞ്ഞത്. “വെളുത്ത ചീഫ് സെക്രട്ടറിക്കു പകരം ഇപ്പോള്‍ കറുത്ത ചീഫ് സെക്രട്ടറിയായ’ല്ലോ എന്നായിരുന്നുവത്രെ സുഹൃത്തിന്റെ കമന്റ്. ചീഫ് സെക്രട്ടറിയുടെ സുഹൃത്തെന്നു പറയുമ്പോള്‍ ഒരു സാധാരണക്കാരനാകാന്‍ സാധ്യതയില്ല ഈ പരാമര്‍ശം നടത്തിയ വ്യക്തി. വിദ്യാസമ്പന്നനും, ഉദ്യോഗതലത്തിലും സാമൂഹികതലത്തിലും ഉയര്‍ന്ന പദവിയിലിരിക്കുന്ന ആളായിരിക്കാനാണ് സാധ്യത. ഇത്തരക്കാരുടെ പോലും മനസ്സ് വര്‍ണ-വിവേചന ചിന്തകളില്‍ നിന്ന് മുക്തമല്ല.
ചീഫ് സെക്രട്ടറിയായി ചാര്‍ജെടുത്തത് മുതല്‍ നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തന്റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തൊലിനിറം താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പോസ്റ്റുകള്‍ വരാറുണ്ടെന്നും ശാരദാ മുരളീധരന്‍ പറയുന്നു. ഇത്തരം പരിഹാസവും അധിക്ഷേപവും പുതിയ വാര്‍ത്തയല്ല കേരളത്തില്‍. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പലരും നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. പ്രശസ്്ത മോഹിനിയാട്ട നര്‍ത്തകനായ എല്‍ ആര്‍ വി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ വിമര്‍ശിച്ചത് വന്‍ വിവാദമായതാണ്. “വെളുത്ത സുന്ദരികളാണ് മോഹിനിയാട്ടം ആടേണ്ടതെന്നും കറുത്തവര്‍ ആടുന്നത് അരോചക’മാണെന്നുമായിരുന്നു സത്യഭാമയുടെ അധിക്ഷേപം.
നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞ് എം ജി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ എം എ റാങ്ക് ഹോള്‍ഡറാകുകയും കലാമണ്ഡലത്തില്‍ നിന്ന് എംഫില്‍ ടോപ് സ്‌കോററായി പാസ്സാകുകയും ചെയ്ത ഒരു കലാകാരനുണ്ടായ അനുഭവമാണിത്. തൊലിനിറം വെളുപ്പല്ലാത്തതിന്റെ പേരില്‍ സ്‌കൂളിലും കുടുംബത്തിലും അധിക്ഷേപം നേരിടുന്ന കുട്ടികള്‍ ധാരാളം. “കറുമ്പന്‍’ എന്നാണ് തൊലിനിറം അല്‍പ്പം മങ്ങിപ്പോയ കുട്ടികളെ സഹപാഠികള്‍ വിളിക്കാറുള്ളത്. എത്രമാത്രം മാനസിക പീഡനമായിരിക്കും ആ കുഞ്ഞുങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകുക.
അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ നേതാവായ മാര്‍ട്ടിന്‍ ലൂതര്‍കിംഗ് ഒരിക്കല്‍ പറഞ്ഞു. “എനിക്കൊരു സ്വപ്‌നമുണ്ട്. ഒരു ദിവസം എന്റെ നാല് കുഞ്ഞുങ്ങള്‍ അവരുടെ തൊലിയുടെ നിറം നോക്കിയല്ലാതെ, അവരുടെ സ്വഭാവത്തിന്റെ ഉള്ളടക്കം നോക്കി വിലയിരുത്തപ്പെടുന്ന രാജ്യത്ത് ജീവിക്കണമെന്ന സ്വപ്‌നം’. കേരളത്തിലും ധാരാളം പേരുണ്ട് മാര്‍ട്ടിന്‍ ലൂതര്‍കിംഗിന്റെ ഈ മാനസിക വ്യഥ അനുഭവിക്കുന്നവര്‍.
തൊലിനിറത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരു വ്യക്തിക്കെതിരെയും ഒരു രംഗത്തും വിവേചനവും അവമതിപ്പും പാടില്ലെന്നാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത്. നിറത്തിന്റെ പേരില്‍ തൊഴില്‍ സ്ഥാപനങ്ങളിലോ മറ്റു മേഖലകളിലോ ഒരാള്‍ക്കും അവസരം നഷ്ടമാകരുതെന്നും ഭരണഘടന നിര്‍ദേശിക്കുന്നു. ധാർമിക-പുരോഗമന ചിന്തകള്‍ ഇതിന് അടിവരയിടുകയും ചെയ്യുന്നു. എങ്കിലും നിറത്തിന്റെ പേരില്‍ വിവിധ മേഖലകളില്‍ അവസരം നിഷേധിക്കപ്പെടുന്നതും തഴയപ്പെടുന്നതും പതിവുവാര്‍ത്തയാണ്. മനുഷ്യരുടെ ശരീരത്തിന്റെ നിറം ചിലരുടേത് വെളുപ്പായിരിക്കും. ചിലരുടേത് കറുപ്പായിരിക്കും. ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ല തൊലിനിറം. ഇതിനെ ആശ്രയിച്ചല്ല ഒരാളുടെ വ്യക്തിത്വവും മഹത്വവും അളക്കപ്പെടുന്നത്. മറിച്ച് സ്വഭാവത്തെയും പെരുമാറ്റത്തെയും പ്രവര്‍ത്തനങ്ങളെയും സമൂഹത്തിന് അവര്‍ നല്‍കുന്ന സംഭാവനകളെയുമെല്ലാം അടിസ്ഥാനമാക്കിയാണ.് വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ ശരീര നിറത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു മഹത്വവുമില്ലെന്ന പ്രവാചകര്‍ മുഹമ്മദ് (സ)യുടെ പ്രഖ്യാപനം ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. ഈ നയവും കാഴ്ചപ്പാടുമാണ് നമ്മുടെ ഭരണഘടന ഉള്‍ക്കൊള്ളുന്നത്.
വര്‍ണവിവേചനം അഥവാ വംശത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഗുണത്തിലും കഴിവിലും വ്യത്യാസമുണ്ടെന്ന മിഥ്യാധാരണ ലോകത്ത് എല്ലാ ജനതയിലും നിലിനില്‍ക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യത്ത് ഇപ്പോഴും രൂഢമൂലമായ ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിന്റെ ഭാഗമാണ് വര്‍ണവിവേചനം. “വര്‍ണധര്‍മം ഈശ്വര നിശ്ചയവും അലംഘനീയ വ്യവസ്ഥയുമാണ്. ഈശ്വരന്‍ ഏര്‍പ്പെടുത്തിയ ഈ വ്യവസ്ഥ പാലിക്കേണ്ടത് മനുഷ്യ ധര്‍മമാണ്. ആ സ്വതസിദ്ധ ധര്‍മത്തെ നിരാകരിക്കാവതല്ലെ’ന്ന് സിദ്ധാന്തിച്ചു കൊണ്ട് ഭഗവത് ഗീത (ശ്ലോകം 13) വര്‍ണസിദ്ധാന്തത്തിന് സ്ഥിരീകരണം നല്‍കുന്നത് കാണാം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സ്വാധീനമാണ് ശാരദാ മുരളീധരന്‍ അനുഭവിച്ച അധിക്ഷേപമെന്ന് സി പി ഐ ദേശീയ നേതാവ് ആനി രാജ വിലയിരുത്തുകയുണ്ടായി.
വിവാഹ കമ്പോളത്തില്‍, സൗന്ദര്യമത്സരത്തില്‍, റിസപ്ഷനിസ്റ്റ് തുടങ്ങിയ ജോലികളില്‍ എന്നിങ്ങനെ എല്ലായിടത്തും കറുപ്പിനെ നിരാകരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ലോകത്ത് പൊതുവെ. ഒരു കുഞ്ഞ് ജനിച്ച് പുറത്തുവരാനിരിക്കുമ്പോള്‍ തന്നെ നിറം കറുപ്പാകുമോ എന്ന് മാതാപിതാക്കളും കുടുംബങ്ങളും ആശങ്കപ്പെടുന്ന സാഹചര്യം. തൊലി നിറമല്ല, മനസ്സിന്റെ നിറമാണ് ശ്രേഷ്ഠതയുടെയും ഉന്നത വ്യക്തിത്വത്തിന്റെയും മാനദണ്ഡമെന്ന് മനുഷ്യ വര്‍ഗത്തെ ബോധ്യപ്പെടുത്താന്‍ കെല്‍പ്പുറ്റ പ്രത്യയ ശാസ്ത്രത്തിനും നവോത്ഥാന പ്രസ്ഥാനത്തിനും മാത്രമേ ഇതിനൊരു മാറ്റം വരുത്താനാകുകയുള്ളൂ. മുഹമ്മദ് നബി(സ) മാത്രമാണ് വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ സമ്പൂര്‍ണ വിജയം കൈവരിച്ചതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.