articles
വിദ്വേഷത്തിന് പൂട്ടിടാനുള്ള സമയമിതാണ്
കഴിഞ്ഞ പതിറ്റാണ്ടിനിടെ രാജ്യം എത്രയോ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടു. പറഞ്ഞിട്ടെന്തു കാര്യം, ഇന്ത്യന്‍ നിയമ സംവിധാനം ഹെയ്റ്റ് സ്പീച്ചിനെ ഇതുവരെ സവിശേഷ പ്രാധാന്യത്തോടെ അഡ്രസ്സ് ചെയ്യുകയോ നിയമപരമായി നിര്‍വചിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷം ജനിപ്പിക്കുന്ന ഏത് പ്രസംഗവും ഹെയ്റ്റ് സ്പീച്ചാണെന്ന് സാമാന്യമായി പറയാം.
ആദ്യമായി മുസ്‌ലിം പ്രാതിനിധ്യം തീരേ ഇല്ലാത്ത മന്ത്രിസഭയുമായി തന്റെ മൂന്നാമൂഴത്തിന് തുടക്കമിട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി തനിച്ച് കേവല ഭൂരിപക്ഷം നേടിയിരുന്ന കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും സര്‍ക്കാര്‍ രൂപവത്കരിച്ചപ്പോള്‍ “ദേശീയ മുസ്‌ലിം’കളില്‍ നിന്ന് ആരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തവണ അത് വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍. നാനൂറ് സീറ്റിനായിരുന്നു ദാഹം. എന്നാല്‍ ബി ജെ പിക്ക് സ്വന്തമായി കേവല ഭൂരിപക്ഷത്തില്‍ പോലും തൊടാന്‍ കഴിയാതെ അവസാനിപ്പിക്കേണ്ടി വന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനൊടുവില്‍ എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടുപോകാനുള്ള പ്രേരണയുണ്ടാകുക സ്വാഭാവികമാണ്. എന്തുവന്നാലും സര്‍ക്കാര്‍ താഴെ വീഴാതെ നോക്കേണ്ട ഒരധിക ചുമതല കൂടിയുണ്ട് ഈ മൂന്നാം വരവിന് എന്നിരിക്കെ ഒരു മുസ്‌ലിം നാമധാരിക്കും മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
മുസ്‌ലിം വോട്ടുകള്‍ മതേതര കക്ഷികള്‍ക്കിടയില്‍ ചിതറിപ്പോകുക വഴി തങ്ങളുടെ വിജയം എളുപ്പമാകുന്ന പതിവിന് ഇത്തവണ ഏറെക്കുറെ അറുതിവന്നു എന്ന ബോധ്യം മറ്റാരേക്കാളും ബി ജെ പിക്ക് ഉണ്ടായിട്ടുണ്ട്. ഉത്തര്‍ പ്രദേശ് അതിന് മികച്ച ദൃഷ്ടാന്തവുമായി. യു പിയിലെ ബി ജെ പിയുടെ ഉരുക്കുകോട്ടകളില്‍ പലതും നിലംപൊത്തി. ന്യൂനപക്ഷ വോട്ടുകള്‍ “ഇന്ത്യ’ മുന്നണിയില്‍ കേന്ദ്രീകരിച്ചത് ഇതിന് പ്രധാന കാരണമായി. ഉത്തര്‍ പ്രദേശില്‍ ഒരു കാലത്ത് പ്രബല രാഷ്ട്രീയ കക്ഷിയായിരിക്കുകയും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുക വഴി പത്ത് സീറ്റുകളില്‍ വിജയിക്കുകയും ചെയ്ത ബി എസ് പി ഇത്തവണ മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു പോകാനുള്ള ചേരുവകളൊക്കെയൊരുക്കിയിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ജാഗ്രതയുടെ കൂടി ഫലമാണ് ഇപ്പരുവത്തിലൊരു സര്‍ക്കാറെന്ന് തിരിച്ചറിയുന്ന ബി ജെ പി മന്ത്രിസഭയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് ആരും വേണ്ടെന്ന് തീരുമാനിച്ചതില്‍ അത്ഭുതപ്പെടാനില്ല.
രാജ്യചരിത്രത്തില്‍ ഇല്ലാത്ത വിധം പ്രധാനമന്ത്രി തന്നെ കടുത്ത വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പൊതുതിരഞ്ഞെടുപ്പായിരുന്നല്ലോ കടന്നുപോയത്. ജനസംഖ്യയില്‍ ഇരുനൂറ് മില്യനിലധികം വരുന്ന, രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗത്തെ സംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉപയോഗിച്ച വാക്കുകള്‍ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളെ വേദനിപ്പിച്ചു എന്നും പറയുന്നുണ്ട് തിരഞ്ഞെടുപ്പ് ഫലം. ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നിന്നാണ് രാജ്യത്തിന്റെ പ്രധാന സേവകന്‍ ഒരു വിഭാഗത്തെ രാക്ഷസവത്കരിക്കുന്ന വിധത്തിലുള്ള കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവില്‍ തുടക്കമിട്ടത് എന്നോര്‍ക്കണം. അതായത് ഏപ്രില്‍ 19ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ കാറ്റിന്റെ ഗതി അനുകൂലമല്ലെന്ന് കണ്ട് കുടംപൊട്ടിച്ച് പുറത്തിറക്കിയ ഭൂതമായിരുന്നു മുസ്‌ലിം വിദ്വേഷം.
എന്നാല്‍ രാജ്യം അതൊന്നും മുഖവിലക്കെടുത്തില്ല. തിരഞ്ഞെടുപ്പാനന്തരം ഘടക കക്ഷികളെ കണ്ടും കേട്ടും സര്‍ക്കാറുണ്ടാക്കുമ്പോള്‍ ഒരു മുസ്‌ലിമിനെ പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള ധാര്‍മിക പ്രതിസന്ധിയും മറ്റൊരു തരത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. തെളിച്ച് പറഞ്ഞാല്‍ “നുഴഞ്ഞുകയറ്റക്കാരെയും ജനസംഖ്യാ പെരുപ്പമുണ്ടാക്കുന്നവരെയും’ എങ്ങനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതിസന്ധി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തെന്നാലും അത്രയെളുപ്പം മായ്ഞ്ഞു പോകാത്ത വര്‍ഗീയ വിഭജന തന്ത്രമാണ് ഒരു വിഭാഗത്തെ കൃത്യമായി സംബോധന ചെയ്തു കൊണ്ടുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെ പ്രധാനമന്ത്രി പയറ്റിയത്. അത് ഇപ്പോള്‍ വിജയിച്ചില്ലെങ്കിലും വര്‍ഗീയാഗ്നി ആളിക്കത്തിപ്പടരാനുള്ള ഇന്ധനം നിറച്ച ബോംബുകളാണ് ഓരോ വിദ്വേഷ പ്രസംഗവും എന്നതിനാല്‍ വിഭജന രാഷ്ട്രീയത്തെ ഭരണഘടനാപരമായി പരിശോധിച്ച് കൊണ്ട് മുന്നോട്ട് പോകുകയെന്നത് തന്നെ ഒരു ജനാധിപത്യ പ്രതിരോധമാണ്.
കഴിഞ്ഞ പതിറ്റാണ്ടിനിടെ രാജ്യം എത്രയോ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടു. പറഞ്ഞിട്ടെന്തു കാര്യം, ഇന്ത്യന്‍ നിയമ സംവിധാനം ഹെയ്റ്റ് സ്പീച്ചിനെ ഇതുവരെ സവിശേഷ പ്രാധാന്യത്തോടെ അഡ്രസ്സ് ചെയ്യുകയോ നിയമപരമായി നിര്‍വചിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷം ജനിപ്പിക്കുന്ന ഏത് പ്രസംഗവും ഹെയ്റ്റ് സ്പീച്ചാണെന്ന് സാമാന്യമായി പറയാം.
267ാം ലോ കമ്മീഷന്‍ റിപോര്‍ട്ട് വിദ്വേഷ പ്രസംഗത്തെ നിയമപരമായ സൂക്ഷ്മ പരിശോധന നടത്തുന്നതായിരുന്നു. പ്രസ്തുത റിപോര്‍ട്ട് വിദ്വേഷ പ്രസംഗത്തെ അളക്കുന്നതില്‍ കോടതികള്‍ക്ക് ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചു. പ്രസംഗത്തിന്റെ തീവ്രത, പ്രകോപന സ്വഭാവം, പ്രസംഗകന്റെ സാമൂഹിക പദവി, ഇരയുടെ സാമൂഹിക പദവി, പ്രസംഗത്തിന്റെ പ്രതിലോമ ഉത്പാദനക്ഷമത, പ്രസംഗത്തിന്റെ പശ്ചാത്തലം എന്നിവയായിരുന്നു കമ്മീഷന്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍.
ഭരണഘടനയുടെ 19(1)(എ) അനുഛേദം വകവെച്ചു നല്‍കുന്ന മൗലികാവകാശമാണ് അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം. അതൊരു നിരുപാധിക അവകാശമല്ല. ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് പ്രസ്തുത മൗലികാവകാശം. ക്രമസമാധാനം, കുറ്റ പ്രേരണ, രാജ്യസുരക്ഷ എന്നിവക്ക് വിധേയമായി മാത്രമേ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം അവകാശമായി മാറുന്നുള്ളൂ. വിദ്വേഷ പ്രസംഗത്തെ ഭരണഘടനാ പരിരക്ഷ ലഭിക്കുന്ന മൗലികാവകാശമായി കണക്കാക്കാന്‍ പഴുതില്ലെന്ന് ചുരുക്കം. 2015ലെ ശ്രേയ സിംഗാള്‍ കേസില്‍ അക്കാര്യം ഓര്‍മപ്പെടുത്തുന്നുണ്ട് സുപ്രീം കോടതി. ആശയ വിനിമയ മാര്‍ഗത്തിലൂടെ കുറ്റകരമായ സന്ദേശങ്ങള്‍ അയക്കുന്നതിനെ ശിക്ഷിക്കുന്ന ഐ ടി ആക്ടിലെ 66ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച പരമോന്നത കോടതി മുന്നോട്ടുവെച്ച ചില നിരീക്ഷണങ്ങള്‍ പ്രധാനമായിരുന്നു. ചര്‍ച്ചയുടെയോ ഉപദേശത്തിന്റെയോ രൂപത്തിലുള്ള അഭിപ്രായ പ്രകടനം 19ാം അനുഛേദത്തിന്റെ സംരക്ഷണമുള്ളതാണ്. എന്നാല്‍ അത്തരത്തില്‍ തുടങ്ങുകയും ക്രമേണ പ്രകോപനമായി വികസിക്കുകയും ചെയ്യുന്നതിന് ഭരണഘടനാപരമായ സംരക്ഷണമില്ലെന്ന് പറയുകയായിരുന്നു നീതിപീഠം.
2020ലെ അമിശ് ദേവ്ഗണ്‍ കേസില്‍ സ്വാധീനശക്തിയുള്ള വ്യക്തികള്‍ അവരുടെ റീച്ച് പരിഗണിച്ച് പ്രസംഗങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത് നമ്മുടെ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ശരിയായ സംഗതിയാണ്. സംഘ്പരിവാര്‍ പരീക്ഷണശാലയായ ഉത്തര്‍ പ്രദേശിലടക്കം ഇസ്‌ലാമോഫോബിയക്ക് വലിയ ഡിമാന്‍ഡില്ലെന്ന് കണ്ട സ്ഥിതിക്ക് ആര്‍ക്കും ഇനി മാറി ചിന്തിക്കാവുന്നതേയുള്ളൂ. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമപരമായ ഇടപെടലുകള്‍ സമാന്തരമായും ഉണ്ടാകട്ടെ. അങ്ങനെ മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം പറഞ്ഞും പ്രയോഗിച്ചും രാജ്യം രക്ഷപ്രാപിക്കട്ടെ.