Kerala
വയനാട് കേണിച്ചിറയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെക്കാന്‍ തീരുമാനം
കൂട് വെച്ച് പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടാലാണ് മയക്കുവെടി വെക്കുക.
കല്‍പ്പറ്റ | മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കൊന്ന് വയനാട് കേണിച്ചിറയില്‍ പരിഭ്രാന്തി പരത്തുന്ന തോല്‍പ്പെട്ടി 17 എന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനം. കൂട് വെച്ച് പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ മയക്കുവെടി വെക്കാനാണ് നീക്കം. ഇതുസംബന്ധിച്ച ഉത്തരവ് വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ചു.
ആദ്യ ശ്രമമെന്ന നിലയില്‍ മേഖലയിലെ വിവിധയിടങ്ങളില്‍ കൂട് സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. ദൗത്യം വിജയിച്ചില്ലെങ്കില്‍ മയക്കുവെടി വെക്കും. നിലവില്‍ രണ്ടിടത്താണ് കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആര്‍ ആര്‍ ടി സംഘവും സ്ഥലത്തുണ്ട്. പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ അനുമതി നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
ഇന്നലെ രാത്രി മാത്രം മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തില്‍ കയറിയാണ് കടുവ പശുക്കളെ ആക്രമിച്ചത്. കിഴക്കേല്‍ സാബുവിന്റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി കടുവ കൊന്നിരുന്നു.