Kerala
സ്‌കൂള്‍ ബസിന് ബ്രേക്കിനും എന്‍ജിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍; ഡ്രൈവര്‍ക്കെതിരെ നരഹത്യാ കുറ്റം
അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രഥമിക നിഗമനം

കണ്ണൂര്‍ | കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് ബ്രേക്കിനും എന്‍ജിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് എം വി ഡിയുടെ പ്രഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി.
ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുണ്ടെന്നും എം വി ഐ ഉദ്യോഗസ്ഥന്‍ റിയാസ് പറഞ്ഞു. ബ്രേക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന ഡ്രൈവറുടെ വാദം അദ്ദേഹം തള്ളിക്കളഞ്ഞു. അശാസ്ത്രീയമായി നിര്‍മിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. അപകടത്തില്‍ മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂര്‍ ചിന്മയ യു പി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. അപകടത്തില്‍ പരിക്കേറ്റ പതിനെട്ട് കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവര്‍ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നുമാണ് ഡ്രൈവര്‍ നിസാം വെളിപ്പെടുത്തിയിരുന്നത്.