Kerala
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിലച്ചിട്ട് ഇന്നേക്ക് അഞ്ച് ദിവസം; രോഗികളും ഡോക്ടര്‍മാരും ആശങ്കയില്‍
ജീവന്‍ രക്ഷാമരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, തുടങ്ങിയവ വിതരണം ചെയ്തത വകയില്‍ 75കോടിയിലധികം രൂപയാണ് വിതരണക്കാര്‍ക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കാനുള്ളത്.
കോഴിക്കോട്| മരുന്ന് വിതരണക്കാരുടെ കമ്പനിക്ക് കുടിശ്ശിക നല്‍കാത്തതിനെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിലച്ചിട്ട് ഇന്നേക്ക് അഞ്ച് ദിവസം. മരുന്ന് വിതരണം വിതരണക്കാര്‍ നിര്‍ത്തിയതോടെ രോഗികളും ഡോക്ടര്‍മാരും ആശങ്കയിലാണ്. പത്താം തീയതി മുതലാണ് വിതരണക്കാര്‍ മരുന്ന് വിതരണം നിര്‍ത്തിയത്. 75 കോടി രൂപ കുടിശ്ശികയായിട്ടും ഒന്നും കൊടുത്ത് തീര്‍ക്കാതെ വന്നതോടെയായിരുന്നു നടപടി.
ജീവന്‍ രക്ഷാമരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, തുടങ്ങിയവ വിതരണം ചെയ്തത വകയില്‍ 75കോടിയിലധികം രൂപയാണ് വിതരണക്കാര്‍ക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കാനുള്ളത്. മരുന്ന് വിതരണം നിര്‍ത്തിയ ആദ്യ ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് എച്ച്.ഡി.എസ് ഫാര്‍മസിയിലെ മരുന്നുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്നലെയോടെ മരുന്നുകള്‍ പൂര്‍ണമായും തീര്‍ന്ന അവസ്ഥയാണ്. മെഡിക്കല്‍ കോളജില്‍ നിന്ന് മരുന്ന് കിട്ടാതായതോടെ പുറത്തുനിന്നും വലിയ തുക നല്‍കി മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍.
ഓര്‍ത്തോ വിഭാഗത്തില്‍ നടക്കേണ്ടിയിരുന്ന മുട്ട്, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞ ദിവസം മാറ്റിവച്ചു. സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ ലഭിക്കാതായതോടെ നൂറു കണക്കിന് ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഏകദേശം 75 ഓളം വിതരണക്കാരാണ് മെഡിക്കല്‍ കോളജിലേക്ക് മരുന്ന് വിതരണം നടത്തുന്നത്.
എട്ട് മാസത്തെ കുടിശ്ശികയാണ് വിതരണക്കാര്‍ക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കാനുള്ളത്. കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ കലക്ടര്‍ പ്രശ്‌നങ്ങള്‍ കേട്ടതായും ബന്ധപ്പെട്ടവരെ വിവരങ്ങള്‍ അറിയിക്കാമെന്ന് ഉറപ്പ് നല്‍കിയതായും മരുന്ന് വിതരണക്കാര്‍ പറയുന്നു. 2023 ഡിസംബര്‍ വരെയുള്ള കുടിശ്ശിക മാര്‍ച്ച് 31നുള്ളില്‍ ലഭിക്കുമെന്ന ഉറപ്പ് കിട്ടിയാലേ മരുന്ന് വിതരണം വീണ്ടും തുടങ്ങുകയുള്ളൂ എന്ന് കാണിച്ച് ആരോഗ്യ മന്ത്രിക്കും മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും വിതരണക്കാര്‍ കത്തയച്ചിട്ടുണ്ട്.